-->
താനൂര്‍: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒരു ദശാബ്‌ദക്കാലമായി മീനടത്തൂരില്‍ പ്രവര്‍ത്തിച്ച് വരുന്ന സി.എച്ച്. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മിച്ച ഡയാലിസിസ് സെന്റര്‍ നാളെ വൈകിട്ട് നാലിന് പാണക്കാട് സാദിഖലി തങ്ങള്‍ നാടിന് സമര്‍പ്പിക്കും.
14 രോഗികള്‍ക്ക് ഒരേസമയം ഡയാലിസിസ് നടത്താനുള്ള സൗകര്യത്തോട് കൂടിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ പൂര്‍ത്തിയായി. രണ്ട് വ്യക്‌തികള്‍ സൗജന്യമായി നല്‍കിയ ഭൂമിയിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും സുമനസ്സുകള്‍ നല്‍കിയ വലുതും ചെറുതുമായ സംഭാവനകളാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂലധനം. തുടക്കത്തില്‍ നാല് ഡയാലിസിസ് മെഷീനുകള്‍ സ്‌ഥാപിച്ച് 12 രോഗികള്‍ക്ക് ഡയാലിസിസിന് സൗകര്യമൊരുക്കും.
അനിയന്ത്രിതമായി കിഡ്‌നി രോഗം വ്യാപിച്ച് വരുന്ന പശ്‌ചാത്തലത്തില്‍ ജീവിത ശൈലി രോഗങ്ങളെ കുറിച്ച് സമൂഹത്തെ നിരന്തരം ബോധവത്‌കരിക്കാനും ഡയാലിസിസ് സെന്ററിനോടനുബന്ധിച്ച് പദ്ധതികളൊരുക്കും. ഉദ്‌ഘാടന സമ്മേളനത്തില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.പി. അബ്‌ദുസമദ് സമദാനി എം.പി, പി.വി. അബ്‌ദുല്‍ വഹാബ് എം.പി, പി. അബ്‌ദുല്‍ ഹമീദ് എം.എല്‍.എ, കുറുക്കോളി മൊയ്‌തീന്‍ എം.എല്‍.എ, അബ്‌ദുറഹിമാന്‍ രണ്ടത്താണി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി പങ്കെടുക്കും. അബ്‌ദു സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.എന്‍. മുത്തുകോയ തങ്ങള്‍, ടി.പി.എം. മുഹ്‌സിന്‍ ബാബു, പി. അഷ്‌റഫ്, കെ.പി. ശിഹാബ്, യു. നാസര്‍ പങ്കെടുത്തു.