-->
കോട്ടയം: ദേശീയ പാത 183 യുടെ ഐഡ ജങ്‌ഷന്‍ മുതല്‍ 12-ാം മൈല്‍ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗം പത്ത് മീറ്റര്‍ വീതിയില്‍ ആധുനീക നിലവാരത്തില്‍ ടാര്‍ ചെയ്യാന്‍ പദ്ധതി. നവീകരണത്തിനായി 150 കോടി രൂപയുടെ പദ്ധതി ദേശീയപാതാ അതോറിറ്റിക്ക് സമര്‍പ്പിച്ചതായി ഫ്രാന്‍സിസ് ജോര്‍ജ് എം.പി അറിയിച്ചു. പഴക്കവും തിരക്കുമേറെയുണ്ടെങ്കിലും നിലവില്‍ സൗകര്യങ്ങളില്‍ ഏറെ പിന്നിലാണ് റോഡ്.
നിലവില്‍ ആറ് മീറ്റര്‍ വീതിയിലാണ് റോഡിന് ടാറിങ്ങ് ഉള്ളത്. റോഡ് വീതികൂട്ടി ടാര്‍ ചെയ്യുന്നതിനോടൊപ്പം ബലക്ഷയമുള്ള കലുങ്കുകള്‍ പുതുക്കിപണിയുകയും മറ്റുളളവ വീതി കൂട്ടുകയും ചെയ്യും. ആവശ്യമുളള സ്‌ഥലങ്ങളില്‍ റോഡിന് സംരക്ഷണ ഭിത്തിയും നിര്‍മ്മിക്കും. പത്ത് മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്യണമെങ്കില്‍ നിലവിലുള്ള റോഡിന്റെ അതിര്‍ത്തി അളന്ന് തിരിച്ച് കല്ലുകള്‍ സ്‌ഥാപിക്കണം. ഈ പ്രവൃത്തിക്കായി 13 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനായി ദേശീയ പാതാ വിഭാഗം അധികാരികള്‍ ജില്ലാ കലക്‌ടര്‍ക്ക് കത്ത് നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ ഉടന്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
സര്‍വേ പൂര്‍ത്തിയാക്കി അതിര്‍ത്തിക്കല്ലുകള്‍ സ്‌ഥാപിക്കുന്ന മുറക്ക് ഭരണാനുമതി ലഭിക്കുമെന്നും തുടന്ന് പ്രവൃത്തി ടെന്‍ഡര്‍ ചെയ്‌ത് നിര്‍മ്മാണം ആരംഭിക്കുമെന്നും എം.പി. കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്‌ഥലമേറ്റെടുക്കല്‍ വികസനത്തെ ബാധിക്കുമോയെന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്. കോട്ടയം മുതല്‍ നിരവധിയിടങ്ങളില്‍ വ്യാപാര സ്‌ഥാപനങ്ങളും വീടുകളും കൃഷിയിടങ്ങളും റോഡിനോട് ചേര്‍ന്നുണ്ട്. റോഡ് പത്തു മീറ്റര്‍ വീതിയിലുള്ള ടാറിങ്ങിലേക്കു മാറുമ്പോള്‍ ഇവരെ ബാധിക്കുമോയെന്നാണ് ആശങ്ക. ചിലയിടങ്ങളില്‍ പുതുതായി സ്‌ഥലം ഏറ്റെടുക്കാതെ തന്നെ നവീകരണം പൂര്‍ത്തിയാക്കുകയും ചെയ്യാം.