-->
പത്തനംതിട്ട: ഗുണ്ടാ വിളയാട്ടവും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം ജില്ലയിലെ മുഴുവന്‍ പോലീസ് സേ്‌റ്റഷനുകളിലും കാപ്പാ ആക്‌ട് പ്രകാരം നടപടി നേരിട്ടവരും ഒന്നിലധികം ക്രിമിനല്‍ കേസുകളില്‍ ഉള്‍ പെട്ടവരും ആയ സാമൂഹികവിരുദ്ധരുടെ പേരില്‍ കര്‍ശന നടപടി ആരംഭിച്ചു. ഓപ്പറേഷന്‍ റൗണ്ട് അപ്പ് എന്ന പേരില്‍ ജില്ലയിലെ കാപ്പ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഉള്‍പ്പെടെ മുഴുവന്‍ സാമൂഹികവിരുദ്ധരെയും മുന്‍കരുതല്‍ അറസ്‌റ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകും.
കാപ്പ 3 കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായതുമായ തിരുവല്ല സ്വദേശി റോഷന്‍ വര്‍ഗീസിന്റെ മകന്റെ ജന്മദിന പാര്‍ട്ടി എന്ന പേരില്‍ സാമൂഹ്യവിരുദ്ധരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരും സംഘടിച്ചിരുന്നു. ഇവര്‍ മാത്രം ചേര്‍ന്ന് നടത്തിയ ആഘോഷ പരിപാടി ശ്രദ്ധയില്‍പ്പെട്ട ജില്ലാ പോലീസ് മേധാവി നല്‍കിയ കര്‍ശന നിര്‍ദ്ദേശപ്രകാരം ആഘോഷ പരിപാടിയില്‍ പങ്കെടുത്ത 8 പേരെ അറസ്‌റ്റ് ചെയ്‌തു കരുതല്‍ തടങ്കലില്‍ ആക്കി തിരുവല്ല ഇന്‍സ്‌പെക്‌ടര്‍ കെ.ആര്‍ സുജിത് , എസ്.ഐ ഉണ്ണികൃഷ്‌ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.