Friday, March 13, 2026 Last Updated 5 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 09.44 AM

കെട്ടുകാഴ്‌ചകള്‍ അണിഞ്ഞൊരുങ്ങുന്നു; ആവേശംനിറച്ച്‌ നാടും നാട്ടാരും

uploads/news/2026/02/825803/2.jpg

മാവേലിക്കര: ചെട്ടികുളങ്ങരയിലെ 13 കരകളിലും ആഹ്‌ളാദവും ആവേശവും അലതല്ലുകയാണ്‌. കുംഭഭരണിയുടെ ഒരുക്കങ്ങളാണ്‌ എവിടെയും. കരകളിലാകട്ടെ കെട്ടുകാഴ്‌ചകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഒന്നാമത്തെ കരയായ ഈരേഴതെക്ക്‌ കരയില്‍ കെട്ടുകാഴ്‌ചയായ കുതിരയുടെ നിര്‍മാണം പുരോഗമിക്കുകയാണ്‌. തത്തിക്കളിക്കുന്ന പാവക്കുട്ടികള്‍ ഇവിടുത്തെ കെട്ടുകാഴ്‌ചയിലെ പ്രധാന ആകര്‍ഷണമാണ്‌. സന്താന സൗഭാഗ്യത്തിനായി പാവകള്‍ക്ക്‌ ഉടയാട നല്‍കുന്നത്‌ പ്രധാന വഴിപാടാണ്‌. ഈരേഴ വടക്ക്‌ കരയിലും കുതിരയുടെ നിര്‍മാണം വേഗത്തിലാണ്‌. കെട്ടുകാഴ്‌ചയിലെ താമരയാണ്‌ ഇവിടുത്തെ പ്രത്യേകത.
കൈത തെക്ക്‌ കരയിലെ കുതിരയിലും താമര രൂപമുണ്ടായിരുന്നു. കാലക്രമേണ കൈതതെക്ക്‌ കരയിലെ കുതിരയില്‍നിന്ന്‌ താമര ഇല്ലാതായി. എന്നാല്‍ ഈരേഴ വടക്ക്‌ കുതിരയില്‍ ഇപ്പോഴും താമര രൂപമുണ്ട്‌. കൈതതെക്ക്‌ കരയില്‍ ഇപ്പോള്‍ മനോഹരമായ മണ്ഡപത്തറ കുതിരയില്‍ നിര്‍മിച്ചിട്ടുണ്ട്‌. നാലാമത്തെ കരയായ കൈതവടക്ക്‌ കരയിലെ കെട്ടുകാഴ്‌ചയായ കുതിരയുടെ മനോഹാരിത ഇന്ദ്രസദസിനെപ്പോലെ മനോഹരം എന്നു വിശേഷിപ്പിക്കാവുന്ന മണ്ഡപത്തറയാണ്‌. ഇതിഹാസ കഥകള്‍ ഇവിടുത്തെ പ്രഭടയില്‍ പുനര്‍ജനിക്കുന്നു. ദക്ഷയാഗവും കൃഷ്‌ണലീലയും ഉള്‍പ്പെടെ പ്രഭടയുടെ ഭാഗമാണ്‌. അഞ്ച്‌, ആറ്‌ കരകളായ കണ്ണമംഗലം തെക്കും വടക്കും നിര്‍മിക്കുന്നത്‌ കെട്ടുകാഴ്‌ചയായ തേരാണ്‌. കേരളത്തിന്റെ ബൗദ്ധ പാരമ്പര്യമാണ്‌ തേരുകളുടെ കമനീയമായ രഥരൂപത്തിന്നുള്ളതെന്ന്‌ ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. ബുദ്ധന്റ ഛത്രങ്ങളെപ്പോലെയാണ്‌ തേരുകളെന്നാണ്‌ വിദഗ്‌ധമതം. മൂലയ്‌ക്കാട്ടുചിറയിലാണ്‌ കണ്ണമംഗലം വടക്ക്‌ കരയിലെ തേര്‌ ഒരുക്കുന്നത്‌. കണ്ണമംഗലം തെക്ക്‌ കരയിലെ തേര്‌ നിര്‍മിക്കുന്നത്‌ കണ്ണമംഗലം മഹാദേവ ക്ഷേത്രത്തിന്‌ മുന്നിലാണ്‌. ഏഴാമത്തെ കരയായ പേളയില്‍ കുതിരയാണ്‌ കെട്ടുകാഴ്‌ച. മണ്ഡപത്തറയിലെ ഭദ്രകാളീമുടി പേള കരയിലെ പ്രത്യേകതയാണ്‌. കടവൂര്‍, ആഞ്ഞിലിപ്രാ, മേനാമ്പള്ളി കരകളിലും തേരുകളാണ്‌ കെട്ടുകാഴ്‌ച. 13-ാമത്തെ കരയായ നടയ്‌ക്കാവില്‍ കുതിരയാണ്‌ ഒരുക്കുന്നത്‌. കെട്ടുകാഴ്‌ചകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച ശേഷം ഭരണി നാളില്‍ നീളമുള്ള വടങ്ങള്‍ കൊണ്ട്‌ കെട്ടി ആബാലവൃദ്ധം ജനങ്ങള്‍ ചേര്‍ന്ന്‌ പാടങ്ങളിലൂടെയും റോഡുകളിലൂടെയും വലിച്ചുകൊണ്ടാണ്‌ കെട്ടുകാഴ്‌ചകള്‍ ക്ഷേത്രത്തിലേക്കെത്തിക്കുന്നത്‌. തുടര്‍ന്ന്‌ കെട്ടുകാഴ്‌ചകള്‍ ദേവീദര്‍ശനം നടത്തി ക്ഷേത്രത്തിന്‌ കിഴക്ക്‌ ഭാഗത്തെ കാഴ്‌ച കണ്ടത്തിലേക്ക്‌ ക്രമപ്രകാരം ഇറങ്ങും.
കൊടിയേറ്റുമില്ല,
ആറാട്ടുമില്ല പക്ഷേ,
ഇവിടെയെന്നും ഉത്സവം

