Friday, March 13, 2026 Last Updated 3 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 04.46 AM

ജനവാസ മേഖലകളില്‍ കാട്ടാനക്കൂട്ടമെത്തുന്നു

uploads/news/2026/02/825785/1.jpg

വെള്ളമുണ്ട: ജനവാസ മേഖലയായ വാളാരംകുന്നില്‍ കാട്ടാനക്കൂട്ടമെത്തുന്നത്‌ പതിവാകുന്നു. കാട്ടാനകള്‍ കൂട്ടാമായെത്തിയാണ്‌ രണ്ടാഴ്‌ചകളായി ഈ മലയോരത്ത്‌ തമ്പടിച്ചിരിക്കുന്നത്‌. ഇത്രയധികം കാട്ടാനകള്‍ ഈ മലയോരത്ത്‌ കൂട്ടമായെത്തുന്നത്‌ ഇതാദ്യമായിട്ടാണ്‌. പകലും രാത്രിയും ഒരുപോലെ കാട്ടാനകള്‍ വീടുകള്‍ക്കരികിലെത്തുന്നതിനാല്‍ ഈ മലയോരം ജാഗ്രതയിലാണ്‌. ആദിവാസി ഉന്നതികളായ വാളാരംകുന്ന്‌, കൊയറ്റുപാറ എന്നിവടങ്ങളിലായി അറുപതോളം വീട്ടുകാരാണ്‌ താമസിക്കുന്നത്‌. കാട്ടാനക്കൂട്ടത്തെ കണ്ടതോടെ കുട്ടികളടക്കം ഭയചകിതരാണ്‌.
കഴിഞ്ഞ ദിവസം കൃഷിയിടങ്ങളിലെത്തിയ കാട്ടാനക്കൂട്ടം വന്‍തോതില്‍ കാര്‍ഷികവിളകള്‍ നശിപ്പിച്ചു. കവുങ്ങ്‌, തെങ്ങ്‌, കാപ്പിച്ചെടുകള്‍ മുതലായവ ചവിട്ടി മെതിച്ചാണ്‌ കാട്ടാനകളുടെ വിളയാട്ടം. കൂട്ടംതെറ്റി നടക്കുന്ന ഒറ്റയാനയും പ്രദേശത്ത്‌ ഭീതി പരത്തുന്നുണ്ട്‌.
കൃഷിയിടത്തില്‍നിന്നും ഇവയെ കഴിഞ്ഞ ദിവസം തുരത്തിയെങ്കിലും വീണ്ടും ഇവിടങ്ങളിലേക്ക്‌ തന്നെയാണ്‌ ഇവയെല്ലാം തിരിച്ചെത്തുന്നത്‌. വെള്ളമുണ്ട ഫോറസ്‌റ്റ് സെക്ഷനില്‍ നിന്നുള്ള വനാതിര്‍ത്തിയിലെ ഫെന്‍സിങ്ങുകള്‍ ഒരുപരിധിവരെ വന്യമൃഗങ്ങളെ ജനവാസ മേഖലയിലേക്കിറങ്ങുന്നത്‌ തടയുന്നുണ്ടെങ്കിലും പടിഞ്ഞാറത്തറ സെക്ഷനില്‍ അഞ്ഞൂറോളം മീറ്റര്‍ ദൂരം ഫെന്‍സിങ്ങ്‌ ഇല്ല. ഇതുവഴിയാണ്‌ ഇത്തവണയും തരിയോട്‌ വനത്തില്‍നിന്ന്‌ കാട്ടാനകള്‍ ഈ മലയോരത്തേക്കെത്തിയത്‌. ചെങ്കുത്തായ മലയോരങ്ങളും കൃഷിയിടങ്ങളുമായതിനാല്‍ ഈ പ്രദേശങ്ങളില്‍നിന്ന്‌ കാട്ടാനകളെ തുരത്തല്‍ ദുഷ്‌കരമാവുകയാണ്‌. പടക്കം പൊട്ടിച്ചും മറ്റും തുരത്താനുള്ള ശ്രമങ്ങള്‍ വിഫലമാണ്‌. ഇതിന്‌ മുന്‍പ്‌ പുളിഞ്ഞാല്‍ നെല്ലിക്കച്ചാലില്‍ വനംവകുപ്പിന്റെ ചിറപ്പുല്ല്‌ ട്രക്കിങ്ങിനിടയില്‍ താത്‌കാലിക വാച്ചര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം വനംവകുപ്പ്‌ ഇവിടെയുള്ള ട്രക്കിങ്ങ്‌ നിര്‍ത്തിവെച്ചിരുന്നു. കാട്ടാനകള്‍ സ്‌ഥിരം സാന്നിധ്യമില്ലാത്ത മലയോരമായതിനാല്‍ ട്രക്കിങ്ങ്‌ അടക്കം പുനരാരംഭിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്‌.

പനമരത്ത്‌ വീണ്ടും കാട്ടാനകള്‍

പനമരം: ഒരു ഇടവേളയക്കു ശേഷം പനമരം എരനെല്ലൂരില്‍ വീണ്ടും കാട്ടാനകള്‍ എത്തി. വാടോച്ചാല്‍, മേച്ചേരി ഭാഗത്ത്‌ രണ്ട്‌ ആനകളാണ്‌ ഇന്നലെ പുലര്‍ച്ചെയോടെ ജനവാസ മേഖലയിലേക്ക്‌ എത്തിയത്‌. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ വനം വകുപ്പ്‌ അധികൃതര്‍ ആനകളെ പ്രദേശത്ത്‌ നിന്നു തുരത്തി.
എരനെല്ലൂര്‍ ഭാഗത്ത്‌ ആദ്യമെത്തിയ കാട്ടാനകളെ മാനന്തവാടി റേഞ്ച്‌ ഓഫിസില്‍ നിന്ന്‌ എത്തിയ വനം വകുപ്പ്‌ ജീവനക്കാര്‍ തുരത്താന്‍ ശ്രമിച്ചതോടെ ആനകള്‍ മേച്ചേരിയില്‍ എത്തുകയായിരുന്നു. എല്ലാവര്‍ഷവും ഈ ഭാഗത്തേക്ക്‌ ആനകള്‍ എത്തുന്നതിനാല്‍ ഭീതിയിലാണ്‌ തങ്ങള്‍ ഉള്ളതെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. പാതിരി സൗത്ത്‌ സെക്ഷന്‍ വനമേഖലയില്‍ നിന്നാണ്‌ രണ്ട്‌ കൊമ്പന്മാര്‍ പനമരം ചെറുപുഴ കടന്ന്‌ മേച്ചേരി ഭാഗത്ത്‌ എത്തിയത്‌. വനം വകുപ്പ്‌ ജീവനക്കാരും ആര്‍.ആര്‍.ടി സംഘം ഉള്‍പ്പെടെയുള്ളവരും ചേര്‍ന്നാണ്‌ ആനകളെ തുരത്തിയത്‌.

Ads by Google
Advertisement
Tuesday 17 Feb 2026 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW