-->
കോട്ടയം: തിരക്കേറിയ നേരങ്ങളില്‍, പാലാ മേഖലയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുറവെന്നു പരാതി. പാലാ, ഈരാറ്റുപേട്ട, തൊടുപുഴ റൂട്ടിലെ യാത്രക്കാരാണ് ഇതു മൂലം ഏറെ ബുദ്ധിമുട്ടുന്നത്.
വൈകിട്ട് 4.30മുതല്‍ രാത്രി ഏഴു വരെയുള്ള സമയത്താണു ബസുകളുടെ കുറവ് യാത്രക്കാരെ വലയ്‌ക്കുന്നത്. . ഒന്നാ രണ്ടോ ബസ് വന്നാല്‍ തന്നെ ഇതില്‍ കാലുകുത്താന്‍ ഇടമില്ല. യാത്രക്കാര്‍ തിങ്ങി നിറഞ്ഞാണു കോട്ടയത്തുനിന്നും ബസ് പുറപ്പെടുന്നത്.
നാഗമ്പടം, ചുട്ടുവേലി, കുമാരനല്ലൂര്‍, സംക്രാന്തി, കാരിത്താസ് എന്നിവിടങ്ങളിലെ സ്‌റ്റോപ്പുകളിലുള്ളവര്‍ക്ക് ബസില്‍ കയറാന്‍ പോലും പറ്റാത്ത അവസ്‌ഥയാണ്. ഏറ്റുമാനൂര്‍ ബസ് സ്‌റ്റാന്‍ഡില്‍ ബസുകള്‍ കയറുമെങ്കിലും പല ദിവസങ്ങളിലും ഒരാള്‍ക്കു പോലും കയറാന്‍ സാധിക്കാത്ത അവസ്‌ഥയാണ്. കഴിഞ്ഞ ദിവസം തിരക്കേറിയ ഒരു ബസില്‍ കാരിത്താസില്‍നിന്നും രണ്ടു യാത്രക്കാര്‍ കയറിയെങ്കിലും ബസിന്റെ യന്ത്ര വാതില്‍ അടയ്‌ക്കാന്‍ സാധിക്കാതെ വന്നതോടെ ഇവര്‍ മറ്റു യാത്രക്കാരുടെ അഭ്യര്‍ഥന കൂടി മാനിച്ചു തിരികെ ഇറങ്ങി.
ചെയിന്‍ സര്‍വീസുള്ള ഈ റൂട്ടില്‍ നേരത്തെ ഈ സമയങ്ങളില്‍ ഓര്‍ഡിനറി സര്‍വീസുകളുണ്ടായിരുന്നു. ഇവ നിലച്ചതാണ് യാത്രാക്ലേശം രൂക്ഷമാകാന്‍ കാരണം. ഗതാഗതക്കുരുക്കില്‍ ബസുകള്‍ അകപ്പെടുന്നതു മൂലം പല സര്‍വീസുകള്‍ക്കും സമയം പാലിക്കാന്‍ കഴിയാത്തതാണ് സര്‍വീസ് കുറയാന്‍ കാരണമാകുന്നതായി അധികൃതര്‍ പറയുന്നു.ഇതേ സമയത്ത് എറണാകുളം, പിറവം, വൈക്കം, കോതമംഗലം, തൃശൂര്‍ ഭാഗങ്ങളിലേക്ക് സൂപ്പര്‍ ഫാസ്‌റ്റ് ഉള്‍പ്പെടെയുള്ള ധാരാളം ബസുകള്‍ സര്‍വീസ് നടത്തുന്നുമുണ്ട്. എം.സി. റോഡുവഴി പോകുന്ന ഏതാനും സര്‍വീസുകള്‍ തിരുക്കുള്ള സമയത്ത് പാലാ, തൊടുപുഴ-മൂവാറ്റുപുഴ വഴി സര്‍വീസ് നടത്തണമെന്ന ആവശ്യം ശക്‌തമായിരിക്കുകയാണ്. കൂടാതെ തിരക്കുള്ള സമയങ്ങളില്‍ കോട്ടയത്തുനിന്നും പാലാ, കുറവിലങ്ങാട്, ഏറ്റുമാനൂര്‍, കൂത്താട്ടുകുളം എന്നിവടങ്ങളിലേക്ക് ഓര്‍ഡിനറി സര്‍വീസുകള്‍ ആരംഭിക്കണമെന്നും ആവശ്യമുണ്ട്.