Wednesday, March 11, 2026 Last Updated 23 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 04.45 AM

ജില്ലാ കലക്‌ടറുടെ ഇന്റേണ്‍ഷിപ്പ്‌ പ്രോഗ്രാമില്‍ പങ്കാളികളായത്‌ നാനൂറിലേറെ യുവജനങ്ങള്‍

uploads/news/2026/02/825775/3.jpg

കോഴിക്കോട്‌: കോഴിക്കോടിന്റെ വികസന, സാമൂഹികക്ഷേമ പദ്ധതികളില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കുന്ന കോഴിക്കോട്‌ ജില്ലാ കലക്‌ടറുടെ ഇന്റേണ്‍ഷിപ്പ്‌ പ്രോഗ്രാമില്‍ (ഡി.സി.ഐ.പി) പത്ത്‌ വര്‍ഷത്തിനിടെ പങ്കാളികളായത്‌ നാനൂറിലേറെ യുവജനങ്ങള്‍. ജില്ലാ തലത്തില്‍ ഭരണനിര്‍വഹണ രംഗത്ത്‌ യുവജനങ്ങള്‍ക്ക്‌ അവസരം ഒരുക്കുന്ന ദേശീയ തലത്തിലെ തന്നെ ആദ്യ ഇന്റേണ്‍ഷിപ്പ്‌ പ്രോഗ്രാമാണിത്‌.
കോഴിക്കോട്‌ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റുമായി ചേര്‍ന്ന്‌ 2015 ജൂണില്‍ കമ്പാഷ്യനേറ്റ്‌ കോഴിക്കോട്‌ പദ്ധതിയുടെ ഭാഗമായാണ്‌ ഇന്റേണ്‍ഷിപ്പ്‌ ആരംഭിച്ചത്‌. കോഴിക്കോട്‌ ഐ.ഐ.എം, അസീം പ്രേംജി യൂനിവേഴ്‌സിറ്റി, എന്‍.എസ്‌.എസ്‌ എന്നിവര്‍ പദ്ധതിയുടെ സഹകാരികളാണ്‌.പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ അവസരം നല്‍കി ജില്ലാ ഭരണകൂടത്തോടൊപ്പം വികസന, സാമൂഹികക്ഷേമ പദ്ധതികളിലും പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതല്‍ സജീവ പങ്കാളിത്തം ഉറപ്പുവരുത്തി കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുകയാണ്‌ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്‌. പാര്‍ശ്വവത്‌കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്താനും വിവിധ സര്‍ക്കാര്‍ പദ്ധതികളെ വിശകലനം ചെയ്ാനുയം ഇതുവഴി അവസരം ലഭിക്കും.
ഭിന്നശേഷിക്കാര്‍, പട്ടികവര്‍ഗ വിഭാഗക്കാര്‍, വിധവകള്‍, തെരുവില്‍ അലയുന്നവര്‍, സര്‍ക്കാര്‍ ക്ഷേമ ഭവനങ്ങളില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമാക്കിയാണ്‌ പ്രധാനമായും പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്‌. നിപ, കോവിഡ്‌ പ്രതിരോധപ്രവര്‍ത്തനങ്ങളിലും പ്രളയ അതിജീവന പ്രവര്‍ത്തനങ്ങളിലുമെല്ലാം നിര്‍ണായക പങ്ക്‌ വഹിക്കാന്‍ ഡി.സി.ഐ.പിക്ക്‌ സാധിച്ചു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക്‌ രണ്ട്‌ ഘട്ടങ്ങളിലായി മുഖ്യമന്ത്രിയില്‍നിന്ന്‌ പുരസ്‌കാരങ്ങളും ലഭിച്ചു.
ജില്ലയുടെ പ്രധാന പദ്ധതികളായ ഓപറേഷന്‍ സുലൈമാനി, കുതിരവട്ടം മാനസികാശുപത്രിയിലെ ഇടപെടലുകള്‍, കമ്പാഷ്യനേറ്റ്‌ കോഴിക്കോട്‌ സ്‌കോളര്‍ഷിപ്പ്‌ വിതരണം, സീറോ വേസ്‌റ്റ് കോഴിക്കോട്‌, എനേബ്ലിങ്‌ കോഴിക്കോട്‌, ക്യാമ്പസസ്‌ ഓഫ്‌ കോഴിക്കോട്‌, നമ്മുടെ കോഴിക്കോട്‌, കൈയെത്തും ദൂരത്ത്‌, സി.ഡി.എം.സി, ക്രാഡില്‍, അദാലത്തുകള്‍, ഹാപ്പി ഹില്‍, ഉദയം, ഉയരാം ഒന്നിച്ച്‌, പുതുലഹരി എന്നിവയിലെല്ലാം നിര്‍ണായക പങ്ക്‌ വഹിച്ചു.
ഉദ്യോഗജ്യോതി തൊഴില്‍ പിന്തുണ പദ്ധതി, സഹമിത്ര ഭിന്നശേഷി രേഖ വിതരണം, പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്‌ഥാന രേഖ വിതരണം, ഉന്നതികളിലെ സമഗ്ര വിവരശേഖരണം, അടിസ്‌ഥാന സൗകര്യ വികസനം, ജീവിത ശൈലി രോഗങ്ങള്‍ സംബന്ധിച്ച ബോധവത്‌കരണം, മെഡിക്കല്‍ ക്യാമ്പുകള്‍, ഇലക്‌ടറല്‍ ലിറ്ററസി ക്ലബ്‌, തിരഞ്ഞെടുപ്പ്‌ പ്രചാരണ - അവബോധ പരിപാടികള്‍, വോട്ടര്‍ രജിസ്‌ട്രേഷന്‍, ആഭ്യന്തര വിദേശ വിനോദ സഞ്ചാര പ്രചാരണ പ്രവര്‍ത്തനങ്ങള്‍, മാനസികാരോഗ്യം സംബന്ധിച്ച പ്രചാരണങ്ങള്‍, സമൂഹ മാധ്യമ ക്യാമ്പയിനുകള്‍ തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിച്ചുവരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇകണോമിക്‌സ്, ഐ.ഐ.എം, ഐ.ഐ.ടികള്‍, എന്‍.ഐ.ടി.കള്‍, ജെ.എന്‍.യു. എന്നിവയുള്‍പ്പെടെ പ്രമുഖ സ്‌ഥാപനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഇതിനകം ഡി.സി.ഐ.പിയുടെ ഭാഗമായിട്ടുണ്ട്‌. ഈ മാതൃക പിന്തുടര്‍ന്ന്‌ സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ ജില്ലാ കലക്‌ടര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പദ്ധതി ആരംഭിക്കുകയും ചെയ്‌തു.
ജില്ലാ കലക്‌ടറുടെ ഇന്റേണ്‍ഷിപ്‌ പ്രോഗ്രാമിലെ (ഡി.സി.ഐ.പി) 2026 മാര്‍ച്ച്‌-ജൂണ്‍ ബാച്ചിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ യുവജനങ്ങള്‍ക്ക്‌ ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ്‌ ഇന്റേണ്‍ഷിപ്പ്‌ പ്രോഗ്രാം. പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ ഇതിലൂടെ അവസരം ലഭിക്കും.

Ads by Google
Advertisement
Tuesday 17 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW