-->
അടിമാലി: ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ നിലവിലുണ്ടായിരുന്ന ടാറിങ്ങും പൊട്ടിപ്പൊളിഞ്ഞ് പൂര്‍ണമായും തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം ദുസ്സഹമായി. ദേശീയപാതയുടെ കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള 100 കിലോമീറ്റര്‍ വരെയുള്ള ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. എന്നാല്‍ വനമേഖലയില്‍ പണി ആരംഭിച്ചതോടെയാണ് വനം വകുപ്പുമായുള്ള തര്‍ക്കങ്ങള്‍ക്ക് തുടക്കം.
35 മീറ്റര്‍ വീതിയില്‍ ദേശീയപാതയ്‌ക്ക് സ്‌ഥലം ഉണ്ടെങ്കിലും 15 മീറ്റര്‍ വീതിയില്‍ മാത്രമാണ് നിര്‍മാണം നടത്താന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തുടക്കം കുറിച്ചത്. എന്നാല്‍ നിലവിലുള്ള ടാറിങ് റോഡില്‍ മാത്രം പണികള്‍ നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് വനംവകുപ്പ് അധികൃതര്‍.
തൊടുപുഴ സ്വദേശി എം.എന്‍ ജയചന്ദ്രന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. റോഡ് പണിയില്‍ പ്രതിസന്ധി വന്നതോടെ നിലവിലുണ്ടായിരുന്ന ടാറിങ്ങിന്റെ നവീകരണം പോലും നടത്താനുള്ള ശ്രമം ദേശീയപാത അധികൃതര്‍ ഉപേക്ഷിച്ചു.
ഇതോടെയാണ് യാത്ര ദുഷ്‌കരമായത്. നേര്യമംഗലം മുതല്‍ വാളറ വിലയുള്ള 14.5 കിലോമീറ്റര്‍ താണ്ടണമെങ്കില്‍ ഒരു മണിക്കൂറിലധികം വേണ്ടിവരുന്ന സ്‌ഥിതിയിലേക്ക് മാറി. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇരുചക്ര വാഹനങ്ങള്‍ അടക്കം അപകടത്തില്‍പെടുന്നതും പതിവായി. നേര്യമംഗലം പാലത്തിന് സമീപം മണിക്കൂറുകളാണ് ദിവസവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.