-->
കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയില്‍ പാതക്കായി സ്‌ഥലം ഏറ്റെടുക്കല്‍ ഇനി തടസങ്ങളില്ല. പദ്ധതി കോട്ടയത്തിന്റെ മലയോര മേഖലയുടെ മുഖഛായ മാറ്റും.
സംസ്‌ഥാനത്തെ റെയില്‍വേ വികസനത്തില്‍ നിര്‍ണായകമായ അങ്കമാലി-എരുമേലി ശബരി റെയില്‍വേ പാതക്കായി 1,900 കോടി രൂപയുടെ പദ്ധതിക്കു കിഫ്‌ബി അംഗീകാരം ലഭിച്ചതു കഴിഞ്ഞ ദിവസമാണ്. ഇതോടെ ദശകങ്ങളായി മുടങ്ങിക്കിടക്കുന്ന ശബരി പദ്ധതിക്കു വേഗത കൈവരുമെന്നാണു പ്രതീക്ഷ. ഇനി ഭരണാനുമതിയുടെയോ മറ്റ് ഉത്തരവുകളുടേയോ ആവശ്യമില്ല.
അങ്കമാലി - എരുമേലി ശബരി റെയില്‍പാതയില്‍ ആകെയുള്ളത് 14 സ്‌റ്റേഷനുകളാണ്. ഇതില്‍ 7 എണ്ണം എറണാകുളം ജില്ലയില്‍, 2 എണ്ണം ഇടുക്കിയില്‍, 5 എണ്ണം കോട്ടത്തുമാണുള്ള. നിലവിലുള്ള എറണാകുളം - ഷൊര്‍ണൂര്‍ ലൈനില്‍ അങ്കമാലി ഫോര്‍ കാലടി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണു ശബരിപാത ആരംഭിക്കുന്നത്.
രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവയാണു ജില്ലയിലെ സ്‌റ്റോപ്പുകള്‍.
രാമപുരമാണു ജില്ലയിലെ ആദ്യ സ്‌റ്റേഷന്‍. പാലാ തൊടുപുഴ റോഡില്‍ ഐങ്കൊമ്പ് ആറാം മൈലിനും പിഴകിനും ഇടയിലാണു നിര്‍ദിഷ്‌ട സ്‌റ്റേഷന്‍. സര്‍വേ നടപടികളുടെ ഭാഗമായി രാമപുരം സ്‌റ്റേഷന്‍ വരെ കല്ലിട്ടു തിരിച്ചതാണ്. ഇവിടെ വരെയാണു ശബരി റെയില്‍ പദ്ധതി സര്‍വേ പൂര്‍ത്തിയാക്കിയത്. ഭരണങ്ങാനമാണു പാലായ്‌ക്ക് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. പാലാ ഈരാറ്റുപേട്ട റോഡില്‍ ദീപ്‌തി നഗറിനു സമീപം റെയില്‍വേ സ്‌റ്റേഷന്‍ വരുമെന്നാണു പ്രാഥമിക ധാരണ. സര്‍വേ അടക്കമുള്ള നടപടികള്‍ നടന്നിട്ടില്ല. ചെമ്മലമറ്റം ഈരാറ്റുപേട്ടയ്‌ക്ക് അടുത്ത റെയില്‍വേ സ്‌റ്റേഷന്‍. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡില്‍ ചെമ്മലമറ്റത്താണു സ്‌റ്റേഷനു നിര്‍ദേശം. ഇവിടെയും സര്‍വേ അടക്കം ഒരു നടപടിയും ഉണ്ടായിട്ടില്ല.
കൊല്ലം ഡിണ്ടിഗല്‍ ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പാറത്തോടിനു സമീപമാണു കാഞ്ഞിരപ്പള്ളി റോഡ് സ്‌േറ്റഷന്‍ വിഭാവനം ചെയ്യുക. എരുമേലിയാണു പാതയിലെ ടെര്‍മിനല്‍ സ്‌റ്റേഷന്‍. എരുമേലിയില്‍ എവിടെ സ്‌റ്റേഷന്‍ സ്‌ഥാപിക്കും എന്നതില്‍ വ്യക്‌തത വന്നിട്ടില്ല.
ടെര്‍മിനല്‍ സ്‌റ്റേഷന്‍ ആയതിനാല്‍ ട്രെയിന്‍ അറ്റകുറ്റപ്പണികള്‍ക്ക് അടക്കമുള്ള സൗകര്യം ഉള്‍പ്പെടെ സ്‌ഥാപിക്കാന്‍ കൂടുതല്‍ സ്‌ഥലം ആവശ്യമുണ്ട്. എരുമേലിയില്‍ റെയില്‍വേ സ്‌റ്റേഷന്‍, എവിടെ വരുമെന്നതില്‍ ആകാംഷയുണ്ട്. ശബരി വിമാനത്താവള പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറാത്തതിനാല്‍ വിമാനത്താവള പ്രദേശമായ ചെറുവള്ളിയില്‍നിന്ന് 5 - 8 കിലോമീറ്ററിനുള്ളില്‍ റെയില്‍വേ സ്‌റ്റേഷന്‍ വരാനാണു സാധ്യത. തിരുവനന്തപുരം നഗരത്തില്‍ മാത്രമാണ് ഇപ്പോള്‍ ഈ സൗകര്യമുള്ളത്. എരുമേലി വിമാനത്താവളവുമായുള്ള റെയില്‍വേ കണക്‌ടിവിറ്റി വന്നാല്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ക്കും തമിഴ്‌നാട്ടിലെ കമ്പം, തേനി മേഖലകള്‍ക്കും പ്രയോജനപ്പെടും.