മാവേലിക്കര: കൊടിയേറ്റും ആറാട്ടുമില്ലാത്ത അപൂര്‍വതയാണ്‌ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന്റെ പ്രത്യേകത. ഇവിടെ എന്നും ഉത്സവമാണെന്നാണ്‌ വിശ്വാസം. ഐക്യവും ആത്മസമര്‍പ്പണവും നിറയുന്ന കെട്ടുകാഴ്‌ചള്‍ എള്ളിന്‍കണ്ടങ്ങളിലൂടെ വലിച്ചുകൊണ്ടുവരുന്ന കാഴ്‌ച അവര്‍ണനീയമാണ്‌. ഒരു ജനതതിയാകെ ദേശദേവത യ്‌ക്ക് മുന്നില്‍ തങ്ങളുടെ സര്‍വസ്വവും സമര്‍പ്പിക്കുന്നതാണ്‌ കുംഭഭരണി. കാര്‍ഷിക സമൃദ്ധിയുടെ ഉത്സവം കൂടിയാണിത്‌.
കൊയ്‌ത്ത് കഴിഞ്ഞ പാടങ്ങളില്‍ ഇടവിളകൃഷിയായി എള്ള്‌ വിതച്ച്‌ അത്‌ പൂക്കുമ്പോഴാണ്‌ ഓണാട്ടുകരയ്‌ക്ക് ഉത്സവം. പെരുന്തച്ചന്മാരായ പൂര്‍വസൂരികളായ ശില്‍പികള്‍ നിര്‍മിച്ച ചാരുതയാര്‍ന്ന ദാരു രൂപങ്ങള്‍ അലങ്കരിച്ച്‌ അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഒട്ടും കോട്ടം തട്ടാതെ മക്കളായ 13 കരക്കാരും ചേര്‍ന്ന്‌ കാഴ്‌ചയായി സമര്‍പ്പിക്കുന്നു. ഒപ്പം പ്രധാന വഴിപാടായ കുത്തിയോട്ടവും അമ്മയ്‌ക്ക് സമര്‍പ്പിക്കും. വഴിപാടുകാരുടെ ഗൃഹങ്ങളിലാണ്‌ കുത്തിയോട്ടം നടക്കുന്നത്‌ എന്നതിനാല്‍ മറ്റുത്സവങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി വീടു കള്‍ ദേവസ്‌ഥാനങ്ങളായി മാറുന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്‌. സമത്വത്തിന്റെ സന്ദേശം നല്‍കുന്ന ഒപ്പം പ്രകൃതിയോട്‌ ചേര്‍ന്നുനില്‍ക്കുന്ന, സ്വന്തം നാട്ടിലെ കാര്‍ഷികവിളകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്ന കുതിരമൂട്ടില്‍ കഞ്ഞിയും ഈ നാടിനെ വേറിട്ടു നിര്‍ത്തുന്നു. ചരിത്രവും ഐതിഹ്യവും സമ്മേളിക്കുന്ന നാടിന്‌ പറയാന്‍ ബൗദ്ധ ചരിത്രവും കാര്‍ഷികസമൃദ്ധിയും എല്ലാം ഉണ്ടെങ്കിലും എല്ലാവരുടെയും മനസില്‍ നിറഞ്ഞുനില്‍ക്കുന്നത്‌ സര്‍വവ്യാപിയായ ലോകമാതാവായ ഭഗവതിയുടെ രൂപം മാത്രമാണ്‌.

Ads by Google
Advertisement
Tuesday 17 Feb 2026 09.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW