-->
പത്തനംതിട്ട: ഏറെക്കാലമായി ജില്ലയിലെ എന്‍.സി പി യില്‍ ഉരുണ്ട് കൂടിയ തര്‍ക്കങ്ങള്‍ മറ നീക്കി പുറത്തേക്ക്.എന്‍.സി.പി (എസ്) ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് ജിജി വട്ടശ്ശേരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എന്നാല്‍, കമ്മറ്റി പിരിച്ചു വിട്ടിട്ടില്ലെന്നും ജിജി വട്ടശേരി അടക്കം വിമതരെ എല്ലാം പുറത്താക്കിയതായും സംസ്‌ഥാന പ്രസിഡന്റ് തോമസ് കെ. തോമസ് അറിയിച്ചു.
രാജി വച്ചവര്‍ കേരളാ കോണ്‍ഗ്രസില്‍ ചേരുന്ന ലയനസമ്മേളനം ഉടന്‍ നടക്കുമെന്ന ജിജി പറഞ്ഞു. സാധാരണക്കാര്‍, കൃഷിക്കാര്‍, വ്യാപാരികള്‍ എന്നിവരുടെയൊന്നും പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് ബാധകമല്ല.
പാര്‍ട്ടിയുടെ മുകളിലുള്ളവര്‍ അധികാരത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സംഘമായി മാറിക്കഴിഞ്ഞു. ജില്ലയില്‍ പാര്‍ട്ടിയുടെ ചുമതല വച്ചിരിക്കുന്ന സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ മൂലം യാതൊരു തീരുമാനം എടുക്കാന്‍ സാധിക്കാത്ത അവസ്‌ഥയായിരുന്നു. ജില്ലാകമ്മിറ്റി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ്‌നടത്തിക്കൊണ്ടിരുന്നത്. ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെയാണ് ജില്ലാ കമ്മിറ്റി പിരിച്ചു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ജില്ലാ പ്രസിഡന്റിന്റെ രാജി എന്‍.സി.പിക്ക് പോറല്‍ ഏല്‍പ്പിക്കില്ലെന്ന് ജില്ലയുടെ ചുമതലയുള്ള സംസ്‌ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജ് പറഞ്ഞു. എന്‍.സി.പി. (എസ്) ജില്ലാ കമ്മിറ്റി പിരിച്ച് വിട്ട ജില്ലാ പ്രസിഡന്റിന്റെ പ്രസ്‌താവന വലിയ തമാശയാണ്.
ഇടക്കാലത്ത് സ്‌ഥാന മാനങ്ങള്‍ പ്രതീക്ഷിച്ച് വന്നവരാണ് പാര്‍ട്ടി വിട്ട മുഴുവന്‍ പേരും. എന്‍.സി.പി രൂപീകരണം മുതല്‍ പ്രവര്‍ത്തിച്ച ഒരാള്‍ പോലും ഇക്കൂട്ടരില്‍ ഇല്ല.
യഥാര്‍ഥ പ്രവര്‍ത്തകര്‍ ഒരാളും പാര്‍ട്ടി വിട്ടിട്ടില്ല. അവസരവാദികളുടെ രാജി പാര്‍ട്ടിക്ക് പോറല്‍ ഏല്‍പ്പിക്കില്ല. ജിജി വട്ടശ്ശേരില്‍, മുഹമ്മദ് സാലി, രഞ്‌ജിത്ത് പി ചാക്കോ, മുരളീധരന്‍, സുജോ വര്‍ഗീസ്, നൈസാം മുഹമ്മദ് എന്നിവരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്നും സംസ്‌ഥാന പ്രസിഡന്റ് തോമസ് കെ തോമസ് എം.എല്‍.എ. പുറത്താക്കിയിട്ടുണ്ട്. ജില്ലാ നേതൃ യോഗം ഭാവി നടപടികള്‍ തീരുമാനിക്കാനായി ഇന്ന് രണ്ടിന് പത്തനംതിട്ടയില്‍ ചേരുമെന്നും മാത്യൂസ് ജോര്‍ജ് പറഞ്ഞു.