-->
കൊച്ചി: ലഹരിവിരുദ്ധ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്‌മയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജീസ് (ജി- ടെക്) ഇന്‍ഫോപാര്‍ക്ക് ക്യാംപസില്‍ സംഘടിപ്പിച്ച നാലാമത് മാരത്തണിന്റെ പുരുഷവിഭാഗം ഹാഫ് മാരത്തണില്‍ ജയ്‌പൂര്‍ സ്വദേശി സോനു യാദവും വനിതാ വിഭാഗം ഹാഫ് മാരത്തണില്‍ ബീഹാര്‍ നവാഡ സ്വദേശിനി ചന്ദ്രവന്ദി കുമാരിയും ജേതാക്കളായി. എയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥനായ സോനു യാദവ് 1 മണിക്കൂര്‍ 18 മിനിറ്റ് 44 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്‌തത്. കൊല്‍ക്കത്ത മാരത്തണില്‍ ഉള്‍പ്പെടെ പങ്കെടുത്തിട്ടുള്ള താരം ഇതാദ്യമായാണ് കേരളത്തില്‍ മാരത്തണ്‍ ഓടുന്നത്. 4 വര്‍ഷമായി ദീര്‍ഘദൂര മാരത്തണുകളില്‍ സ്‌ഥിരസാന്നിധ്യമായ സോനു യാദവ് നിരവധി മെഡലുകള്‍ കരസ്‌ഥമാക്കിയിട്ടുണ്ട്. 2 മണിക്കൂര്‍ 8 മിനിറ്റ് 7 സെക്കന്‍ഡിലാണ് ചന്ദ്രവന്ദി കുമാരി ഹാഫ് മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. കസ്‌റ്റംസ് വകുപ്പില്‍ ഉദ്യോഗസ്‌ഥനായ സന്ദീപ് കുമാര്‍ വര്‍മയുടെ ഭാര്യയാണ് ചന്ദ്രവന്ദി കുമാരി. കൊച്ചിയില്‍ നടന്ന നമ്മുടെ റണ്‍ മാരത്തണ്‍, സ്‌പൈസ് കോസ്‌റ്റ് മാരത്തണ്‍ എന്നിവയില്‍ യഥാക്രമം ഒന്ന്, രണ്ട് സ്‌ഥാനങ്ങള്‍ നേടിയിട്ടുണ്ട്.
പുരുഷ വിഭാഗം ഹാഫ് മാരത്തണില്‍ മലയാളിയായ ഇടുക്കി വെള്ളാരംകുന്ന് സ്വദേശി സജിത്ത് കെ എം രണ്ടാം സ്‌ഥാനവും ആഗ്ര സ്വദേശി രോഹിത് ഗുര്‍ജാര്‍ മൂന്നാം സ്‌ഥാനവും നേടി. വനിതാ വിഭാഗം ഹാഫ് മാരത്തണില്‍ ചോറ്റാനിക്കര സ്വദേശിനി ശ്രീപ്രിയ എം വി രണ്ടാം സ്‌ഥാനവും രമ്യ ടി മൂന്നാം സ്‌ഥാനവും നേടി. വിജയികള്‍ക്കുള്ള മെഡലുകള്‍ കൊച്ചി മേയര്‍ വി കെ മിനിമോള്‍, ജി- ടെക് ചെയര്‍മാന്‍ വി കെ മാത്യൂസ്, ലിറ്റിമസ് 7 സിഇഒ വേണു ഗോപാലകൃഷ്‌ണന്‍, ചലച്ചിത്രതാരം അദിതി രവി എന്നിവര്‍ വിതരണം ചെയ്‌തു. പ്രമുഖ ഡിജിറ്റല്‍ സേവനദാതാക്കളായ ലിറ്റിമസ് സെവനുമായി സഹകരിച്ചാണ് സംസ്‌ഥാനത്തെ ഏറ്റവും വലിയ മാരത്തണ്‍ ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ചത്.