-->
അടിമാലി: ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്‍ കേരളയുടെയും നേതൃത്വത്തില്‍ നടന്നുവരുന്ന ഹെല്‍ത്തി കേരള കാമ്പയിന്‍ പള്ളിവാസലില്‍ തുടക്കമായി. വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗ നിയന്ത്രണത്തിനുള്ള ആരോഗ്യകരമായ ഭക്ഷണം, ഉറക്കം, വ്യായാമം തുടങ്ങിയവയും ആയുഷിലെ ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവകളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും പദ്ധതികളും ജനങ്ങള്‍ക്കു പരിചയപ്പെടുത്തുന്നതാണ് ഈ കാമ്പയിന്‍.
റേഡിയോ പ്രഭാഷണം, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള മെഗാ ക്വിസ് മത്സരം, നൂറ് ആരോഗ്യ ഭക്ഷണ വിഭവങ്ങളുടെ ചേരുവകളോട് കൂടിയ ക്യു ആര്‍ കോഡ് സ്‌കാനിംഗ് സൗകര്യം തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടക്കും. കല്ലാറിലുള്ള പള്ളിവാസല്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടന്ന ഗ്രാമപഞ്ചായത്തുതല പരിപാടിയുടെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മായ ഷാജു നിര്‍വഹിച്ചു.
ആയുഷ് എന്നാല്‍ ആരോഗ്യം എന്ന സന്ദേശത്തോടെയുള്ള പ്രചാരണ പോസ്‌റ്റര്‍ പ്രസിഡന്റ് പ്രകാശനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷ സി. സുകന്യ അധ്യക്ഷത വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷന്‍ മാക്‌സിന്‍ ആന്റണി, വാര്‍ഡ് മെമ്പര്‍ കെ.ആര്‍. രതീഷ്, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.എസ്. നൗഷാദ്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. അല്‍ഫീന, സിദ്ധ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയപ്രിയ ഗോപി എന്നിവര്‍ പ്രസംഗിച്ചു.