Wednesday, March 11, 2026 Last Updated 48 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 04.48 AM

കളരിവിളക്ക്‌ തെളിഞ്ഞു; ഏഴരക്കണ്ടത്തില്‍ ഇനി പൊന്ന്യത്തങ്കം

തലശേരി: കേരള ഫോക്‌ ലോര്‍ അക്കാദമി, കതിരൂര്‍ ഗ്രാമ പഞ്ചായത്ത്‌, പാട്യം ഗോപാലന്‍ സ്‌മാരക വായനശാല പുല്ലോടി എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന പൊന്ന്യത്തങ്കത്തിന്‌ പൊന്ന്യം ഏഴരക്കണ്ടത്തില്‍ തിരിതെളിഞ്ഞു. നിയമസഭ സ്‌പീക്കര്‍ അഡ്വ എ.എന്‍ ഷംസീര്‍ ഉദ്‌ഘാടനം ചെയ്‌തു. പൊന്ന്യത്തങ്കം എന്ന വാക്ക്‌ ലോകശ്രദ്ധയിലേക്ക്‌ വളര്‍ന്നുവെന്നും കളരി അക്കാദമി വരുന്നതോടെ നാടിന്റെ സമഗ്ര വികസനത്തിന്‌ മുതല്‍ക്കൂട്ട്‌ ആവുമെന്നും സ്‌പീക്കര്‍ പറഞ്ഞു. കണ്ണൂര്‍ റേഞ്ച്‌ ഡി ഐ ജി യതീഷ്‌ ചന്ദ്ര കോടിയേറ്റം നടത്തി.
കതിരൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌പി.പി സുജയ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത്‌ സ്‌റ്റാന്‍ഡിങ്‌ കമിറ്റി ചെയര്‍പേഴ്‌സണ്‍ എ. പ്രദീപ്‌ കുമാര്‍, ചൊക്ലി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍. അനൂപ്‌, കേരള ഫോക്‌ ലോര്‍ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം മിനി പ്രസാദ്‌, കതിരൂര്‍ പഞ്ചായത്ത്‌ വാര്‍ഡ്‌ മെമ്പര്‍ എ. സജേഷ്‌, കേരള ഫോക്‌ ലോര്‍ അക്കാദമി പ്രോഗ്രാം ഓഫീസര്‍ പി.പി ലവ്‌ ലിന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എന്‍.പി വിനോദ്‌ കുമാര്‍, എ. വാസു, സജ്‌ജീവ്‌ മാറോളി, സത്യലാല്‍,തുടങ്ങിയവര്‍ പങ്കെടുത്തു.തുടര്‍ന്ന്‌ അങ്കത്തട്ടില്‍ തിരുവങ്ങാട്‌ സി.വി.എന്‍. കളരി സംഘം, ഗജനാക കളരി, തിരുവനന്തപുരം മാരുതി കളരി സംഘം, മലപ്പുറം എപിഎം കളരി സംഘം എന്നിവ അവതരിപ്പിക്കുന്ന കളരി അഭ്യാസ പ്രകടനവും പൂരക്കളിയും കലാമത്സരമായി കൈകൊട്ടിക്കളിയും അരങ്ങേറി.തുടര്‍ന്ന്‌ ഇതര സംസ്‌ഥാന ആയോധനാ കലാരൂപമായ താംഗ്‌ അഹം യനബ, അനാര്‍ക്കലി മരയ്‌ക്കാര്‍ ലൈവ്‌ ഷോയും നടന്നു.
പൊന്ന്യത്തങ്കത്തി ന്റെ 11ാമത്‌ എഡിഷനാണു തുടക്കിമിട്ടത്‌. പുല്യോടി പാട്യം ഗോപാലന്‍ സ്‌മാരക വായനശാല 2015ല്‍ ചെറിയതോതില്‍ തുടങ്ങിയ കളരി അഭ്യാസ പ്രകടനമാണു ഇന്നു കാണുന്ന പൊന്ന്യങ്കത്തിലേക്കെത്തിയത്‌.
കുംഭം 10,11 തീയതികള്‍ ഉള്‍പ്പെടെ ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന സാംസ്‌കാരിക ഉത്സവം നടക്കും. ഫെബ്രുവരി 16 മുതല്‍ 22 വരെയാണു പൊന്ന്യത്തങ്കം. കേരളത്തിലെ അറിയപ്പെടുന്ന കളരി സംഘങ്ങളുടെ അഭ്യാസ പ്രകടനങ്ങള്‍ക്ക്‌ പുറമേ കലാ സാംസ്‌കാരിക പരിപാടികളും ഉണ്ടാകും.പരിപാടിയുടെ ഭാഗമായി 20ന്‌ പൊന്ന്യം കളരി അക്കാദമി ആന്‍ഡ്‌ മ്യൂസിയം ഉള്‍പ്പെടുന്ന 25 കോടി രൂപയുടെ സാംസ്‌കിപദ്ധതിയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിവിധ സംസ്‌ഥാനങ്ങളിലെ കളരി സംഘങ്ങള്‍ക്കു പുറമേ വിദേശങ്ങളില്‍ നിന്നുള്ള സംഘങ്ങളും അങ്കത്തട്ടില്‍ അണിനിരക്കും. ബംഗാള്‍, ബിഹാര്‍ എന്നീ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരുടെ പ്രത്യേക സ്‌റ്റാളുകളും ഒരുക്കിയിട്ടുണ്ട്‌. ദൂരദേശങ്ങളില്‍ നിന്ന്‌ എത്തുന്നവര്‍ക്ക്‌ കതിരൂരില്‍ ഹോംസ്‌റ്റേ സംവിധാനവും ഒരുക്കിയിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 18 Feb 2026 04.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW