-->
കോതമംഗലം: ദിവാസി ഗോത്രസമൂഹത്തിന്റെ പുരാതന ആചാരമായ പായസ പൂജ കാനന നടുവില്‍ ഭക്‌തിപൂര്‍വം ആഘോഷമായി നടന്നു.കുട്ടമ്പുഴ പഞ്ചായത്തിലെ ക്‌ണാച്ചേരി വനത്തിലെ പായസപ്പാറയിലാണ് പായസ പൂജ നടന്നത്.
ക്‌ടാത്താട്ടമ്മയുടെ പ്രീതിക്കായി ആദിവാസി സമൂഹം തലമുറകളായി തുടരുന്ന ഈ ആചാരത്തില്‍, കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളില്‍ നിന്നെത്തിയവരാണ് പങ്കെടുത്തത്.12 ദിവസം വ്രതമെടുത്ത് എത്തി ക്‌ണാച്ചേരി ക്‌ടാത്താട്ടമ്മക്ക് പായസവും തിണ്ണിക്കിഴങ്ങ് ചുട്ട് നിവേദിക്കുന്നതുമാണ് പൂജയുടെ പ്രധാന ചടങ്ങ്.
തൊട്ടടുത്ത ശ്രീ ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ നാളികേരം ഉടക്കുന്ന ചടങ്ങുമുണ്ട്. ക്‌ണാച്ചേരി വനത്തിനുള്ളിലെ ഉയര്‍ന്ന പ്രദേശത്തെ വിശാലമായ പാറയിലാണ് പായസ പൂജ ചടങ്ങുകള്‍ നടന്നത്. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി പാറയിലേക്കാണ് വിശ്വാസികള്‍ ആദ്യമെത്തുന്നത്. ഈ പാറയ്‌ക്കു മുകളില്‍ രണ്ട് ദ്വാരങ്ങള്‍ ഉണ്ട്. നിറയെ വെള്ളമുള്ള ഈ ദ്വാരങ്ങള്‍ ശിവന്റെ നാസാദ്വാരങ്ങള്‍ ആണെന്നാണ് വിശ്വാസം. ഈ ദ്വാരങ്ങള്‍ക്ക് മുന്നില്‍ പൂജാരി വിളക്ക് വച്ചതോടെ ചടങ്ങുകള്‍ ആരംഭിച്ചു. പാറപ്പുറത്ത് ഒരുക്കിയ അടുപ്പില്‍, അരിപ്പായസമാണ് ദേവിക്ക് നിവേദ്യമായി തയ്യാറാക്കുന്നത്. ഒപ്പം തിണ്ണിക്കിഴങ്ങും ചുട്ടെടുക്കും. പായസപ്പാറയിലെത്തിച്ചേര്‍ന്നാല്‍ പായസം ഉണ്ടാക്കുന്നതിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള കപ്പപുഴുങ്ങിയതും അച്ചാറും എല്ലാവരും ചേര്‍ന്ന് കഴിക്കും.
പിന്നീട് പായസത്തില്‍ ചേര്‍ക്കാനുള്ള തേങ്ങയും, ശര്‍ക്കരയും ഒരിടത്ത് ഒരുക്കുമ്പോള്‍, മറ്റൊരു സംഘം അടുപ്പ് കൂട്ടി അരി വേവിക്കും. മറ്റൊരു സംഘത്തിന്റെ നേതൃത്വത്തില്‍ കൊട്ടി, ഉറുമിശി, കുഴല്‍ തുടങ്ങിയ പരമ്പരാഗത വാദ്യ ഉപകരണങ്ങള്‍ ഉപയോഗിച്ച് താളമേളങ്ങള്‍ നടക്കും. നൃത്തവും പാട്ടും ചെണ്ടമേളവും എല്ലാം കൂടി ആകുമ്പോള്‍ ഉള്‍ക്കാട് ഘോഷത്തിലാകും. പായസ പൂജയിലൂടെ രോഗങ്ങളില്‍നിന്നും പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നും രക്ഷ നേടി വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഐശ്വര്യവും സമൃദ്ധിയും കൈവരുമെന്നാണ് കാടിന്റെ മക്കളുടെ വിശ്വാസം.