-->
മാവേലിക്കര: ഓലക്കാലില്‍ തീര്‍ത്ത തടയില്‍ വച്ച വാഴയിലയില്‍ ചെറുചൂടുള്ള കഞ്ഞിയില്‍ അസ്‌ത്രവും മുതിരപുഴുക്കും കടുംമാങ്ങയും ചേര്‍ത്ത് കുത്തിയ പ്ലാവില യില്‍ കോരിക്കുടിമ്പോഴുള്ള അനുഭവം... കഞ്ഞിക്കൊപ്പം പിന്നെയുമുണ്ട്.. പഴം, അവല്‍നനച്ചത്, എള്ളുണ്ട, ഉണ്ണിയപ്പം, മോദകം. ഇത് ചെട്ടികുളങ്ങരയ്‌ക്കു മാത്രം സ്വന്തം. ചെട്ടികുളങ്ങരയിലെ കുഭഭരണി മഹോത്സവങ്ങളിലെ പ്രധാനമാണ് കുതിരമൂട്ടില്‍ കഞ്ഞി. ശിവരാത്രിനാള്‍ മുതല്‍ അശ്വതിനാള്‍ വരെ നടക്കുന്ന കെട്ടുകാഴ്‌ചയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കരകളില്‍ കഞ്ഞി നല്‍കിവരുന്നു.
ഇത് ഭക്‌തജനങ്ങള്‍ വഴിപാടായിട്ടാണ് സമര്‍പ്പിക്കുന്നത്. ഭഗവതിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ഒന്നാണെന്നാണ് വിശ്വാസം. ഭഗവതി ഓണാട്ടുകര ദേശത്തെത്തിയപ്പോള്‍ താഴവന ഇല്ലത്ത് പുരമേച്ചില്‍ നടത്തിക്കോണ്ടിരുന്ന ജോലിക്കാര്‍ക്ക് നല്‍കിയ കഞ്ഞിയായിരുന്നു ഭഗവതിക്കും കിട്ടിയത്.
ഇതിന്റെ ഓര്‍മപുതുക്കലാണ് കെട്ടുകാഴ്‌ച സ്‌ഥലത്ത് ഭക്‌തര്‍ അര്‍പ്പിക്കുന്ന കഞ്ഞിവഴിപാട്. കഞ്ഞികുടിക്കുന്നതിനായി വിദൂരദേശത്തുനിന്നുപോലൂം നിരവധി ഭക്‌തരാണ് എത്തിച്ചേരുന്നത്.
ഈരേഴതെക്ക്, ഈരേഴ വടക്ക്, മേനാമ്പള്ളി കരകളില്‍ കെട്ടുകാഴ്‌ചകള്‍ക്കു സമീപവും മറ്റു കരകളില്‍ വഴിപാട് വീടുകളിലും കെട്ടുകാഴ്‌ചകള്‍ക്കു സമീപവും കഞ്ഞിവഴിപാട് നടത്തുന്നു. ദിവസം ഒന്നിലധികം ഭവനങ്ങളില്‍ കഞ്ഞി വഴിപാട് നടത്തുന്ന കരകളുണ്ട്. കഞ്ഞി നല്‍കുന്നതിലും പ്രത്യേകതകളുണ്ട്. കെട്ടുകാഴ്‌ചയ്‌ക്കുസമീപം കഞ്ഞി നടത്തുന്നവര്‍ കഞ്ഞി തയാറായി കഴിഞ്ഞാല്‍ വഴിപാടുകാരന്‍ വെറ്റില, പുകയില, അടക്ക, എന്നിവയും അഷ്‌ടമംഗല്യ വിളക്കുമായി കെട്ടുകാഴ്‌ചയ്‌ക്കു മുന്‍പിലായെത്തും.
ഇവിടെ വെറ്റിലയും അടക്കയും സമര്‍പ്പിച്ചശേഷം കരക്കാരെയും കെട്ടുകാഴ്‌ച നിര്‍മ്മാണവുമായി ബന്ധപ്പെട്ടവരെയും കഞ്ഞികുടിക്കുന്നതിനായി ക്ഷണിക്കും. തുടര്‍ന്ന് കുത്തിയോട്ടപാട്ടിന്റെ അകമ്പടി യോടെ കെട്ടുകാഴ്‌ചയ്‌ക്കു വലംവച്ച് കഞ്ഞിസ്‌ഥലത്തെത്തും.
ഭവനങ്ങളില്‍ കഞ്ഞി നല്‍കുന്നവര്‍ കുത്തിയോട്ടപാട്ടുപാടിയെത്തുന്ന കരക്കാരെ വീട്ടുകാര്‍ താലപ്പൊലി യുടെയും അഷ്‌ടമംഗല്യ വിളക്കിന്റെ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് കഞ്ഞി നല്‍കുന്നു.