Saturday, March 14, 2026 Last Updated 15 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 04.59 AM

വയനാട്‌ മെഡിക്കല്‍ കോളജ്‌ ആക്ഷന്‍ കമ്മിറ്റിയുടെ കേസ്‌ ലോകായുക്‌ത ഫയലില്‍ സ്വീകരിച്ചു

കല്‍പ്പറ്റ: വയനാട്‌ ജില്ലയ്‌ക്ക് അനുവദിച്ച മെഡിക്കല്‍ കോളജ്‌ മടക്കിമലയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്‌റ്റ് സൗജന്യമായി വിട്ടുനല്‍കിയ ഭൂമിയില്‍ അനുവദിക്കുന്നതിനായി മെഡിക്കല്‍ കോളജ്‌ ആക്ഷന്‍ കമ്മിറ്റി ലോകായുക്‌തയില്‍ ഫയല്‍ ചെയ്‌ത കേസ്‌ ഫയലില്‍ സ്വീകരിച്ച്‌ എതിര്‍കക്ഷികള്‍ക്ക്‌ നോട്ടിസ്‌ അയക്കാന്‍ ഉത്തരവായി.
ജസ്‌റ്റിസ്‌ എന്‍. അനില്‍കുമാര്‍, ഷിര്‍ഷി. വി ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ്‌ ഉത്തരവ്‌. ഫെബ്രുവരി മൂന്നിനു നടന്ന പ്രാരംഭ വാദത്തിനൊടുവില്‍ ആണ്‌ കേസ്‌ ഫയലില്‍ സ്വീകരിക്കുന്നതിനും എതിര്‍ കക്ഷികളോട്‌ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട്‌ നോട്ടിസ്‌ അയയ്‌ക്കാനും ഉത്തരവായത്‌. സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ ചീഫ്‌ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്‌ സെക്രട്ടറി, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി, വയനാട്‌ ജില്ലാ കലക്‌ടര്‍ എന്നിവരാണ്‌ എതിര്‍ കക്ഷികള്‍.
കേസിന്റെ അടുത്ത അവധിയായ മാര്‍ച്ച്‌ 25 ന്‌ കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാണ്‌ ഉത്തരവ്‌. മെഡിക്കല്‍ കോളജ്‌ സ്‌ഥാപിക്കുന്നതിനായി മടക്കിമലയില്‍ 50.12 ഏക്കര്‍ ഭൂമി സര്‍ക്കാരിന്‌ സൗജന്യമായി വിട്ടു നല്‍കുകയും സര്‍ക്കാര്‍ ഈ ഭൂമി ഏറ്റെടുത്ത്‌ കൈവശം വച്ചു വരികയും മെഡിക്കല്‍ കോളജിന്റെ ഉദ്‌ഘാടനം നടത്തുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്‌തതിന്‌ ശേഷം മതിയായ യാതൊരു കാരണവും ന്യായീകരണവും ഇല്ലാതെ ഈ ഭൂമി ഉപേക്ഷിക്കുകയും മെഡിക്കല്‍ കോളജ്‌ മാനന്തവാടിയില്‍ മാത്രമേ സ്‌ഥാപിക്കുകയുള്ളൂ എന്ന ദുര്‍വാശിയും പിടിവാശിയും നിമിത്തം സര്‍ക്കാരിന്‌ കോടികളുടെ നഷ്‌ടം ഉണ്ടാവുകയും ചെയ്‌തു.
കൂടാതെ പേരു മാറ്റത്തിലൂടെ മാത്രം ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജ്‌ ആക്കി ഉയര്‍ത്തിയതിലൂടെ വയനാട്ടുകാര്‍ക്ക്‌ ലഭിക്കേണ്ടിയിരുന്ന ജില്ലാ ആശുപത്രിയുടെയും മെഡിക്കല്‍ കോളജിന്റെയും പ്രയോജനം ഇല്ലാതായി. വയനാട്‌ ജില്ലയ്‌ക്ക് ഇപ്പോള്‍ ജില്ലാ ആശുപത്രി ഇല്ലാതായി. അടിസ്‌ഥാന സൗകര്യങ്ങളോ ചികിത്സ സൗകര്യങ്ങളോ ഇല്ലാതെ പേരിനു മാത്രം പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജ്‌ കൊണ്ട്‌ ജനത്തിന്‌ ഉപകാരമില്ലാതായി. ഇത്‌ ലോകായുക്‌ത നിയമം അനുശാസിക്കുന്ന ദുര്‍ഭരണം അനീതി വിവേചനം അടിച്ചമര്‍ത്തല്‍ എന്നിവയുടെ നിര്‍വചനത്തില്‍ വരുമെന്നും അതിനാല്‍ ഈ വിഷയത്തെ സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തി മെഡിക്കല്‍ കോളജ്‌ മടക്കിമലയിലെ ഭൂമിയില്‍ തന്നെ സ്‌ഥാപിക്കുന്നതിന്‌ വേണ്ട ഉത്തരവ്‌ നല്‍കണമെന്നുമാണ്‌ ഹര്‍ജിയിലെ ആവശ്യം.
