-->
അമ്പലപ്പുഴ: വേനല്‍ കനക്കുന്നു. കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടമോടുമ്പോള്‍ പുറക്കാട് കരൂര്‍ അപ്പാത്തിക്കരി റോഡില്‍ ദിവസവും പാഴാകുന്നത് ആയിരക്കണക്കിനു ലിറ്റര്‍ കുടിവെള്ളം. ലക്ഷങ്ങള്‍ ചെലവഴിച്ച് മൂന്ന് മാസം മുന്‍പാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. എന്നാല്‍ ഒരു മാസം പിന്നിട്ടപ്പോള്‍ത്തന്നെ റോഡിന്റെ മധ്യഭാഗത്ത് പൈപ്പ് പൊട്ടി കുടിവെള്ളം വന്‍ തോതില്‍ പാഴായിത്തുടങ്ങി.
പ്രദേശത്തെ നിരവധി വീട്ടുകാര്‍ക്ക് ലഭിക്കേണ്ട കുടിവെള്ളമാണ് മാസങ്ങളായി ഈ രീതിയില്‍ പാഴാകുന്നത്. അപൂര്‍വമായി ലഭിക്കുന്ന വെള്ളം മുഴുവന്‍ മാലിന്യവുമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുടിവെള്ളം ഇപ്പോള്‍ പലരും വില കൊടുത്തു വാങ്ങുകയാണ്.
പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ളം ഇരുവശത്തേക്കും ഒഴുകുന്നു. പുതുതായി നിര്‍മിച്ച റോഡും തകര്‍ന്നു തുടങ്ങി. പൈപ്പ് ലൈന്‍ പൊട്ടിയ നാള്‍ മുതല്‍ നാട്ടുകാര്‍ പരാതി പറയുകയാണ്. ഉദ്യോഗസ്‌ഥരില്‍ ചിലര്‍ ഇവിടെയെത്തി പല തവണ പരിശോധന നടത്തിയെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. ഇതിന് എന്ന് പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ ചോദ്യം.