-->
പത്തനംതിട്ട: കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന ബി.എസ്.എന്‍.എല്‍ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിടാന്‍ നീക്കം. പുതിയ കമ്പനി ഏറ്റെടുത്തിരിക്കുന്ന ടെന്‍ഡര്‍ പ്രകാരം നിലവിലെ ജീവനക്കാരെ കുറഞ്ഞ ശമ്പളമായ 1800 രൂപ മാസനിരക്കിലും അവര്‍ ജോലി ചെയ്യാത്ത പക്ഷം പിരിച്ചു വിടാനുമാണ്‌തീരുമാനം. ടെണ്ടര്‍ പിടിച്ചവരുടെ കീഴില്‍ വര്‍ഷങ്ങളായി താല്‍ക്കാലിക അടിസ്‌ഥാനത്തില്‍ ജോലിചെയ്യുന്ന 35 ഓളം പേര്‍ ജില്ലയിലുണ്ട് ജീവനക്കാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മറ്റ് ജില്ലകളിലും ഇത്തരത്തില്‍ താല്‍ക്കാലികക്കാരുണ്ട്. ബി.എസ്.എന്‍.എല്‍ ലെ താല്‍ക്കാലിക ജീവനക്കാരുടെ വേതനം കഴിഞ്ഞ 5 വര്‍ഷമായി ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്.
ഇപ്പോള്‍ ഒരു എക്‌ചേഞ്ചില്‍ ജോലി ചെയ്‌താല്‍ പ്രതിമാസം 1800 രൂപയാണ് ലഭിക്കുന്നത്. എന്നാല്‍ 24 മണിക്കൂറും ജോലിചെയ്യണം.
പരമാവധി അഞ്ച് എക്‌ചേഞ്ചുകള്‍ വരെ ജോലി ചെയ്യാം. എങ്കിലും വേതനം 10000 തികയില്ല. വന്‍കിട കോര്‍പ്പറേറ്റ് മുതലാളിമാര്‍ കരാറെടുത്ത് തുശ്‌ചമായ തുക മാത്രം നല്‍കി തെഴിലാളികളെ സാമ്പത്തികമായ ചുഷണം ചെയ്യുകയാണ്.
തുച്‌ഛമായ 1800 രൂപക്ക് ജോലി ചെയ്യാത്ത പക്ഷം താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിടുമെന്നും നിലവിലെ ശമ്പളത്തിന്റെ കാര്യത്തില്‍ പുന:പരിശോധന ഇല്ലെന്നും കോര്‍പ്പറേറ്റ് കമ്പനികള്‍ ഭീഷണി മുഴക്കിയിരിക്കയാണ്.
തുടരാല്‍ പറ്റില്ലെങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കി പകരം മറ്റ് അന്യ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ നിയമിക്കുവാനാണ് തീരുമാനം. 2 ദിവസത്തിനുള്ളില്‍ സമ്മതം അറിയിച്ചില്ലെങ്കില്‍ പിരിഞ്ഞു പോകണമെന്നും പറഞ്ഞിട്ടുണ്ട്. പലരുടെയും കുടുംബങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണ് . 24 മണിക്കൂര്‍ ജോലി എന്നത് 12 മണിക്കൂര്‍ ആക്കി നിജപ്പെടുത്തിയും പ്രധാനപ്പെട്ട അവധി ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടി വന്നാല്‍ അഡീഷണല്‍ തുക നല്‍കണമെന്നും ജീവനക്കാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ശമ്പളം കൃത്യമായി ലഭിക്കണം.
കുറഞ്ഞ തുകക്ക് ടെന്‍ഡര്‍ പിടിക്കുന്ന എല്ലാ കമ്പനികളുടെയും ടെന്‍ഡര്‍ റദ്ദാക്കണം. ഈ തൊഴില്‍ മേഖലയിലെ കൂലി ഏകീകൃതമാക്കുകയും, തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുകയും, സംസ്‌ഥാനത്ത് നടപ്പിലാക്കിയിട്ടുള്ള മിനിമം വേതനം ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ ഉന്നയിച്ച് ആന്റോ ആന്റണി എം. പിക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിവേദനം നല്‍കുമെന്നും ജീവനക്കാര്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ താല്‍ക്കാലിക ജീവനക്കാരായ സി. ജയകുമാര്‍, അനീഷ്‌കുമാര്‍, എം. എസ്. പ്രസാദ്, മഹേഷ് ജി നായര്‍, പി. എസ്. ജിനേഷ് , അനില്‍രാജ് എന്നിവര്‍ പങ്കെടുത്തു.