Friday, March 13, 2026 Last Updated 45 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 03.15 PM

വീടിന്‌ തീപിടിച്ച്‌ നാലുപേര്‍ വെന്തുമരിച്ച സംഭവം എട്ടുമാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

അടിമാലി: കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വീടിന്‌ തീപിടിച്ച്‌ വെന്തുമരിച്ച സംഭവം നടന്ന്‌ എട്ടുമാസം പിന്നിട്ട ശേഷവും തീരുമാനത്തിലെത്താനാകാതെ അന്വേഷണ സംഘം. മേഖലയില്‍ പ്രതിഷേധം ശക്‌തമാകുന്നു. കഴിഞ്ഞ മെയ്‌ 9നാണ്‌ തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (38), മക്കളായ അഭിനന്ദ്‌ (9), അഭിനവ്‌ (5), ശുഭയുടെ മാതാവ്‌ പൊന്നമ്മ (75) എന്നിവര്‍ വീടിനു തീപിടിച്ചു വെന്തു മരിച്ചത്‌. വൈദ്യുതിയുടെ ഷോട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തതിന്‌ കാരണമെന്നാണ്‌ ആദ്യഘട്ടത്തില്‍ അന്വേഷണസംഘം കരുതിയിരുന്നത്‌.
പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്‌ മുന്‍പോട്ട്‌ പോയെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്‌ ഫോറന്‍സിക്‌ പ്രത്യേക സംഘം അന്വേഷണം വ്യാപിപ്പിച്ചു. സമീപവാസിയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും അന്വേഷണസംഘം കസ്‌റ്റഡിയിലെടുത്തു. എന്നാല്‍, ഇതിന്റെ അന്വേഷണവും എങ്ങുമെത്തിയില്ലത്രെ. ഇതിനിടെ അന്വേഷണ സംഘത്തിന്റെ മേധാവിയായ ഡിവൈ.എസ്‌.പിക്ക്‌ പ്രമോഷനോടുകൂടി സ്‌ഥലംമാറ്റം നല്‍കിയിരുന്നു.
അന്വേഷണ സംഘത്തില്‍ മാറ്റം വന്നതോടെ വീണ്ടും കാലതാമസം എടുക്കുമന്നെ നാട്ടുകാരുടെ ആരോപണം വെറുതെയായില്ല.
വീടിന്‌ തീപിടിക്കാന്‍ കാരണം വൈദ്യുതി ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണെന്ന പ്രഥമ റിപ്പോര്‍ട്ട്‌ ജില്ലാ ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗം നടത്തിയ പരിശോധനയില്‍ തള്ളിയിരുന്നു. വീടിന്‌ സ്വാഭാവികമായി അഗ്നിബാധ ഉണ്ടായാല്‍ വീടിനകത്തുള്ളവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്‌ സ്വാഭാവികമാണ്‌. എന്നാല്‍ കൊമ്പൊടിഞ്ഞാലില്‍ ഇളയ കുട്ടിയുടെ ഒഴികെ മൂവരുടെയും മൃതദേഹം കിടപ്പുമുറികളിലാണ്‌ കാണപ്പെട്ടിരുന്നത്‌.
അവ പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലും ആയിരുന്നു. ഇളയ കുട്ടിയുടെ മൃതദേഹം മാത്രമാണ്‌ അടുക്കള ഭാഗത്ത്‌ നിന്നും ലഭിച്ചത്‌. അടുത്ത കുന്നിന്‍ ചെരുവില്‍ തടിപ്പ ണിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ രാത്രിയില്‍ സ്‌ഫോടനശബ്‌ദം കേട്ടതും ആശങ്കയ്‌ക്ക് ഇടവരുത്തിയിരുന്നു.
ഇതോടെ തീപിടിത്തത്തിന്റെ കാരണം കണ്ടെത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി. തുടര്‍ന്ന്‌ ഇടുക്കി ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദേശാനുസരണം ഡിവൈ.എസ്‌.പി: ജിന്‍സന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തിനു രൂപം നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വ്യാപകമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ശോഭയുടെത്‌ അടക്കം മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ചാറ്റിങ്ങും മറ്റും കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്നാണ്‌ അന്വേഷണം സമീപത്തെ വീടുകളിലേക്ക്‌ വ്യാപിച്ചത്‌. പ്രദേശവാസിക്കു സംഭവത്തില്‍ ഏതെങ്കിലും വിധത്തില്‍ പങ്കുണ്ടോയെന്നുള്ള അന്വേഷണത്തിന്‌ സംഘം തുടക്കമിട്ടിരുന്നു.
ഇദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യംചെയ്‌ത ശേഷം ആദ്യഘട്ടത്തില്‍ വിട്ടയച്ചെന്നാണു വിവരം. കസ്‌റ്റഡിയില്‍ എടുത്ത ഉപകരണങ്ങള്‍ തിരുവനന്ത പുരത്തെ ഫൊറന്‍സിക്‌ സയന്‍സ്‌ ലാബിലേക്കു കൈമാറിയിരുന്നു. കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്‌തതാണോ എന്നത്‌ അടക്കമുള്ള കാര്യങ്ങളും പരിശോധിച്ചു വരികയായിരുന്നു. കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം വീടിന്‌ തീയിട്ടതാണോ എന്ന്‌ സംശയവും നിലനിന്നിരുന്നു.
രാസപരിശോധനയില്‍ വനം വകുപ്പ്‌ ഉപയോഗിക്കുന്ന രാസവസ്‌തുവിന്റെ സാന്നിധ്യം കണ്ടെത്തിയതായി സൂചനയുണ്ട്‌.
സംഭവം നടന്ന്‌ പിറ്റേന്നുതന്നെ കൊന്നത്തടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌, സംഭവത്തില്‍ ദുരുഹതയുള്ളതായി ചൂണ്ടിക്കാണിച്ച്‌ രംഗത്ത്‌ വന്നിരുന്നു.
പോലീസിന്‌ രേഖാമൂലം ഇതു സംബന്ധിച്ച്‌ പരാതിയും നല്‍കിയിരുന്നു. കൊന്നത്തടിയില്‍ ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചിരുന്നു.

Ads by Google
Advertisement
Wednesday 18 Feb 2026 03.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW