Thursday, March 12, 2026 Last Updated 52 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 04.58 AM

തൊമ്മന്‍കുത്തില്‍ പാലം നിര്‍മിക്കാന്‍ വഴി തെളിയുന്നു കാത്തിരിപ്പിന്‌ അറുതി

uploads/news/2026/02/825652/4.jpg

തൊടുപുഴ: ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ തൊമ്മന്‍കുത്തില്‍ പാലം നിര്‍മിക്കാന്‍ വഴിതെളിയുന്നു. കണ്ണാടിപ്പുഴയ്‌ക്കു കുറുകെ പുതിയ പാലം നിര്‍മിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറങ്ങി. കേന്ദ്ര വനം, പരിസ്‌ഥിതി മന്ത്രാലയത്തിന്റ അനുതി ലഭിച്ചതിനു പിന്നാലെയാണ്‌ പാലം നിര്‍മിക്കാനുള്ള അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്‌. വിവിധ കാരണങ്ങള്‍ മൂലം പാലം നിര്‍മിക്കാനുണ്ടായിരുന്ന തടസങ്ങള്‍ ഇതോടെ നീങ്ങിക്കിട്ടുമെന്നാണു പ്രതീക്ഷ.
പാലത്തിനായി വനംവകുപ്പ്‌ വിട്ടു നല്‍കിയ സ്‌ഥലം വേര്‍തിരിച്ച്‌ കെ.എസ്‌.ടി.പിക്ക്‌ കൈമാറിയാല്‍ പാലം നിര്‍മാണം ആരംഭിക്കാനാകും. നേരത്തെ തന്നെ ഭൂമി അളന്നു തിട്ടപ്പെടുത്തി അതിര്‍ത്തി നിര്‍ണയിച്ചിട്ടുള്ളതാണ്‌. പാലം നിര്‍മാണത്തിനായി ഭൂമി കൈമാറുകയെന്ന സാങ്കേതികത്വം മാത്രമാണ്‌ അവശേഷിക്കുന്നത്‌. ഇത്‌ വേഗം പൂര്‍ത്തിയാക്കിയാല്‍ നിലവിലുള്ള ചപ്പാത്തിനു പകരമായി താത്‌കാലിക പാലം നിര്‍മിക്കാനുള്ള നടപടി ആരംഭിക്കാന്‍ കഴിയും. താത്‌കാലിക പാലം പൂര്‍ത്തിയാക്കി ഇതുവഴി ഗതാഗതം ആരംഭിച്ചതിനു ശേഷമാകും നിലവിലെ ചപ്പാത്ത്‌ പൊളിച്ചു നീക്കുക. എന്നാല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോഴേയ്‌ക്കും മഴയെത്തുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്‌. അതിനാല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
മഴക്കാലത്ത്‌ മുങ്ങിപ്പോകുന്ന തൊമ്മന്‍കുത്ത്‌ ചപ്പാത്തിനു പകരം പുതിയ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. ആധുനിക നിലവാരത്തില്‍ നെയ്യശേരി-തോക്കുമ്പന്‍ സാഡില്‍ റോഡ്‌ നിര്‍മാണം ആരംഭിച്ചപ്പോള്‍ പാലവും പുതുക്കി നിര്‍മിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതു പൊതുമരാമത്ത്‌ വകുപ്പ്‌ പരിഗണിച്ചപ്പോള്‍ തന്നെ വനംവകുപ്പ്‌ തടസവാദവുമായി എത്തി. പിന്നീട്‌ പാലം നിര്‍മിക്കാനുള്ള രണ്ടാം ഘട്ട അനുമതിയ്‌ക്കായി വനം വകുപ്പാവശ്യപ്പെട്ട 6.2 ലക്ഷം രൂപ അടച്ചതോടെയാണ്‌ തടസം നീങ്ങിയത്‌. പാലം നിര്‍മാണത്തിനുള്ള അനുമതിക്കായി 1.2 ലക്ഷം രൂപ വനം വകുപ്പ്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ കെഎസ്‌ടിപി നേരത്തെ അടച്ചിരുന്നു. ഇതോടെ സ്‌ഥലം അളന്നു വേര്‍തിരിച്ചു നല്‍കി. എന്നാല്‍ രണ്ടാം ഘട്ട അനുമതി നല്‍കിയില്ല. ഇതാണ്‌ പാലം നിര്‍മാണം പ്രതിസന്ധിയിലാക്കിയത്‌. പിന്നീട്‌ പി.ജെ.ജോസഫ്‌ എംഎല്‍എ ഇടപെട്ടതോടെയാണ്‌ വനം വകുപ്പ്‌ രണ്ടാമത്‌ ആവശ്യപ്പെട്ട തുകയടച്ച്‌ പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയാറായത്‌.
താത്‌കാലിക പാലം നിര്‍മിച്ച്‌ ഗതാഗതം തിരിച്ചുവിട്ടതിനുശേഷം ചപ്പാത്ത്‌ പൊളിച്ച്‌ മൂന്നു മീറ്റര്‍ ഉയരത്തിലും ഒമ്പതു മീറ്റര്‍ വീതിയിലും പുതിയ പാലം നിര്‍മിക്കാനാണു പദ്ധതി. പാലം നിര്‍മാണം പൂര്‍ത്തിയായാല്‍ മഴക്കാലത്തുള്ള ജനങ്ങളുടെ ദുരിതയാത്രയ്‌ക്കും പരിഹാരമാകും.

Ads by Google
Advertisement
Monday 16 Feb 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW