-->
മൂന്നാര്‍: ഹൈറേഞ്ചില്‍ അത്ര സുപരിചിതമല്ലെങ്കിലും സഞ്ചാരികളുടെ കണ്ണും മനസും നിറയ്‌ക്കുന്ന കാഴ്‌ചയുമായി സൂര്യകാന്തികള്‍ പൂവിട്ടു.
ബൈസണ്‍വാലി 40 ഏക്കര്‍ മേഖലയിലാണ് സൂര്യകാന്തി പൂവിട്ടിരിക്കുന്നത്. പുതിയവീട്ടില്‍ ജിജോ ജോസഫിന് കുഞ്ഞുനാള്‍ മുതല്‍ കൃഷിയോടും പൂക്കളോടും താത്‌പര്യമാണ്.
ഈ ഇഷ്‌ടത്തിന്റെ ഭാഗമായാണ് ഇദ്ദേഹം പാതയോരങ്ങളിലും പല വര്‍ണത്തിലും രൂപത്തിലുമുള്ള പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചത്. മുന്‍പ് തുടര്‍ച്ചയായി നെല്‍കൃഷി നടത്തിയിരുന്ന മേഖലയില്‍ ഇപ്പോള്‍ ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്തതു മൂലം പലസ്‌ഥലങ്ങളും തരിശു കിടക്കുകയാണ്.
ഈ തരിശു നിലങ്ങള്‍ വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് ജിജോ പാട്ടത്തിന് എടുത്ത മുട്ടുകാട്ടിലെ പാടശേഖരത്ത് സൂര്യകാന്തി കൃഷി പരീക്ഷണ അടിസ്‌ഥാനത്തില്‍ നടത്തിയത്. ഇതിന് വലിയ ജനപ്രീതി ലഭിച്ചതോടെ ബൈസണ്‍വാലിക്ക് സമീപമുള്ള സ്വന്തം കൃഷിയിടത്തിലെ ഒരേക്കര്‍ സ്‌ഥലത്ത് സൂര്യകാന്തി കൃഷി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ചിരുന്ന വിത്തുകള്‍ ലഭിക്കാതെ വന്നതോടെ ഇക്കുറി കര്‍ണാടകയില്‍ നിന്നുമാണ് കൃഷിക്കാവശ്യമായ വിത്തുകള്‍ എത്തിച്ചത്. ഇപ്പോള്‍ സഞ്ചാരികള്‍ക്കായി ഈ തോട്ടം തുറന്നു കൊടുത്തിരിക്കുകയാണ്. നിരവധി സഞ്ചാരികളാണ് ദിവസേന സൂര്യകാന്തി കാണാനും ചിത്രങ്ങള്‍ പകര്‍ത്താനുമായി ഇവിടെയെത്തുന്നത്. ഇതിനുപുറമേ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജിജോ പലസ്‌ഥലങ്ങളില്‍ നിന്നായി ശേഖരിച്ച് ഇവിടെ നട്ടുപരിപാലിച്ച 24 ഇനം മുളകളും പ്രദേശത്താകെ തണല്‍ വിരിച്ചു നില്‍ക്കുന്നു.