-->
ആലപ്പുഴ: ചൂട് ശക്‌തമായതോടെ പകര്‍ച്ചവ്യാധി ഭീഷണിയില്‍ ജില്ല. കുട്ടികളില്‍ ഉള്‍പ്പടെ വിവിധതരം പനികള്‍ വ്യാപിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ചിക്കന്‍പോക്‌സിനു പുറമേ ഡെങ്കിപ്പനിയും കുട്ടികള്‍ക്കിടയില്‍ വയറിളക്കവും പനിയും വിവിധ ഭാഗങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
വയറിളക്ക രോഗങ്ങള്‍ വര്‍ധിച്ചതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കി. ആഹാരം, വെള്ളം എന്നിവ വൃത്തിഹീനമാകുന്നതു കൊണ്ടും പഴകിയ ഭക്ഷ്യവസ്‌തുക്കള്‍ ഉപയോഗിക്കുന്നമൂലവും ഗുരുതരമായ വയറിളക്ക രോഗങ്ങള്‍ ബാധിക്കാനിടയുള്ളതിനാല്‍ ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും ശുചിത്വ ശീലങ്ങള്‍ കര്‍ശനമായി പാലിക്കണം.
ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഈച്ച കടക്കാനിടയുള്ളതും തുറന്നു വച്ചതുമായ ഭക്ഷ്യവസ്‌തുക്കള്‍ കഴിക്കരുത്. കഴിയുന്നതും വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുക. പുറത്തു നിന്നും ഭക്ഷണം കഴിക്കേണ്ടി വരുമ്പോള്‍ വൃത്തിയുള്ള ഇടങ്ങളില്‍ നിന്നു മാത്രം കഴിക്കുക. പൂപ്പല്‍ ബാധിച്ച ഭക്ഷ്യവസ്‌തുക്കള്‍ കഴിക്കരുത്. പാതിവെന്ത ഇറച്ചി, മുട്ട എന്നിവ ഉപയോഗിച്ച് തയ്യാറാക്കാനിടയുള്ള ഭക്ഷ്യ വസ്‌തുക്കള്‍ ഒഴിവാക്കണം. പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും ശ്രദ്ധിക്കണം.
പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകിയ ശേഷം ഉപയോഗിക്കുക. പഴകിയ മത്സ്യം, മാംസം, പച്ചക്കറികള്‍ തുടങ്ങിയവ ഒരു കാരണവശാലും ഉപയോഗിക്കരുത്. ജ്യൂസ്, സാലഡ്, ഐസ്‌ക്രീം തുടങ്ങിയ പാകം ചെയ്യാതെ കഴിക്കുന്ന ഭക്ഷ്യ വസ്‌തുക്കള്‍ തയ്യാറാക്കുമ്പോള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം. പാകം ചെയ്യാന്‍ തയ്യാറാക്കി വച്ചിരിക്കുന്ന മത്സ്യ മാംസാദികള്‍, പച്ചക്കറികള്‍, കുടിവെള്ളം, പാകം ചെയ്‌ത ഭക്ഷണ വസ്‌തുക്കള്‍ എന്നിവ ഈച്ചകടക്കാത്ത വിധം അടച്ചു സൂക്ഷിക്കണം. മോര്, തൈര് എന്നിവ തയ്യാറാക്കാന്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക.
ആഹാരം പാകം ചെയ്യുന്നവര്‍ വ്യക്‌തിശുചിത്വം ഉറപ്പാക്കണം. കൈകള്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കിയ ശേഷം പാചക ജോലികള്‍ ചെയ്യുക. ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. കൈയിലെ നഖങ്ങള്‍ അഴുക്കില്ലാത്ത വിധം വെട്ടി വൃത്തിയാക്കി സൂക്ഷിക്കണം. പാചക ജോലി ചെയ്യുന്നവര്‍ക്ക് വയറിളക്കം, പനി തുടങ്ങിയ രോഗങ്ങളുണ്ടെങ്കില്‍ ജോലിയില്‍നിന്നു വിട്ടുനില്‍ക്കണം. റഫ്രിജറേറ്ററുകളില്‍ മത്സ്യമാംസാദികള്‍ സൂക്ഷിക്കുന്ന പക്ഷം കൃത്യമായ താപനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പഴകിയ ഭക്ഷ്യ വസ്‌തുക്കള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കരുത്. റഫ്രിജറേറ്റര്‍ ഇടയ്‌ക്കിടെ വൃത്തിയാക്കണം.
ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന പാത്രങ്ങള്‍ വൃത്തിയുള്ള വെള്ളത്തില്‍ കഴുകണം. കുടിവെള്ള സ്രോതസ്സുകള്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. ഭക്ഷണം പാകം ചെയ്യുന്നയിടങ്ങളില്‍ ഈച്ചശല്യം വരാതെ സൂക്ഷിക്കണം. ഭക്ഷണം പാകം ചെയ്യുന്ന സ്‌ഥലം വൃത്തിയായി സൂക്ഷിക്കണം.
സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശങ്ങള്‍
രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്‌റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്‌ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആര്‍.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്‌ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്‌മുറികളില്‍ വായുസഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ പകല്‍ 11 മുതല്‍ മൂന്നുവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.
അംഗന്‍വാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പുരോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന്) സുരക്ഷിതരാണെന്ന് അതാത് സ്‌ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.
അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്‌ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, ആവശ്യമെങ്കില്‍ യാത്രയ്‌ക്കിടയില്‍ അല്‌പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലിസമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്‌ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കൈയില്‍ കരുതുക.
അസ്വസ്‌ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്‌ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.