Friday, March 13, 2026 Last Updated 23 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 04.46 AM

താനൂര്‍- തെയ്യാല റെയില്‍വേ മേല്‍പ്പാലം നാടിന്‌ സമര്‍പ്പിച്ചു

uploads/news/2026/02/825781/1.jpg

താനൂര്‍: താനൂര്‍- തെയ്യാല റെയില്‍വേ മേല്‍പ്പാലം പൊതുമരാമത്ത്‌- ടൂറിസം വകുപ്പ്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്‌തു. പശ്‌ചാത്തല സൗകര്യം വികസനം എന്താണെന്ന്‌ ജനങ്ങള്‍ അനുഭവിച്ചറിഞ്ഞ കാലഘട്ടമാണ്‌ ഇതെന്ന്‌ മന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. അഞ്ച്‌ വര്‍ഷം കൊണ്ട്‌ 60% ബി.എം ആന്റ്‌ ബി.സി റോഡുകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചു. മുടങ്ങിപ്പോകും എന്ന അവസ്‌ഥ വന്ന ദേശീയപാത വികസനത്തിനായി സംസ്‌ഥാന സര്‍ക്കാര്‍ 5550 കോടി രൂപ വകയിരുത്തി. അറുനൂറോളം കിലോമീറ്റര്‍ വരുന്ന ദേശീയപാതയുടെ 500 കിലോമീറ്റര്‍ വരെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
തീരദേശഹൈവേ, മലയോരഹൈവേ, തുരങ്ക പാത എന്നിവയെല്ലാം മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നു. റോഡ്‌ നവീകരണത്തിനായി കിഫ്‌ബി, നബാര്‍ഡ്‌, റീബില്‍ഡ്‌ കേരള എന്നീ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച്‌ 35,000 കോടി രൂപ ചെലവഴിച്ചു. അഞ്ചുവര്‍ഷംകൊണ്ട്‌ 100 പാലങ്ങള്‍ എന്ന ലക്ഷ്യം 150 പാലം വരെ എത്തി. മുപ്പതോളം റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്‌ . പശ്‌ചാത്തല സൗകര്യ വികസനത്തില്‍ കിഫ്‌ ബിയുടെ പങ്ക്‌ എടുത്ത്‌ പറയേണ്ടതാണെന്ന്‌ മന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ-കായിക- വഖഫ്‌ വകുപ്പ്‌ മന്ത്രി വി. അബ്‌ദുറഹ്‌മാന്‍ അധ്യക്ഷനായിരുന്നു. 95 ശതമാനത്തോളം പദ്ധതികളും മണ്ഡലത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന്‌ മന്ത്രി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
ലെവല്‍ ക്രോസ്‌ മുക്‌ത കേരളം എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിന്റെ ഭാഗമായി കിഫ്‌ ബി ഫണ്ടില്‍നിന്ന്‌ 33.3 കോടി രൂപ ചെലവഴിച്ചാണ്‌ മേല്‍പ്പാലം നിര്‍മ്മിച്ചത്‌.
റോഡ്‌സ് ആന്‍ഡ്‌ ബ്രിഡ്‌ജസ്‌ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ കേരള ലിമിറ്റഡ്‌ മുഖേന നിര്‍മാണം പൂര്‍ത്തിയാക്കിയ മേല്‍പ്പാലം വഴി താനൂരിലെ ജനങ്ങള്‍ക്കും താനൂരിനെ ആശ്രയിക്കുന്ന കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും തടസ്സങ്ങള്‍ ഇല്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും. താനൂര്‍ ഹാര്‍ബര്‍, താലൂക്ക്‌ ആശുപത്രി, കച്ചവട സ്‌ഥാപനങ്ങള്‍ തുടങ്ങിയവയെ ആശ്രയിക്കുന്നവര്‍ക്ക്‌ മേല്‍പ്പാലം വരുന്നതോടെ വലിയ ആശ്വാസമാവുകയാണ്‌. നിരവധി ട്രെയിനുകള്‍ കടന്നുപോകുന്ന റെയില്‍വേ ലൈനില്‍ കുരുങ്ങി കിലോമീറ്ററോളം ദൂരത്തില്‍ വാഹനങ്ങള്‍ കിടക്കുന്ന ദുരവസ്‌ഥ മാറ്റുന്നതിന്‌ ഇതോടെ പരിഹാരമായി. അപ്രോച്ച്‌ റോഡിന്റെ പത്തു ശതമാനത്തോളം പ്രവൃത്തികള്‍ മാത്രമാണ്‌ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളത്‌.
ജനറല്‍ മാനേജര്‍ എം. അന്‍സാര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ലാമിഹ്‌ റഹ്‌മാന്‍, എം. സുചിത്ര, യു.എന്‍. ജാസ്‌മിന്‍, ശുഹൈബ്‌, ആര്‍.ബി.ഡി.സി.കെ. പ്രോജക്‌ട് മാനേജര്‍ അനില്‍കുമാര്‍, സംസ്‌ഥാന സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രതിനിധി ഇ. ജയന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ്‌ ഏരിയ മാനേജര്‍ ഒ.കെ. ബേബി ശങ്കര്‍, റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി ജനചന്ദ്രന്‍, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.ആര്‍.ബി.ഡി. സി.കെ. ഡെപ്യൂട്ടി ജനറല്‍ മനേജര്‍ സി. ദേവേശന്‍ സ്വാഗതം പറഞ്ഞു,

Ads by Google
Advertisement
Tuesday 17 Feb 2026 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW