-->
കല്‍പ്പറ്റ: സേവന വേതന വ്യവസ്‌ഥ കരാര്‍ പുതുക്കുന്നതിനുള്ള നടപടികള്‍ വൈകുന്നതില്‍ തോട്ടംതൊഴിലാളികള്‍ പ്രതിഷേധത്തില്‍.
മൂന്ന് വര്‍ഷം കൂടുമ്പോഴാണ് തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്‌ഥ കരാര്‍ പുതുക്കുക. കഴിഞ്ഞതവണ, 2021 ഡിസംബര്‍ 31നു കൂലിയുടെ കാലാവധി അവസാനിച്ചിട്ട് ഒന്നര വര്‍ഷത്തിനു ശേഷം 2023 ജൂണിലാണു പുതിയ കൂലി പുതുക്കി നിശ്‌ചയിച്ചത്. ഒന്നര വര്‍ഷത്തെ മുന്‍കാല പ്രാബല്യം ലഭിക്കേണ്ടത് ഒരു വര്‍ഷം നഷ്‌ടപ്പെടുത്തി 2023 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കിയാണു കൂലി പുതുക്കി നിശ്‌ചയിച്ചത്.
അന്ന് മാസ ശമ്പളക്കാരുടേത് അടക്കമുള്ള മറ്റു ആനുകൂല്യങ്ങള്‍ പുതുക്കി നിശ്‌ചയിക്കുന്നതിനു ഉപസമിതി രൂപീകരിച്ചിരുന്നു. എന്നാല്‍, നിലവിലുള്ള കൂലിയുടെ കാലാവധി അവസാനിച്ചിട്ടു പോലും ഉപസമിതി യോഗം ചേരുകയോ തീരുമാനമെടുക്കുകയോ ചെയ്‌തിട്ടില്ലെന്ന് തോട്ടം തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ഓഗസ്‌റ്റ് 19ന് തിരുവനന്തപുരത്ത് ലേബര്‍ കമ്മിഷണറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രാഥമിക ചര്‍ച്ച നടന്നതല്ലാതെ പിന്നീട് നടപടികളൊന്നുമുണ്ടായിട്ടില്ല. തൊഴിലാളികളുടെ അധ്വാനഭാരം വര്‍ധിപ്പിക്കാതെ തന്നെ 2026 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി മുന്‍കാല പ്രാബല്യത്തോടെ പ്രതിദിന വേതനം 800 രൂപയാക്കി പുതുക്കി നിശ്‌ചയിക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപെടുന്നത്.