-->
കോഴിക്കോട്: കേന്ദ്ര സംസ്‌ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ കോഴിക്കോട് നഗരത്തില്‍ പുതിയ നഗരനയം ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് മേയര്‍ ഒ.സദാശിവന്‍. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്‌ട്രി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മേയര്‍. പുതിയ കാലത്തെ നഗരവികസനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും നഗര നയത്തിലൂടെ നടപ്പാക്കും. നഗരവാസികള്‍ക്കും നഗരത്തിലെത്തുന്നവര്‍ക്കും ഉതകുന്ന രീതിയില്‍ നഗരത്തിലെ പശ്‌ചാത്തല വികസനവും ഗതാഗതസൗകര്യങ്ങളും ഉയര്‍ത്തേണ്ടതുണ്ട്. ഒട്ടേറെ മേഖലയില്‍ കോഴിക്കോടിന് മുന്നേറാനായിട്ടുണ്ട്. കഴിഞ്ഞ 50 വര്‍ഷത്തെ വികസനവുമായി തുലനം ചെയ്ുയമ്പോള്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് വലിയ നേട്ടങ്ങള്‍ നഗരത്തിന് നേടാനായിട്ടുണ്ട്. നഗരത്തിലെ പാര്‍ക്കിങ് സൗകര്യങ്ങളും ജംഗ്‌ഷനുകളുടെ വികസനവും ഉള്‍പ്പെടെ നടപ്പാക്കാനുള്ള ശ്രമം ഉണ്ടാകുമെന്നും മേയര്‍ സദാശിവന്‍ പറഞ്ഞു.
കോഴിക്കോട് നഗരവികസനത്തിനായി കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ പരിധിയില്‍ നിന്ന് കൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം നടപ്പാക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ ഡോ. എസ്.ജയശ്രീ പറഞ്ഞു. തെരുവ്‌നായക്കളെ അമര്‍ച്ച ചെയ്യുന്നതിന് എ.ബി.സി. പ്രോജക്‌റ്റിന്റെ ഉള്ളില്‍ നിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതിനകം 15,000 നായക്കളെ വന്ധ്യംകരണം ചെയ്യാനായത് വലിയ നേട്ടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അശോകപുരം ചേംബര്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ചേംബര്‍ പ്രസിഡന്റ് എ പി അബ്‌ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും നഗര വികസനം സംബന്ധിച്ച് നിവേദനം മുന്‍ പ്രസിഡന്റ് ടി പി അഹമ്മദ് കോയ സമര്‍പ്പിച്ചു.ചേംബര്‍ സെക്രട്ടറി ബോബിഷ് കുന്നത്ത്, ട്രഷറര്‍ അര്‍ഷാദ് ആദി രാജ ,വൈസ് പ്രസിഡന്റ് പി.എം. ഷാനവാസ്, ചേംബര്‍ മുന്‍ പ്രസിഡന്റ്‌മാരായ എം. മുസമ്മില്‍, ഐ.പി.തോമസ്,സുബൈര്‍ കൊളക്കാടന്‍, റഫി പി ദേവസി, ജോയിന്റ് സെക്രട്ടറി സുന്ദര്‍ രാജ്‌ലു, എന്നിവര്‍ പ്രസംഗിച്ചു.
ഫയലുകളില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്‌ഥര്‍ക്ക് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ വിമര്‍ശനം
കോഴിക്കോട്: കോര്‍പ്പറേഷനിലെ ഫയലുകളില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്‌ഥര്‍ക്ക് വന്‍ വിമര്‍ശനം. ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ചില ഉദ്യോഗസ്‌ഥര്‍ വീഴ്‌ച വരുത്തുകയാണെന്നും കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇത് ഏറെ ഗൗരവമുള്ള വിഷയമാണ്. അജൈവ മാലിന്യം ശേഖരിക്കുന്നതിന് വാങ്ങിയ സിഎന്‍.ജി. വാഹനങ്ങളില്‍ ഇന്ധനം നിറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട അജണ്ടയിലാണ് വിഷയം ഉയര്‍ന്നത്.
സി.എന്‍.ജി. വാഹനങ്ങള്‍ തകരാറിലായതിനാല്‍ നാലു മാസമായി പല വാര്‍ഡുകളിലും മാലിന്യ ശേഖരണം നിലച്ച സ്‌ഥിതിയാണ്. ആറായിരം രൂപയുടെ അറ്റകുറ്റപണിയാണ് വാഹനത്തിനുള്ളത്. നവംബര്‍ 15 നാണ് വാഹനം കേടായത്. ആരോഗ്യവിഭാഗത്തിലുള്ള ഫയല്‍ പിന്നീട് എഞ്ചിനീയറിങ്‌് വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഉദ്യോഗസ്‌ഥര്‍ ഫയലില്‍ നടപടി സ്വീകരിച്ചില്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്നുണ്ടായത് ഗൗരവമുള്ള വിഷയമാണെന്നും വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥനെതിരെ നടപടി സ്വീകരിക്കുമെന്നും മേയര്‍ ഒ.സദാശിവന്‍ പറഞ്ഞു. ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടിയുണ്ടാവണമെന്ന് സൂപ്രണ്ടിങ്‌് എഞ്ചിനീയറും വ്യക്‌തമാക്കി.
അലോപ്പതി ഫാര്‍മസിസ്‌റ്റ് തസ്‌തികയില്‍ താത്‌ക്കാലികമായി നിയമിച്ചയാളുടെ കാലാവധി കഴിഞ്ഞിട്ടും ദിവസവേതനാടിസ്‌ഥാനത്തില്‍ തുടരാന്‍ അനുവദിച്ചതും ഉദ്യോഗസ്‌ഥ വീഴ്‌ചയാണെന്നും വിമര്‍ശിച്ചു. നഗരസഭയിലെ 30 ശതമാനം ജീവനക്കാരെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് വിന്യസിച്ചിരിക്കുകയാണെന്നും ഇതിന് പകരം ജീവനക്കാരെ അനുവദിച്ചിട്ടില്ലെന്നും ഇത്തരം സാഹചര്യങ്ങളിലാണ് നടപടികള്‍ വൈകുന്നതെന്നും കോര്‍പറേഷന്‍ സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. ഏറെ നാളത്തെ നിയമ നടപടികളിലൂടെ തിരിച്ചുപിടിച്ച ലയണ്‍സ് പാര്‍ക്കിന്റെ ഉള്‍പ്പെടെ ശോച്യാവസ്‌ഥ പരിഹരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പാര്‍ക്ക് ഇപ്പോള്‍ പാര്‍ക്കിങ്‌് മേഖലയായി മാറിക്കഴിഞ്ഞു.
പലയിടങ്ങളിലും ലഹരി ഉപയോഗവും നടക്കുന്നുണ്ടെന്നും നഗരസഭ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ലയണ്‍സ് പാര്‍ക്ക് നവീകരിക്കുന്നതിന് സി.ആര്‍.സെഡ്. അനുമതി ലഭിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ സാങ്കേതിക അനുമതി ലഭിച്ചാല്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണം ആരംഭിക്കും. ഇതുള്‍പ്പെടെയുള്ള പാര്‍ക്കുകള്‍ നവീകരിച്ച് പരിപാലിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും മേയര്‍ സദാശിവന്‍ അറിയിച്ചു. ജല്‍ ജീവന്‍ മിഷന്റെ മീറ്റര്‍ പല വീടുകളിലും കേടായിക്കിടക്കുകയാണെന്നും പൈപ്പ് പൊട്ടിയാല്‍ വാട്ടര്‍ അതോറിറ്റി ശ്രദ്ധിക്കാത്ത അവസ്‌ഥയുണ്ടെന്നുമുള്ള വിമര്‍ശനത്തില്‍ വാട്ടര്‍ അതോറിറ്റി അധികൃതരുടെ യോഗം വിളിച്ച് ശ്രദ്ധയില്‍ പെടുത്തുമെന്ന് മേയര്‍ ഒ.സദാശിവനും ഡെപ്യൂട്ടി മേയര്‍ ഡോ. എസ്.ജയശ്രീയും പറഞ്ഞു.