-->
കുഞ്ചിത്തണ്ണി: ആനച്ചാല്‍ - മേരിലാന്റ്-എല്ലക്കല്‍ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. റോഡിന്റെ അശാസ്‌ത്രീയമായ ഓട നിര്‍മാണം മൂലം നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. മേരിലാന്റ് പള്ളിക്ക് സമീപം കൊടും വളവോട് കൂടിയ റോഡില്‍ അര മീറ്ററോളം താഴ്‌ച്ചയുള്ള ഓടക്ക് സ്ലാബ് നിര്‍മിച്ചിടാത്തത് മൂലം അപകടങ്ങള്‍ കൂടി വരികയാണ്.
റോഡ് നിര്‍മാണം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിലേറെയായിട്ടും സിഗ്നല്‍ ബോര്‍ഡുകളും സീബ്രാ ലൈനുകളും നാളിതുവരെയായിട്ടും ഈ റോഡില്‍ സ്‌ഥാപിച്ചിട്ടില്ല.
കഴിഞ്ഞദിവസം ബൈക്ക് യാത്രികരായ രണ്ട് ചെറുപ്പക്കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടിരുന്നു. കഴിഞ്ഞ മാസം തൊഴിലാളികളുമായി കയറ്റം കയറിവന്ന ജീപ്പ് ബ്രേക്ക്‌ഡൗണ്‍ ആവുകയും അത് ഈ വലിയ ഓടയിലേക്ക് മറിയുകയും ചെയ്‌തിരുന്നു.
യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ റോഡുകളിലെ ഓടകള്‍ക്ക് സ്ലാബുകള്‍ അടിയന്തിരമായി നിര്‍മിച്ചിടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.