-->
സ്‌ത്രീകളുടെയും കുട്ടികളുടെയും മേഖലയില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്‌ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന അര്‍ദ്ധ ജുഡീഷ്യറിസ്വഭാവമുള്ള സമിതിയാണ് ജാഗ്രത സമിതികള്‍. നിരവധി പരാതികളാണ് നിത്യേന ജാഗ്രത സമിതിക്ക് മുന്നില്‍ എത്തുന്നത്.
കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബങ്ങളിലേക്ക് സമൂഹം മാറിയപ്പോള്‍ കുടുംബബന്ധങ്ങളില്‍ ഉണ്ടായ താളപ്പിഴകളാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്. മുന്‍കൂട്ടി തീയ്യതി നിശ്‌ചയിച്ച് മണിക്കൂറുകളോളം നീണ്ട കൂടിയിരിപ്പുകളിലൂടെയാണ് ജാഗ്രതാ സമിതികള്‍ പല വിഷയങ്ങളും പരിഹരിക്കുന്നത്. പ്രായമാകുമ്പോള്‍ മാതാപിതാക്കളെ സംരക്ഷിക്കാതെ ഒഴിഞ്ഞുമാറുന്ന മക്കളെ കണ്ടെത്തി അവര്‍ക്ക് തണലാകാന്‍ന്‍ നിര്‍ദ്ദേശിക്കുക, കുടുംബ ബന്ധത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്നു നില്‍ക്കുന്ന ദമ്പതികളെ കൂട്ടി യോജിപ്പിക്കല്‍, വിദ്യാലയങ്ങളില്‍ സ്‌ഥാപിച്ച പരാതിപ്പെട്ടികളിലെ പരാതി പരിഹരിക്കല്‍, പീഡന പരാതികള്‍ നിയമ വഴിയില്‍ എത്തിക്കുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളാണ് മട്ടന്നൂരിലെ ജാഗ്രതാ സമിതി ചെയ്‌തു വന്നത്.
സമിതിയുടെ ഭാഗമായി ഒരു കൗണ്‍സിലിംഗ് സെന്ററും പ്രവര്‍ത്തിച്ചു വരുന്നു. 35 വാര്‍ഡുകളിലും വാര്‍ഡ് തല സമിതികളും നിലവിലുണ്ട്. എല്ലാ വാര്‍ഡുകളിലും ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം വിശദീകരിക്കുന്ന ജാഗ്രതാ ബോര്‍ഡുകളും പരാതിപ്പെട്ടികളും സ്‌ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 21 വ്യത്യസ്‌തമായ പരാതികളാണ് ജാഗ്രതാ സമിതിക്കുമുന്നിലെത്തിയത്. നഗരസഭാ അധ്യക്ഷന്‍ ചെയര്‍മാനായ സമിതിയില്‍ നഗരസഭ ഭരണ സമിതിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, പോലീസ് ഉദ്യോഗസ്‌ഥര്‍, അഭിഭാഷകര്‍, കുടുംബ ശ്രീ ചെയര്‍പേഴ്‌സണ്‍, വനിതാ സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരാണ് സമിതിയില്‍ ഉള്ളത്. സംസ്‌ഥാന വനിതാ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ജാഗ്രത സമിതിക്കുള്ള പുരസ്‌കാരമാണ് മട്ടന്നൂരിനെ തേടിയെത്തിയത്.
ഫെബ്രവരി 18 ന് തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് നഗരസഭാ ചെയര്‍മാന്‍ എന്‍.ഷാജിത്തും ഭരണ സമിതി അംഗങ്ങളും ചേര്‍ന്ന് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങും.
കെ പി. അനില്‍കുമാര്‍
മട്ടന്നൂര്‍