-->
കോട്ടയം: മദ്യലഹരിയില്‍ കാറോടിച്ച് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്ത സംഭവത്തെ തുടര്‍ന്ന് എസ്.എന്‍.ഡി.പി യോഗം തിരുവഞ്ചൂര്‍ ശാഖാ ഭാരവാഹികളെ ഡിവൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന് പരാതി. സംഭവത്തില്‍ തിരുവഞ്ചൂര്‍ ശാഖയുടെ എക്‌സിക്യൂട്ടീവ് അംഗം ടി.എം അനീഷ്, യൂത്ത്‌മൂവ്‌മെന്റ് സെക്രട്ടറി ഇ.എ അരുണ്‍ ഇടയാടില്‍ എന്നിവര്‍ക്ക് പരുക്കേറ്റു.
കഴിഞ്ഞ എട്ടിന് രാത്രി മണര്‍കാട് നാലുമണിക്കാറ്റിന് സമീപം പായിത്തറപ്പടിയിലാണ് സംഭവം. തിരുവഞ്ചൂര്‍ 3585ാം നമ്പര്‍ സി.കെ.എന്‍ മെമ്മോറിയല്‍ ശാഖയുടെ പേരില്‍ പണികഴിപ്പിച്ച കാത്തിരിപ്പു കേന്ദ്രമാണ് നീറിക്കാട് സ്വദേശി മദ്യലഹരിയില്‍ കാറോടിച്ച് തകര്‍ത്തത്.
അപകടം നടന്ന രാത്രിയില്‍ അയര്‍ക്കുന്നം സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സോണി അമയന്നൂരിന്റെ നേതൃത്വത്തില്‍ കാത്തിരിപ്പു കേന്ദ്രം തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട് വാക്കേറ്റം ഉണ്ടാകുകയും ശാഖാ ഭാരവാഹികളെ മര്‍ദിക്കുകയും ചെയ്‌തു. ഇതേതുടര്‍ന്ന്, ശാഖയുടെ നേതൃത്വത്തില്‍ മണര്‍കാട് പൊലീസില്‍ പരാതി നല്‍കി. ഇന്നലെ വൈകിട്ട് കാത്തിരിപ്പ് കേന്ദ്രം വിഷയത്തില്‍ സന്ധിസംഭാഷണത്തിനായി ഇരുകൂട്ടരെയും മണര്‍കാട് സേ്‌റ്റഷനില്‍ വിളിച്ചുവരുത്തി. തുടര്‍ന്ന്,കാത്തിരിപ്പ് കേന്ദ്രം രണ്ടാഴ്‌ച്ചയ്‌ക്കുള്ളില്‍ നിര്‍മ്മിച്ച് നല്‍കണമെന്ന് നീറിക്കാട് സ്വദേ ശിയോട് നിര്‍ദേശിക്കുകയും ചെയ്‌തു.
ശാഖാ ഭാരവാഹികളായ അനീഷും അരുണും സേ്‌റ്റഷനില്‍ നിന്നും പുറത്തിറങ്ങി കാറെടുത്ത് പോകവെ സമീപത്തെ പ്രാഥമികാശുപത്രിയ്‌ക്ക് സമീപം മറഞ്ഞിരുന്ന 15 ഓളം ഡിവൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി കാര്‍ തടഞ്ഞ് ചില്ല് അടിച്ചു തകര്‍ത്തു. ഇരുവരെയും ഇടിവള ഉപയോഗിച്ച് മര്‍ദിച്ച് അവശരാക്കിയ ശേഷം,അനീഷിന്റെ സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയും ചെയ്‌തു. മുഖത്തിനും കഴുത്തിനും തലയ്‌ക്കും പരിക്കേറ്റ ഇരുവരും ജില്ലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സതേടി. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശാഖയുടെ പേരിലും പരാതി നല്‍കുമെന്നും അറിയിച്ചു.