Tuesday, March 10, 2026 Last Updated 36 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 04.59 AM

ഹോ... എന്തൊരുഷ്‌ണം! റെക്കോര്‍ഡ്‌ ചൂടില്‍ ഉരുകി കോട്ടയം; പതിവിലും 2.9 ഡിഗ്രി കൂടുതല്‍ 37 ഡിഗ്രി

uploads/news/2026/02/825653/1.jpg

കോട്ടയം: വേനല്‍ മഴ പ്രതീക്ഷകള്‍ വൈകുമ്പോള്‍ സീസണിലെ റെക്കോര്‍ഡ്‌ ചൂടുമായി കോട്ടയം. ശനിയാഴ്‌ച ജില്ലയില്‍ അനുഭവപ്പെട്ടത്‌ ഈ വര്‍ഷം ജില്ലയില്‍ അനുഭവപ്പെട്ട റെക്കോര്‍ഡ്‌ ചൂടായ 37 ഡിഗ്രി സെല്‍ഷ്യസ്‌. സാധാരണ നിലയേക്കാള്‍ 2.9 ഡിഗ്രി കൂടുതലാണിതെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പുനലൂരേക്കാള്‍ 1.4 ഡിഗ്രിയും പാലക്കാട്ടേക്കാള്‍ 3.4 ഡിഗ്രിയും കൂടുതലായിരുന്നു ശനിയാഴ്‌ചയിലെ കോട്ടയത്തെ ചൂട്‌. ഒരാഴ്‌ച കൂടി ശക്‌തമായ ചൂട്‌ തുടരുമെന്നാണു നിരീക്ഷകരുടെ മുന്നറിയിപ്പ്‌.
ഏതാനും ദിവസങ്ങളായി കോട്ടയത്ത്‌ അനുഭവപ്പെടുന്നതു സാധാരണയേക്കാള്‍ ഒന്നു മുതല്‍ രണ്ടു ഡിഗ്രി വരെ കൂടിയ ചൂടായിരുന്നു. സംസ്‌ഥാനത്തു കോട്ടയത്തു മാത്രമാണ്‌ ഫെബ്രുവരിയില്‍ സാധാരണ നിലയിലുള്ളതിനേക്കാള്‍ കൂടിയ താപനില സ്‌ഥിരമായി രേഖപ്പെടുത്തുന്നതെന്നും നിരീക്ഷകള്‍ പറയുന്നു. ഇത്തവണ ജനുവരിയില്‍ രാജ്യത്തു തന്നെ ഏറ്റവും ഉയര്‍ന്ന ചൂട്‌ കോട്ടയത്ത്‌ നിരവധി ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു. വേനല്‍ മഴ വൈകും തോറും ചൂട്‌ ഉയരാനാണ്‌ സാധ്യത. മുന്‍ വര്‍ഷങ്ങളില്‍ 39 വരെ രേഖപ്പെടുത്തിയിട്ടുള്ള പകല്‍ താപനില ഇത്തവണ ഉയരുമോയെന്നാണ്‌ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്‌.
അതേസമയം, ചൂടിനൊപ്പം അള്‍ട്രാവയലറ്റ്‌ വികിരണങ്ങളുടെ തോത്‌ ഉയര്‍ന്നു നില്‍ക്കുന്നതും ദുരിതം വര്‍ധിപ്പിക്കുന്നു. ഏതാനും ദിവസമായി ചങ്ങനാശേരിയില്‍ മഞ്ഞ അലര്‍ട്ടില്‍ ഉള്‍പ്പെടെ ഏഴാണ്‌ യു.വി. ഇന്‍ഡക്‌സ്. യു.വി. തോത്‌ ഉയരുന്നത്‌ സൂര്യാഘാതം, നിര്‍ജലീകരണം ഉള്‍പ്പെടെയുള്ളവയിലേക്ക്‌ നയിക്കാമെന്നു വിദഗ്‌ധര്‍ പറയുന്നു. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ നേരിട്ട്‌ വെയിലേല്‍ക്കുന്ന ജോലികളില്‍നിന്നു പരാമവധി വിട്ടുനില്‍ക്കുക മാത്രമാണ്‌ അപകടമൊഴിവാക്കാനുള്ള പോംവഴി.നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നവര്‍ക്ക്‌, ഈ സമയം ഒഴിവാക്കാന്‍ കഴിയില്ല. വസ്‌ത്രം ധരിച്ചും ആവശ്യമായ വെള്ളം കുടിച്ചും പ്രതിരോധം ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ്‌ അധികൃതര്‍ പറയുന്നു. നിലവിലെ, അവസ്‌ഥയില്‍ വീടിനു പുറത്തേയ്‌ക്കിറങ്ങിയാല്‍ പൊള്ളുന്നതിനു സമാനമായ അന്തരീക്ഷമാണെന്നു ജനങ്ങള്‍ പറയുന്നു. പടിഞ്ഞാറന്‍ മേഖലയില്‍ നെല്‍പ്പാടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെ കൊടും ചൂടില്‍ വലയുകയാണ്‌.

വെള്ളം കുടിക്കാമോ?

കോട്ടയം: വെയിലായി, കുടിവെള്ള ക്ഷാമമേറി, കുടിവെള്ളം വില്‍പ്പന തകൃതിയായി, പക്ഷേ, പണം കൊടുത്ത വാങ്ങുന്ന വെള്ളം കുടിക്കാന്‍ കൊള്ളുമോ? ആവശ്യക്കാര്‍ ഏറിയതോടെ ഗുണമേന്മ പോലും നോക്കാതെ കുടിവെള്ളം വില്‍ക്കുന്നതായി പരാതി. വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധനകള്‍ ഫലപ്രദമല്ലെന്നാണ്‌ ആക്ഷേപം.ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഒരു ലോറിയും ടാങ്കും ഉണ്ടെങ്കില്‍ ആര്‍ക്കും വെള്ളം വില്‍ക്കാവുന്ന അവസ്‌ഥയാണ്‌. ശുദ്ധമല്ലാത്ത കുടിവെള്ളം വില്‍ക്കുന്നതിലൂടെ പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്‌. ആരോഗ്യ - ഭക്ഷ്യസുരക്ഷാ വകുപ്പുകളാണ്‌ ടാങ്കറുകള്‍ പരിശോധിക്കേണ്ടത്‌. എവിടെ നിന്നാണ്‌ ശേഖരിക്കുന്നതെന്നോ, വിതരണം ചെയ്യുന്ന വെള്ളം ഉപയോഗ യോഗ്യമാണോ എന്നു കണ്ടെത്താനും സംവിധാനമില്ല. നഗരത്തില്‍ ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ പാലിച്ചു കുടിവെളളം വില്‍ക്കുന്നവരാണ്‌ ഏറെയും എന്നാല്‍, അവസരവും ആവശ്യവും മുതലെടുത്താണ്‌ മറ്റൊരു വിഭാഗം ശുദ്ധവെള്ളമെന്ന പേരില്‍ നേരിട്ട്‌ വെള്ളം ശേഖരിച്ചു വില്‍ക്കുന്നത്‌. ടാങ്കറുകളില്‍ ജി.പി.എസ്‌ അടക്കം ഘടിപ്പിച്ച്‌ നിരീക്ഷിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‌ ഉത്തരാവാദിത്വമുണ്ടെങ്കിലും നടപ്പാകുന്നില്ല.ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങളില്‍ പോലും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും പല ഭാഗങ്ങളിലും വെള്ളം വറ്റി മണല്‍ക്കൂനകള്‍ തെളിഞ്ഞു. ഇതു വാട്ടര്‍ അതോറിട്ടിയുടെ പമ്പിങ്ങിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. ഈ അവസ്‌ഥ തുടര്‍ന്നാല്‍ മാര്‍ച്ച്‌ മുതല്‍ കൊടുംവരള്‍ച്ചയിലേക്കു നീങ്ങുമെന്നാണ്‌ കാലാവസ്‌ഥാ വിദഗ്‌ദ്ധരുടെ മുന്നറിയിപ്പ്‌.

Ads by Google
Advertisement
Monday 16 Feb 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW