Saturday, March 14, 2026 Last Updated 5 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.25 PM

താത്‌കാലിക ഡ്രൈവറോട്‌ വാശി ഔദ്യോഗിക വാഹനമുപേക്ഷിച്ച്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌

ഉഴവൂര്‍: താല്‍കാലിക ജീവനക്കാരനായ ഡ്രൈവറെ പിരിച്ചുവിടാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞതോടെ ഡ്രൈവറോട്‌ വാശി തീര്‍ക്കാന്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച്‌ ഉഴവൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു സുരേന്ദ്രന്‍. കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ഉഴവൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്ന ജയ്‌സണ്‍ ഏബ്രഹാമിനെയാണ്‌ ഒരു മുന്നറിയിപ്പുമില്ലാതെ ജനുവരി 22 ന്‌ കമ്മറ്റി തീരുമാനപ്രകാരം സ്‌ഥാനത്തുനിന്ന്‌ നീക്കിയത്‌. തങ്ങളുടെ പാര്‍ട്ടിക്കാരനല്ല ഡ്രൈവര്‍ എന്നതാണ്‌ പ്രസിഡന്റ്‌ പറഞ്ഞ കാരണം. എന്നാല്‍ ഇദ്ദേഹത്തിന്‌ മുന്‍കൂര്‍ നോട്ടീസ്‌ നല്‍കുകയോ, വിശദീകരണം നേടുകയോ ചെയ്യാതെയാണ്‌ പുറത്താക്കല്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്‌തുവരുന്ന ജീവനക്കാരനെ രാഷ്ര്‌ടീയ കാരണത്താല്‍ പുറത്താക്കുന്നത്‌ അനീതിയാണെന്നും, സ്‌ഥിരപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍ക്ക്‌ കുറച്ചു ദിവസങ്ങള്‍ കൂടി നീട്ടി നല്‍കണമെന്നും സെക്രട്ടറിയും, പ്രതിപക്ഷ അംഗങ്ങളും കമ്മറ്റിയില്‍ നിലപാടെടുത്തെങ്കിലും അതെല്ലാം തള്ളിക്കളത്തു കൊണ്ടാണ്‌ പ്രസിഡന്റിന്റെ തീരുമാനം. ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷ അംഗങ്ങളും, സെക്രട്ടറിയും വിയോജിക്കുകയും അത്‌ മിനിറ്റ്‌സില്‍ രേഖപ്പെടുത്തുകുയും ചെയ്‌തു.
പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ ഉള്‍പ്പടെ 9 യൂ.ഡി.എഫ്‌. അംഗങ്ങള്‍ ഡ്രൈവറെ മാറ്റണമെന്ന തീരുമാനത്തിന്‌ അനുകൂലമായ്‌ നില്‍ക്കുകയും ഒരു യൂ.ഡി.എഫ്‌. അംഗം നിക്ഷ്‌പക്ഷ നിലപാടെടുക്കുകയും ചെയ്‌തു. പുറത്താക്കിയതിനെ തുടര്‍ന്ന്‌ ഡ്രൈവര്‍ ജയ്‌സണ്‍ ഹൈക്കോടതിയെ സമീപിക്കുകയും, ബ്ലോക്ക്‌ പഞ്ചായത്തിന്‌ ദിവസ വേതന താല്‍ക്കാലിക ഡ്രൈവറെ ആവശ്യമുണ്ടെങ്കില്‍ പരാതിക്കാരന്‌ മുന്‍ഗണന നല്‍കണമെന്ന തീരുമാനത്തോടെ ഒരു മാസത്തേയ്‌ക്ക് ഫെബ്രുവരി 5 മുതല്‍ ഹൈക്കോടതി സ്‌റ്റേ അനുവദിക്കുകയും ചെയ്‌തു. ഈ ഉത്തരവ്‌ പരിഗണിച്ച്‌ സെക്രട്ടറി ഡ്രൈവറെ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കി. എന്നാല്‍ ഡ്രൈവറോടുള്ള വിരോധം മൂലം പ്രസിഡന്റ്‌ ഔദ്യോഗിക വാഹനത്തിലെ യാത്ര ഉപേക്ഷിച്ച്‌, വാഹനം ബ്ലോക്കിലെ ഗ്യാരേജില്‍ പൂട്ടിയിട്ടിരിക്കുകയാണ്‌.
തന്റെ പാര്‍ട്ടിക്കാരനായ ഡ്രൈവറെ നിയോഗിക്കാതെ വണ്ടി ഉപയോഗിക്കില്ലെന്ന വാശിയിലാണ്‌ പ്രസിഡന്റ്‌. സാധാരണക്കാരനായ ദിവസ വേതനക്കാരന്റെ ജീവിതം വഴിമുട്ടിക്കുന്ന തരത്തില്‍ വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന പ്രസിഡന്റിന്റെ നിലപാടിനെതിരെ കടുത്ത പ്രതിക്ഷേധം രേഖപ്പെടുത്തുന്നതായി ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ ഡോ. സിന്ധുമോള്‍ ജേക്കബ്‌, ലിസി ബേബി, ബെല്‍ജി ഇമ്മാനുവേല്‍, ബോണി കുര്യാക്കോസ്‌ എന്നിവര്‍ അറിയിച്ചു. ഇത്തരം തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ പ്രസിഡന്റിനോടും ഭരണസമിതിയോടും കടുത്ത എതിര്‍പ്പറിയിക്കാനും, പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും തയ്യാറെടുക്കുകയാണ്‌ വിവിധ സംഘടനകള്‍.

Ads by Google
Advertisement
Sunday 15 Feb 2026 12.25 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW