-->
മാവേലിക്കര: ഈരേഴതെക്ക് കരയുടെ കുതിരമാളികയില്‍ ഭദ്രകാളിമുടിക്കു മുന്‍പില്‍ ഭക്‌തര്‍ അരീപ്പറ സമര്‍പ്പിച്ചുതുടങ്ങി. കെട്ടുകാഴ്‌ചയുടെ മുകളില്‍ സ്‌ഥാപിക്കുന്ന ഭദ്രകാളിമുടി ശിവരാത്രി മുതല്‍ അശ്വതി നാള്‍വരെയാണ് കുതിരമാളികയില്‍ ഭക്‌തര്‍ക്ക് ദര്‍ശനം നടത്താന്‍ സാധിക്കുന്നത്. ആയിരം കൈകളും അതില്‍ ശംഖ്, ചക്രം, ഗദ, വാള്‍, പരിച, ധനുസ്, അസ്‌ത്രം, പത്മം, അഗ്നിയും ദാരികശിരസുമേന്തി കഴുത്തില്‍ തലയോട് മാലയായി അണിഞ്ഞും ഗജത്തെ കര്‍ണഭാരമാക്കിയും കേസരിയെ അംഗുലീയമായും പ്രകാശപൂരിതമായ നയനങ്ങളും ബീവത്സമായ ദംഷ്ര്‌ടങ്ങളും പുറത്തേക്ക് കാട്ടി നിണം ചൊരിയുന്നനാവുമുള്ള ഭഗവതി, വേതാളത്തെ വാഹനമാക്കി ഈരേഴുപതിനാലു ലോകവും അടക്കിവാഴുന്ന ജഗദംബികയുടെ വിശ്വരൂപത്തിന്റെ സങ്കല്‍പരൂപമാണ് ദാരുവില്‍ തീര്‍ത്ത മുടി. വര്‍ഷത്തില്‍ ഇരുപത്തിയൊന്നു ദിവസം മാത്രമെ ഭക്‌തര്‍ക്ക് ഈ വിശ്വരൂപം ദര്‍ശിക്കാന്‍ സാധിക്കുകയുള്ളൂ.
ശിവരാത്രി മുതല്‍ അശ്വതിനാള്‍ വരെ ഈരേഴതെക്ക് കരക്കാരുടെ കുതിരമാളികയിലും എതിരേല്‍പ്പുത്സവത്തിന്റെ ദിനങ്ങളില്‍ പാട്ടുപുരയിലും ഭക്‌തര്‍ക്ക് ദര്‍ശനം നടത്താം.