-->
കുമളി: തമിഴ്‌നാട്ടില്‍നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച സ്‌ത്രീ ഉള്‍പ്പെടെ മൂന്നുപേരെ തമിഴ്‌നാട് പോലീസ് പിടികൂടി. ഇവരില്‍ നിന്ന് 34.950 കിലോ കഞ്ചാവും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്‌കോഡ കാറും കസ്‌റ്റഡിയിലെടുത്തു.
മധുര സ്വദേശികളായ മുനിര്‍ സ്വാമി, ബാലസുബ്രമണ്യം, സെല്‍വി എന്നിവരാണ് പിടി യിലായത്. കുമളിക്കു സമിപം ലോവര്‍ ക്യാമ്പില്‍ ഇന്നലെ രാവിലെ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് വന്‍ കഞ്ചാവ് വേട്ട നടന്നത്. അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കിയ മൂവരേയും റിമാന്‍ഡ് ചെയ്‌തു. ഇന്നലെ പുലര്‍ച്ചെ പോലീസിന് ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്ന് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാറിന്റെ രഹസ്യഅറയില്‍ നാലു പൊതികള്‍ കണ്ടെത്തിയത്. 11.950 ഗ്രാം വീതം തുക്കമുള്ള ഒരു പൊതിയും, 11.900 ഗ്രാം തുക്കമുള്ള ഒരു പൊതിയും 11.100 ഗ്രാം തുക്കമുള്ള മറ്റൊരു പൊതി കഞ്ചാവുമാണ് കാറില്‍ ഒളിപ്പിച്ചിരുന്നത്. പരിശോധനയ്‌ക്കിടെ ഓടി രക്ഷപെടാന്‍ ശ്രമിച്ച മൂവരെയും പോലീസ് സംഘം പിടി കൂടുകയായിരുന്നു. ഇവരില്‍നിന്ന് 118000 രൂപയും നാല് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു.
കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന തമിഴ്‌നാട് സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായിരിക്കുന്നത്. അതിര്‍ത്തിയിലെ കുമളി ചെക്കു പോസ്‌റ്റില്‍ കാര്യമായ പരിശോധന ഉണ്ടായിരിക്കില്ലായെന്നും ഇവര്‍ കരുതിയിരുന്നു. ലോവര്‍ ക്യാമ്പില്‍ തമിഴ്‌നാട് പോലീസ് പിടികൂടിയിരുന്നില്ലെങ്കില്‍ കുമളി ചെക്കു പോസ്‌റ്റിലും ഇവര്‍ രക്ഷപ്പെട്ടു പോകുമായിരുന്നു എന്നാണ് അറിയുന്നത്. കോട്ടയം, എറണാകുളം, ചങ്ങനാശേരി തുടങ്ങിയ സ്‌ഥലങ്ങളിലാണ് മുമ്പ് ഇവര്‍ കഞ്ചാവ് എത്തിച്ചിരുന്നത്. ലോവര്‍ ക്യാമ്പ് ഇന്‍സ്‌പെക്‌ടര്‍ തിലക പതിയുടെ നേതൃത്വത്തിലായിരുന്ന വാഹന പരിശോധന.