-->
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന പള്ളിപ്പാനയുടെ പതിനൊന്നാം ദിനമായ ഇന്ന് പീഠബലി ചടങ്ങ് നടക്കും. ദേവീ പ്രീതിക്കായി ചെയ്യുന്ന ചടങ്ങാണിത്. എട്ട് പീഠങ്ങള്‍ ഉണ്ടാക്കി നിറപറയും നിലവിളക്കും അഷ്‌ടമംഗല്യവും വച്ചശേഷം പീഠങ്ങള്‍ അലങ്കരിച്ച് അഷ്‌ടലക്ഷ്‌മിമാരെ സങ്കല്‌പിച്ച് പൂജ ചെയ്യും. നാടിനും നാട്ടാര്‍ക്കും ക്ഷേമവും ഐശ്വര്യവും സമ്പത്തും വര്‍ധിക്കുന്നതിനും പതിനാലാം ദിവസത്തെ കാളിയും ദാരികനും വരവിന് ദേവിയുടെ അനുഗ്രഹത്തിനും വേണ്ടിയാണ് പീഠ പൂജ നടത്തുന്നത്.
വെളിച്ചപ്പെടല്‍, കരകളില്‍ പോയി ശത്രുഎടുപ്പ് എന്നീ ചടങ്ങുകളും നടക്കും. അന്തിപ്പേകാവലേറല്‍ ചടങ്ങില്‍ ആവാഹിച്ചിരുത്തിയ പൂര്‍വികരില്‍നിന്ന് കരകളില്‍ പോയി ശത്രു എടുപ്പിന് അനുവാദം വാങ്ങുന്ന ചടങ്ങാണ് വെളിച്ചപ്പെടല്‍. ചടങ്ങിനു ശേഷം കൂത്താടികള്‍ പറയുമായി ക്ഷേത്രത്തിന് സമീപത്തുള്ള വീടുകളിലെത്തും. വീട്ടുകാര്‍ നിലവിളക്ക് കൊളുത്തി വച്ച് കൂത്താടികളെ സ്വീകരിക്കും. കൂത്താടികള്‍ പറകൊട്ടിപ്പാടി വീടുകളിലെ ശത്രുദോഷം അകറ്റും. പത്താം ദിവസമായ ഇന്നലെ ദിക്കുബലിയും ചെറിയ അടവി എടുപ്പും നടന്നു.
അഷ്‌ടദിക്ക് പാലകരെ പ്രീതിപ്പെടുത്തുന്നതിനായാണ് ദിക്കുബലി നടന്നത്. അടക്കാമരം കൊണ്ട് കട്ടിലുണ്ടാക്കി യജ്‌ഞവേദിയില്‍ സ്‌ഥാപിച്ച് ഒരു കുത്താടി യെ പച്ചോല കൊണ്ട് വരിഞ്ഞുകെട്ടി കട്ടിലില്‍ ബന്ധനസ്‌ഥനാക്കി കിടത്തി. തുടര്‍ന്ന് കട്ടില്‍ ഉള്‍പ്പടെ കൂത്താടിയെ ചുമന്ന് ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്ത് എട്ടു ദിക്കിലും പൂജകള്‍ ചെയ്‌തു. അവസാന പൂജ നിര്‍വഹിച്ച വടക്കു കിഴക്കേ കോണില്‍ പറകൊട്ടി മണിയടിച്ച് പൂജാ ചടങ്ങുകള്‍ പൂര്‍ത്തിയായപ്പോള്‍ കൂത്താടി ആവേശം ഉള്‍ക്കൊണ്ട് കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് ചൂരല്‍ക്കാടുകള്‍ ദേഹത്തു ചുറ്റി യജ്‌ഞവേദിയിലേക്ക് ഓടിയെത്തി ഉറഞ്ഞു തുള്ളി.
ഈ ചടങ്ങ് ദര്‍ശിക്കാന്‍ ആയിരക്കണക്കിന് ഭക്‌തരാണ് ക്ഷേത്ര സന്നിധിയിലെത്തിയത്.