-->
കോട്ടയം: ഏതു മികച്ച സ്വകാര്യ ആശുപത്രികളോടും കിടപിടിക്കാന്‍ കഴിയുന്ന നിലയിലേക്ക് സര്‍ക്കാര്‍ ആശുപത്രികളെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ഉള്‍പ്പെടെ മെഡിക്കല്‍ കോളജിലെ 15 വികസന പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗത്ത് സംസ്‌ഥാനത്ത് അത്ഭുതകരമായ മാറ്റമാണ് പത്തുവര്‍ഷം കൊണ്ടുണ്ടായത്. അതിവിപുല സൗകര്യങ്ങളുള്ള രാജ്യങ്ങളേക്കാള്‍ നവജാത ശിശു മരണനിരക്കിലും മാതൃ മരണനിരക്കിലും കേരളത്തിന് മികച്ച നിലയിലെത്താനായി. ആരോഗ്യരംഗത്തെ നേട്ടത്തിന് ഡോക്‌ടര്‍മാരും ജീവനക്കാരും നല്‍കിയ സംഭാവന വലുതാണ്.
സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമല്ല നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളുമുണ്ട്. പ്രവര്‍ത്തനലാഭത്തിനൊപ്പം സേവനം എന്ന രീതി കൂടി പിന്തുടരുന്നവയാണ് അവയില്‍ പലതും.
എന്നാല്‍,ലാഭത്തില്‍ മാത്രം കണ്ണുനട്ട് പ്രസിദ്ധമായ ചില സ്വകാര്യആശുപത്രികളിലേക്ക് ആഗോളഭീമന്മാര്‍ കടന്നുവന്നിട്ടുണ്ട്. അവിടങ്ങളില്‍ സൗകര്യങ്ങളിലൊന്നും മാറ്റമില്ലെങ്കിലും ചികിത്സയ്‌ക്ക് ഈടാക്കുന്ന തുകയില്‍ വലിയ വര്‍ധനവാണ്. ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ മേഖല കൂടുതല്‍ കരുത്താര്‍ജ്‌ജിക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ചെയ്‌തുവരുന്നത്.
പത്തുവര്‍ഷം കൊണ്ട് കിഫ്‌ബിയിലൂടെ ഒരുലക്ഷം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെകാലത്ത് 50000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കിഫ്‌ബി വഴി ലക്ഷ്യമിട്ടതെങ്കിലും അത് 62000 കോടി രൂപയായി ഉയര്‍ന്നു. ഈ സര്‍ക്കാരിന്‍റെ കാലത്ത് അത് ഒരുലക്ഷം കോടി രൂപയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സംസ്‌ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും അതിവിപുലമായ അടിസ്‌ഥാന സൗകര്യ വികസനം നടപ്പാക്കാനും മികച്ച ചികിത്സ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാപ്രമാക്കാനും സാധിച്ചെന്ന് മന്ത്രി പറഞ്ഞു.1150 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയതെന്ന് അധ്യക്ഷനായ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.എം.പിമാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്‌ടര്‍ ചേതന്‍കുമാര്‍ മീണ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ കെ.വി. വിശ്വനാഥന്‍, ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ്, ഏറ്റുമാനൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ സി. ജയ്‌മോന്‍, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്‍, അതിരമ്പുഴ ഗ്രമാപഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, ബ്‌ളോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫിലിപ്പ്, ഗ്രാമപഞ്ചായത്തംഗം റോസിലി ടോമിച്ചന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അരവിന്ദ് സച്ചില്‍, ദന്തല്‍ കോളജ് പ്രിന്‍സിപ്പല്‍ വി.പി. കണ്ണന്‍, നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ലിനി ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ടി.ആര്‍. രാധ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് കെ.പി. ജയപ്രകാശ്, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ പി.കെ. ഉഷ, ഡി.സി.എച്ച് പ്രസിഡന്റ് സി.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
മുഖ്യമന്ത്രി സമര്‍പ്പിച്ച
പദ്ധതികള്‍
കോട്ടയം: മെഡിക്കല്‍ കോളജിലെ 283.60 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചത്.കാത്ത് ലാബ് (7.88 കോടി രൂപ), പാരാമെഡിക്കല്‍ ഹോസ്‌റ്റലിന്റെ പൂര്‍ത്തിയാക്കിയ ഒന്നാംഘട്ടം( ആറു കോടി രൂപ
കാന്‍സര്‍ ബ്ലോക്കിലെ 32 സ്ലൈസ് സി ടി സ്‌കാനിംഗ് സംവിധാനം( 4.28 കോടി രൂപ)
,നവീകരിച്ച പ്രധാന കവാടം (1.25 കോടി രൂപ),ഗൈനക്കോജളി വിഭാഗത്തില്‍ ഒരുക്കിയ മാതൃ നവജാത ശിശുപരിചരണ യൂണിറ്റ് ( 1.20 കോടി രൂപ),സ്‌കിന്‍ ബാങ്ക് (64.57 ലക്ഷം രൂപ),ക്രഷ് (60 ലക്ഷം രൂപ),ലാക്‌റ്റേഷന്‍ മാനേജ്‌മെന്റ് സെന്റര്‍ (64.2 ലക്ഷം രൂപ),സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ചു സജ്‌ജമാക്കിയ കാര്‍ഡിയാക് റീഹാബലിറ്റേഷന്‍ യൂണിറ്റ്,കാര്‍ഡിയോളജി ആന്‍ഡ് കാര്‍ഡിയോതൊറാസിക് ബ്‌ളോക്കിലെ ഉപകരണങ്ങള്‍,എക്കോ മെഷീന്‍,സി.ആം മെഷീന്‍, വെന്റിലേറ്റുകള്‍ എന്നിവയാണ് സമര്‍പ്പിച്ചത്. എ.ബി.സി. ബ്‌ളോക്കില്‍ 74 ലക്ഷം രൂപ ചെലവിട്ടു നിര്‍മിക്കുന്ന പുതിയ ടോയ്‌ലറ്റ് ബ്‌ളോക്കിന്‍റെ ശിലാസ്‌ഥാപനവും ചടങ്ങില്‍ നടന്നു.