ഹര്‍ജിക്കാരന്‌ വേണ്ടി സീനിയര്‍ അഭിഭാഷകനും മെഡിക്കല്‍ കോളജ്‌ ആക്ഷന്‍ കമ്മിറ്റിയുടെ രക്ഷാധികാരി കൂടിയായ അഡ്വക്കേറ്റ്‌ വി.പി. എല്‍ദോ ലോകായുക്‌തയില്‍ ഹാജരായി. ഇതിനിടയില്‍ കേരള ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച്‌ മെഡിക്കല്‍ കോളജ്‌ വിഷയത്തില്‍ ആക്ഷന്‍ കമ്മിറ്റി നല്‍കിയ നിവേദനം പരിഗണിച്ച്‌ തീരുമാനമെടുക്കണമെന്ന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടതില്‍ മെഡിക്കല്‍ കോളേജ്‌ പൂര്‍ണ തോതില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനാലും അധ്യായനവും ചികിത്സ സൗകര്യങ്ങളും കേന്ദ്രീകരിച്ചിട്ടുള്ളതിനാലും ഹര്‍ജിക്കാരുടെ നിവേദനത്തിലെ ആവശ്യങ്ങള്‍ പരിഗണിക്കുവാന്‍ നിര്‍വാഹമില്ല എന്ന്‌ അറിയിപ്പോടെ ആക്ഷന്‍ കമ്മിറ്റിയുടെ നിവേദനം തള്ളുകയാണ്‌ സര്‍ക്കാര്‍ ചെയ്‌തത്‌.
മെഡിക്കല്‍ കോളജ്‌ മാനന്തവാടിയിലേക്ക്‌ മാറ്റുന്നതിന്‌ സര്‍ക്കാര്‍ നിരത്തിയ അതേ ബാലിശമായ കാരണങ്ങള്‍ നിരത്തി യാതൊരു നീതീകരണവും ന്യായീകരണവും ഇല്ലാതെയാണ്‌ ഹൈക്കോടതിയുടെ നിര്‍ദേശത്തെയും സര്‍ക്കാര്‍ അവഗണിച്ചിരിക്കുന്നത്‌. ഇതിനെതിരെ ശക്‌തമായ നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും പൂര്‍ണ്ണ വിജയത്തില്‍ എത്തുന്നതുവരെ നിയമ പോരാട്ടവും പ്രക്ഷോഭ പരിപാടികളും തുടരുമെന്ന്‌ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ ചേര്‍ന്ന പ്രവര്‍ത്തക കൂട്ടായ്‌മയില്‍ നിരവധി പേര്‍ പങ്കെടുത്തു.
എസ്‌.എച്ച്‌.ആര്‍.പി.സി ജില്ലാ പ്രസിഡന്റ്‌ കെ.എന്‍. പ്രേമലത അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ്‌ വി.പി. എല്‍ദോ കേസിനെ സംബന്ധിച്ചു തുടര്‍ പ്രവര്‍ത്തനത്തെ കുറിച്ചും വിവരിച്ചു. കെ.ജെ. വര്‍ഗീസ്‌, ബിന്ദു മില്‍ട്ടന്‍ ചേമ്പര്‍ ഓഫ്‌ കോമേഴ്‌സ്, എ.വി. രാജേന്ദ്രപ്രസാദ്‌, കെ. ഫസ്‌ന, സി.എച്ച്‌. സജിത്‌കുമാര്‍, ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം. ബാലകൃഷ്‌ണന്‍ പ്രസംഗിച്ചു. എസ്‌.എച്ച്‌.ആര്‍.പി.സി ജില്ലാ സെക്രട്ടറി കെ.വി. ഗോകുല്‍ദാസ്‌ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സദസ്സില്‍ എസ്‌.എച്ച്‌.ആര്‍.പി.സി വയനാട്‌ ഇറക്കിയ പോളിഫോണി സുവനീറിന്റെ പ്രകാശനം ശാന്തകുമാരി വിനായകയ്‌ക്ക് നല്‍കി അഡ്വ. വി.പി. എല്‍ദോ നിര്‍വഹിച്ചു. എം. വേണുഗോപാല്‍ നന്ദി പറഞ്ഞു.

Ads by Google
Advertisement
Monday 16 Feb 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW