-->
ഉഴവൂര്‍: കേരളാ വാട്ടര്‍ അതോറിറ്റിയുടെ അനാസ്‌ഥമൂലം ഉഴവൂര്‍ പെരുന്താനം നിവാസികള്‍ക്ക് കുടിവെള്ളം കിട്ടുന്നില്ല.
കഴിഞ്ഞ 15 ദിവസമായി പെരുന്താനം ഭാഗത്തേക്ക് ജലജീവന്‍ പദ്ധതി പ്രകാരമുള്ള കുടിവെള്ളം കൃത്യമായി ലഭിക്കുന്നില്ല എന്ന് വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എം. തങ്കച്ചന്‍ അറിയിച്ചു.
വാട്ടര്‍ അതോറിറ്റി എ.ഇ, എ.എക്‌സ്.ഇ. എന്നിവരെ ഫോണില്‍ ബന്ധപ്പെടുകയും എ.ഇയെ പഞ്ചായത്തില്‍ വിളിച്ച് വരുത്തി പഞ്ചായത്ത് പ്രസിഡന്റ ബിനു ജോസിന്റെ സന്നിദ്ധ്യത്തില്‍ സംസാരിക്കുകയും ചെയ്‌തിരുന്നു.
ആ യോഗത്തില്‍ എ.ഇ. ഉഴവൂര്‍ പഞ്ചായത്തില്‍ മുടങ്ങാതെ കുടിവെള്ളം എത്തിച്ച് തരാമെന്ന് സമ്മതിച്ചതുമാണ്.
എന്നാല്‍ വെള്ളം ലഭിക്കാനുള്ള യാതൊരുവിധ നടപടികളും ഇവര്‍ സ്വീകരിച്ചിട്ടില്ല.
ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും വ്യക്‌തിഗത ടാപ്പ് കണക്ഷന്‍ വഴി സുരക്ഷിതവും ആവശ്യത്തിന് കുടിവെള്ളവും നല്‍കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് 2019 ല്‍ ആരംഭിച്ച പദ്ധതിയാണ് ജല്‍ ജീവന്‍ മിഷന്‍.
കേരളത്തില്‍ ആളോഹരി 100 ലിറ്റര്‍ വെള്ളം നല്‍കാനാണ് ലക്ഷ്യമിട്ടത്.
പലയിടത്തും ഈ പദ്ധതി പൂര്‍ത്തിയായി കഴിഞ്ഞു. ഉഴവൂരിലും ഈ പദ്ധതി മൂലം നിരവധി ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിച്ച് വരുന്നുണ്ട്.
കോടിക്കണക്കിന് രൂപ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ആരംഭിക്കുന്ന പദ്ധതികള്‍ ചില ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥമൂലം പാഴായി പോകുന്നെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും പെട്ടെന്ന് ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ശക്‌തമായ സമരപരിപാടികള്‍ നടത്തുമെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറഞ്ഞു.