Wednesday, March 11, 2026 Last Updated 28 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 04.41 AM

തൊട്ടില്‍പ്പാലം റൂട്ടില്‍ രാത്രിയില്‍ ദുരിതയാത്ര

uploads/news/2026/02/826153/1.jpg

തൊട്ടില്‍പ്പാലം ഡിപ്പോയിലേക്ക്‌ രാത്രികാല ബസ്‌ സര്‍വീസുകളുടെ കുറവ്‌ യാത്രക്കാരെ കടുത്ത ബുദ്ധിമുട്ടിലാക്കുന്നു. പകല്‍ സമയത്ത്‌ നിരവധി ബസുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ടെങ്കിലും, രാത്രിയോടെ അവയുടെ എണ്ണം ഗണ്യമായി കുറയുന്നതാണ്‌ യാത്രക്കാരുടെ പ്രധാന പരാതി. പകല്‍ സമയങ്ങളില്‍ തൊട്ടില്‍പ്പാലം ഭാഗത്തേക്കുള്ള ബസുകളില്‍ തിരക്ക്‌ വളരെ കുറവാണെങ്കിലും, അതേ ബസുകള്‍ രാത്രി സര്‍വീസിന്‌ ഉപയോഗിക്കാത്തതെന്തെന്ന്‌ യാത്രക്കാര്‍ ചോദിക്കുന്നു.
രാത്രി 9.50നുള്ള ബസ്‌ കഴിഞ്ഞാല്‍ അടുത്ത സര്‍വീസ്‌ 10.30നാണുള്ളത്‌. ഗുരുവായൂരില്‍ നിന്ന്‌ വരുന്ന 9.50നുള്ള ബസ്‌ ലഭിക്കാത്ത ദിവസങ്ങളില്‍ 10.30നുള്ള ബസില്‍ രണ്ട്‌ ബസുകള്‍ക്ക്‌ തുല്യമായ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. ഇതോടെ ദൂരയാത്രക്കാരില്‍ ചിലര്‍ക്ക്‌ ബസില്‍ കയറാന്‍ പോലും സാധിക്കാത്ത സാഹചര്യം ഉണ്ടാകുന്നുവെന്നാണ്‌ പരാതി. പ്രത്യേകിച്ച്‌ അവധി ദിവസങ്ങളില്‍ പതിവിലേറെ യാത്രക്കാരാണ്‌ ഈ റൂട്ടില്‍ ആശ്രയിക്കുന്നത്‌. എന്നാല്‍ സര്‍വീസുകളുടെ കുറവ്‌ കാരണം വലിയ തിരക്കും അനിശ്‌ചിതത്വവും നേരിടേണ്ടിവരുന്നു. ജോലി കഴിഞ്ഞ്‌ മടങ്ങുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങളുമായി യാത്ര ചെയ്ുയന്നവര്‍ക്കും വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്‌.
കുറ്റിയാടി തൊട്ടില്‍പ്പാലം റൂട്ടില്‍ കുറഞ്ഞത്‌ അരമണിക്കൂര്‍ ഇടവിട്ട്‌ എങ്കിലും ബസ്‌ അനുവദിക്കണമെന്നാണ്‌ യാത്രക്കാരുടെ പ്രധാന ആവശ്യം. സ്‌ഥിരമായ ഇടവേളകളില്‍ സര്‍വീസ്‌ ഉണ്ടെങ്കില്‍ തിരക്ക്‌ കുറയ്‌ക്കാനും യാത്രാസൗകര്യം മെച്ചപ്പെടുത്താനും സാധിക്കുമെന്ന്‌ അവര്‍ പറയുന്നു. സൂപ്പര്‍ ഫാസ്‌റ്റോ സ്വിഫ്‌റ്റ് സര്‍വീസുകളോ അനുവദിക്കേണ്ടതില്ല. കുറഞ്ഞത്‌ ഓര്‍ഡിനറി ബസ്‌ സര്‍വീസുകള്‍ എങ്കിലും വര്‍ധിപ്പിക്കണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം. അടിസ്‌ഥാന യാത്രാസൗകര്യം ഉറപ്പാക്കുകയാണ്‌ ഇപ്പോള്‍ ഏറ്റവും അത്യാവശ്യമെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു.
കേരള സ്‌റ്റേറ്റ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ അധികൃതര്‍ ഈ സാഹചര്യം പരിഗണിച്ച്‌ സേവനങ്ങള്‍ പുനഃക്രമീകരിക്കണമെന്നാണ്‌ പൊതുജനങ്ങളുടെ ആവശ്യം. പകല്‍ സമയത്ത്‌ താരതമ്യേന കുറഞ്ഞ തിരക്കോടെ ഓടുന്ന ബസുകള്‍ രാത്രിയില്‍ വിന്യസിക്കാനാകില്ലേ എന്ന ചോദ്യവും ഉയരുകയാണ്‌. നിലവിലെ സാഹചര്യത്തില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട്‌ കണക്കിലെടുത്ത്‌ സര്‍ക്കാര്‍ അനുകൂലമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ്‌ യാത്രക്കാര്‍. രാത്രികാല യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നത്‌ ജനങ്ങളുടെ ദൈനംദിന ജീവിതം കൂടുതല്‍ സുഖകരമാക്കുമെന്നാണ്‌ അവരുടെ പ്രതീക്ഷ.
കോഴിക്കോട്‌ ജില്ലയുടെ വടക്കു കിഴക്കന്‍ മേഖലയിലെ വിസ്‌തൃതമായ പ്രദേശങ്ങളിലേക്ക്‌ യാത്ര ചെയ്യാനെത്തുന്നവരാണ്‌ രാത്രി ആവശ്യത്തിന്‌ ബസില്ലാതെ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റേഷനില്‍ നക്ഷത്രമെണ്ണുന്നത്‌. കോഴിക്കോടിന്‌ വടക്ക്‌ കണ്ണൂര്‍, തലശേരി, വടകര ഭാഗങ്ങളിലേക്കും തെക്ക്‌ താനൂര്‍, തിരൂര്‍, കുറ്റിപ്പുറം മേഖലകളിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക്‌ ആവശ്യത്തിന്‌ ബസില്ലെങ്കിലും രാത്രിയില്‍ ട്രെയിന്‍ സൗകര്യമുണ്ട്‌. നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്ന പേരാമ്പ്ര, കുറ്റിയാടി, തൊട്ടില്‍പാലം, ഉള്ള്യേരി, നടുവണ്ണൂര്‍, അത്തോളി ഭാഗങ്ങളില്‍ നിന്നുള്ളവരാണ്‌ യാത്രാ സൗകര്യമില്ലാതെ പ്രയാസപ്പെടുന്നത്‌. മന്ത്രിയുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഈ വിഷയത്തിലിടപെടുന്നുമില്ല.
ശ്രുതി ജി.എസ്‌
കോഴിക്കോട്‌

Ads by Google
Advertisement
Thursday 19 Feb 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW