-->
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രാങ്കണത്തില്‍ അഞ്ചുകോടി രൂപ ചെലവില്‍ പില്‍ഗ്രിം സെന്ററും ഒരു കോടി രൂപ ചെലവില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും ഒരുങ്ങുന്നു. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ 20ന് രാവിലെ 11ന് നിര്‍വഹിക്കും.
പില്‍ഗ്രിം സെന്ററിന്റെ നിര്‍മ്മാണ ഉദ്‌ഘാടനം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായും നിര്‍വഹിക്കും. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ക്ക് ഉപയോഗിക്കുന്ന സ്‌റ്റേജിനെ കൂടുതല്‍ സൗകര്യങ്ങളോടെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയമായി നവീകരിക്കുന്ന പദ്ധതിക്കായി സംസ്‌ഥാന ബജറ്റില്‍ ഒരു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഗ്രീന്‍ റൂം സൗകര്യവും ഇതോടൊപ്പം ഒരുക്കും. ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ ഫണ്ട് ലഭ്യമാകുന്നത്. എം.എല്‍.എ എച്ച്.
സലാം നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ടൂറിസം വകുപ്പ് അഞ്ചുകോടി രൂപ പില്‍ഗ്രിം സെന്ററിനായും അനുവദിച്ചു. 17,300 ചതുരശ്ര അടി യില്‍ ഇരു നിലകളിലായി നിര്‍മ്മിക്കുന്ന സെന്ററിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ടെന്‍ഡര്‍ ചെയ്‌തിട്ടുണ്ട്.
താഴത്തെ നിലയില്‍ ഒമ്പത് ഡീലക്‌സ് മുറികളും ഒരു സ്യൂട്ട് മുറിയും, ഒന്നാം നിലയില്‍ പതിനൊന്ന് ഡീലക്‌സ് മുറികളും ഒരു സ്യൂട്ട് മുറിയും ഉണ്ടായിരിക്കും. രണ്ടാം നിലയില്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം ഡോര്‍മിറ്ററികള്‍, സ്‌റ്റോറേജ് സൗകര്യങ്ങള്‍, ശുചിമുറികള്‍ എന്നിവയും ഒരുക്കും. വാഹന പാര്‍ക്കിംഗിനും സൗകര്യവും ഉണ്ടായിരിക്കും. ദൂരദേശങ്ങളില്‍ നിന്ന് ക്ഷേത്രദര്‍ശനത്തിന് എത്തുന്ന ഭക്‌തര്‍ക്കു മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പില്‍ഗ്രിം സെന്റര്‍ നിര്‍മ്മിക്കുന്നത്. ക്ഷേത്രത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് 40 വര്‍ഷം പഴക്കമുണ്ടായിരുന്നതും കാലപ്പഴക്കത്താല്‍ താമസയോഗ്യമല്ലാതിരുന്നതുമായ ദേവസ്വം സത്രം ഇതിനായി പൊളിച്ചുനീക്കി. നിലവില്‍ ഭക്‌തര്‍ താമസത്തിനായി സ്വകാര്യ ലോഡ്‌ജുകളെയാണ് ആശ്രയിക്കുന്നത്.
കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് (കിഡ്‌ക്) പദ്ധതിയുടെ നിര്‍മ്മാണ ചുമതല.