-->
നാരങ്ങാനം: ചൂട്ട് വയ്‌പ്പോടെ നാരങ്ങാനം പടയണിക്ക് ആചാരാനുഷ്‌ഠാനങ്ങളോടെ തുടക്കം. കളരി വിളക്ക് കൊളുത്തി വെച്ചൊരുക്കുകളും ഗണപതി പൂജയും ദക്ഷിണ സമര്‍പ്പണവും നടത്തിയ ശേഷമാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.പടയണി ആശാന്‍ ടി.പി.കുട്ടന്‍ കൂവി വിളിച്ചു. മറുകൂവ് കേട്ട കരസ്‌ഥാനി മുണ്ടയ്‌ക്കല്‍ ചാന്ദാര്‍ ചൂട്ടും നാളികേരവും ആയുധവുമായി എത്തി പടയണി കളത്തില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് മനോജ് കുമാര്‍ കൊട്ടി കാവിലമ്മയെ ആശാന്‍ രാധാകൃഷ്‌ണന്‍ നായരുടെ അനുജ്‌ഞയോടെ കൊട്ടി വിളിച്ചു.
അവകാശമുള്ള കരസ്‌ഥാനി പൊന്മേലില്‍ രഘുലാല്‍ ചൂട്ട് കൊളുത്തി, കരവാസികളും പടയണി പ്രവര്‍ത്തകരും ഒപ്പം തപ്പ് താളത്തില്‍ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം നടത്തി. തുടര്‍ന്ന് പടയണി കളത്തില്‍ ചൂട്ട് വെച്ചു. പിന്നീട് മനോജ് കുമാര്‍ കൊട്ടി അടക്കി സമര്‍പ്പിച്ചു.ചടങ്ങില്‍ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ.ജി. സുരേഷ് കുമാര്‍, സെക്രട്ടറി ശ്രീകാന്ത് കളരിക്കല്‍, വൈസ് പ്രസിഡന്റ് രതീഷ് കുമാര്‍, സജീവ് എസ്., ടി.വി. രാജീവ് എന്നിവര്‍ ദക്ഷിണ സമര്‍പ്പിച്ചു.പടയണിയുടെ ചടങ്ങുകള്‍ക്ക് ഇതോടെ തുടക്കമായി.