-->
തൊടുപുഴ: ജീവന്‍ പണയം വച്ച് അര്‍ജുന്‍ കൈപിടിച്ചുയര്‍ത്തിയത് ഒരു ജീവനെ. അറുപത്തിയഞ്ചുകാരി ശാന്തയെന്ന വീട്ടമ്മയ്‌ക്ക് ഇതോടെ ലഭിച്ചത് രണ്ടാം ജന്മം. മണക്കാട് കുന്നത്തുപാറയിലെ ഭാര്യവീട്ടില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരമ്മ വെള്ളത്തില്‍ ഒഴുകിപ്പോയെന്ന് അര്‍ജുന്‍ ബാബുവിനോട് സമീപത്തെ വീട്ടിലെ കുട്ടി ഓടിവന്നു പറഞ്ഞത്. പുഴക്കരയിലൂടെ ഓടിനോക്കിയപ്പോള്‍ പുഴയുടെ മധ്യഭാഗത്തായി ഒരു കൈ മുങ്ങിത്താഴുന്നു.
നീന്തല്‍ അറിയാമെന്ന ആത്മവിശ്വാസത്തില്‍ മാത്രം ഒന്നും നോക്കാതെ പുഴയിലേക്കു ചാടി അര്‍ജുന്‍ ആ ജീവനെ വീണ്ടെടുത്തു. മണക്കാട് കുന്നത്തുപാറ കടവില്‍ ശനിയാഴ്‌ച വൈകീട്ട് ആറോടെയാണ് സംഭവം.
ഭാര്യ കൃഷ്‌ണപ്രിയയുടെ വീട്ടിലെത്തിയതായിരുന്നു അര്‍ജുന്‍. ഇതിനു സമീപത്തുള്ള കാക്കടവില്‍ തുണികഴുകുകയായിരുന്ന ശാന്ത ഒഴുകിപ്പോയ തുണി വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു. തൊടുപുഴയാറിലെ ഏറ്റവും അപകടം നിറഞ്ഞ ആറാട്ടു കടവിലേക്കാണ് ഒഴുകിപ്പോയത്. സംഭവമറിഞ്ഞ അര്‍ജുന്‍ കരയിലൂടെ അരകിലോമീറ്ററോളം ഓടി. സമീപത്തെ വില്ലയുടെ ഭാഗത്തെത്തിയപ്പോഴാണ് പുഴയില്‍ കൈ കണ്ടത്. വില്ലയിലെ സുരക്ഷ ജീവനക്കാരന്റെ കൈയ്യില്‍ ഫോണ്‍ കൊടുത്തശേഷം പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു.
ശ്വാസതടസമുള്ള ശാന്ത ആ സമയം കുഴഞ്ഞുപോയിരുന്നു. വെള്ളം കുടിച്ച് അവശയുമായി. അര്‍ജുന്‍ ഇവരെ വെള്ളത്തില്‍ നിന്ന് ഉയര്‍ത്തി മറുകരയിലെത്തിച്ചു. ഇതിനിടെ ശാന്തയുടെ ഭര്‍ത്താവും രക്ഷിക്കാനായെത്തി. സംഭവമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേന ബോട്ടില്‍ ഇവരെ കുന്നത്തുപാറയിലെത്തിച്ചു. തുടര്‍ന്ന് ശാന്തയെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.
പ്ലസ്‌ടുവിന് പഠിക്കുമ്പോള്‍ വണ്ടമറ്റം അക്വാട്ടിക് സെന്ററില്‍ നീന്തല്‍ പരിശീലനം നടത്തിയ മണക്കാട് കുന്നത്തുപാറ മനയ്‌ക്കപ്പാറ വീട്ടില്‍ അര്‍ജുന്‍ (30) സംസ്‌ഥാന തല നീന്തല്‍ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനു പിന്നാലെ അഗ്നിരക്ഷാസേന ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പടെ അര്‍ജുനെ അഭിനന്ദിച്ചു.