-->
പയ്യന്നൂര്‍ ഗവ.ഫിഷറീസ് കോളേജ് താല്‍ക്കാലികമായി തളിപ്പറമ്പിലേക്ക് മാറ്റാന്‍ നീക്കം. നിലവില്‍ പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപം വാടകകെട്ടിടത്തിലാണ് ഫിഷറീസ് കോളേജ് പ്രവര്‍ത്തിക്കുന്നത്. കൊച്ചി പനങ്ങാട് ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള യൂണിവേഴ്‌സിറ്റിഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്‌റ്റഡീസിന് കീഴില്‍(കുഫോസ്)ആരംഭിച്ച ആദ്യത്തെ കോളേജാണിത്.
2023 ഏപ്രില്‍ മൂന്നിന് മുഖ്യമന്ത്രിയാണ് കോളേജ് ഉദ്‌ഘാടനം ചെയ്‌തത്. അമ്പലം റോഡിലെ പഴയ വൃന്ദാവന്‍ ഓഡിറ്റോറിയത്തിലാണ് കോളേജ് പ്രവര്‍ത്തിച്ചുവരുന്നത്. ഇപ്പോള്‍ നാലാമത് ബാച്ചിലേത് ഉള്‍പ്പെടെ 160 കുട്ടികളാണ് കോളേജില്‍ പഠിക്കുന്നത്. അഞ്ച് വര്‍ഷത്തേക്ക് വാടകക്ക് എടുത്ത കെട്ടിടമാണെങ്കിലും സൗകര്യകുറവുകാരണമാണ് കോളജ് താല്‍ക്കാലികമായി മാറ്റുവാന്‍ കുഫോസ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു കോടി രൂപയോളം ചെലവഴിച്ചാണ് പയ്യന്നൂരില്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങിയത്. സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിനായി കോറോം വില്ലേജില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്ത് 12 ഏക്കര്‍ സ്‌ഥലം കണ്ടെത്തി സര്‍വകലാശാലക്ക് കൈമാറിയിട്ടുണ്ടെങ്കിലും അവിടെ കെട്ടിടനിര്‍മ്മാണ നടപടികളൊന്നും ആരംഭിച്ചിട്ടില്ല. തളിപ്പറമ്പില്‍ കോളേജ് അധികൃതര്‍ വിശാലമായ കാമ്പസിന് വാടകക്ക് സ്‌ഥലം നോക്കിക്കഴിഞ്ഞു. കെട്ടിടം ഉടമകളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഏപ്രില്‍ മാസത്തോടെ കോളേജ് പുതിയ സ്വന്തം കെട്ടിടം ഒരുങ്ങുന്നതുവരെ തളിപ്പറമ്പിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കും.
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്