-->
കോട്ടയം: പതിമൂന്നു വര്‍ഷത്തിനൊടുവില്‍ കോടിമത രണ്ടാം പാലം യാഥാര്‍ഥ്യമാകുന്നു. അപ്രോച്ച് റോഡിന്റെ പണികള്‍ അവസാന ഘട്ടത്തിലായ പാലം തെരഞ്ഞെടുപ്പിനു മുമ്പ് തുറന്നു കൊടുക്കുമെന്നാണു യാത്രക്കാരുടെ പ്രതീക്ഷ. കോടിമത നാലുവരിപ്പാതയുടെ നിര്‍മാണവും എം.സി. റോഡ് വികസനവും പൂര്‍ത്തിയായതോടെ കുപ്പിക്കഴുത്തായി മാറിയിരുന്നു നിലവിലെ കോടിമത പാലം. എം.സി. റോഡ് നവീകരണത്തിനൊപ്പം രണ്ടാം പാലം നിര്‍മാണം ആരംഭിച്ചുവെങ്കിലും പല കാരണങ്ങളാല്‍ വൈകി. പാലം നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അപ്രാച്ച് റോഡിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ തടസങ്ങളുണ്ടാകുകയായിരുന്നു.
2013ല്‍ 9.84 കോടിയുടെ ഭരണാനുമതിയോടെ നിര്‍മാണം ആരംഭിച്ച പാലത്തിന്റെ നിര്‍മാണമാണ് ഇപ്പോള്‍ അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്. തടസപ്പെട്ടു കിടന്ന നിര്‍മാണം പൊതുമരാമത്ത് മന്ത്രിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ നടത്തിയ കൂടിക്കാഴ്‌ചയെ തുടര്‍ന്നാണ് പുനരാരംഭിച്ചത്. കൊടൂരാറിന് മുകളിലൂടെ 200 മീറ്ററാണ് പാലത്തിന്റെ ആകെയുള്ള നീളം. അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി ഇരുവശങ്ങളിലും മണ്ണിട്ടുറപ്പിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.
അപ്രോച്ച് റോഡിനെ എം.സി. റോഡുമായി ബന്ധിപ്പിക്കുന്ന ജോലികളാണ് അവശേഷിക്കുന്നത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ കോടിമത ഭാഗത്തെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. നിലവില്‍ നാലുവരിപ്പാതയില്‍നിന്നു പാഞ്ഞെത്തുന്ന വാഹനങ്ങള്‍ ഇടുങ്ങിയ പാലത്തില്‍ കയറാന്‍ വേഗം കുറയ്‌ക്കുന്നതു ഗതാഗത തടസത്തിനു കാരണമാകുന്നു. മാര്‍ക്കറ്റ് റോഡില്‍ നിന്നുള്ള വാഹനങ്ങള്‍ എം.സി.റോഡിലേക്കു കയറുമ്പോഴുണ്ടാകുന്ന ഗതാഗത ക്ലേശത്തിനും പുതിയ പാലത്തിന്റെ വരവോടെ അയവു വരും.
കോടിമതപാലം സാക്ഷാത്‌കരിക്കുന്നതോടെ, നാഗമ്പടത്തും ഇല്ലിക്കലും സമാന്തര പാലം നിര്‍മ്മിക്കുന്നതിനുള്ള സാധ്യതയും വര്‍ദ്ധിക്കും. പട്ടണത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രധാന പാലങ്ങളാണിവ.
ഇവയ്‌ക്ക് ദൗര്‍ബല്യങ്ങള്‍ സംഭവിച്ചാല്‍ പട്ടണത്തിലേക്ക് പ്രവേശിക്കാനും തടസം നേരിടും. പരീക്ഷണം എന്ന നിലയിലാണ് കോടിമത രണ്ടാംപാലം.