Sunday, March 15, 2026 Last Updated 10 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.22 PM

ഏലത്തോട്ടങ്ങളില്‍ വിളവെടുപ്പ്‌ ഉള്‍പ്പെടെ വൈകുന്നു; രോഗബാധയും തിരിച്ചടി

കട്ടപ്പന: കാലാവസ്‌ഥാ മാറ്റത്തെ തുടര്‍ന്നുണ്ടാകുന്ന രോഗ ബാധകളും തൊഴിലാളിക്ഷാമവും ഏലം മേഖലയ്‌ക്ക് തിരിച്ചടിയാകുന്നു. മാസങ്ങളായി ഏലത്തിന്‌ വില സ്‌ഥിരതയുള്ളതിനാല്‍ കര്‍ഷകര്‍ക്ക്‌ നഷ്‌ടമില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കുന്നുണ്ട്‌. എന്നാല്‍ ഇടയ്‌ക്കിടെയുണ്ടാകുന്ന രോഗ ബാധയാണ്‌ തിരിച്ചടിയാകുന്നത്‌.
നിലവില്‍ 2400-2500 രൂപയാണ്‌ കട്ടപ്പന മാര്‍ക്കറ്റിലെ ഏലക്കാവില. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ വില കുറവാണെങ്കിലും നഷ്‌ടമില്ലാതെ മുന്നോട്ട്‌ പോകാന്‍ സാധിക്കുന്നുണ്ടെന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌. വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാതിരിക്കുന്നതിനാല്‍ തന്നെ ഏലം മേഖലയിലേക്ക്‌ നിരവധി പേര്‍ ഇപ്പോള്‍ കടന്നുവരുന്നുമുണ്ട്‌.
അതേസമയം ഏലക്കായ്‌ക്ക് മികച്ച വില ലഭിക്കുമ്പോഴും കാലാവസ്‌ഥ വ്യതിയാനവും ചെടികളിലെ രോഗബാധയും കര്‍ഷകര്‍ക്ക്‌ തിരിച്ചടിയാകുന്നു.
ഇതിനു പുറമെയാണ്‌ തൊഴിലാളി ക്ഷാമവും രൂക്ഷമാകുന്നത്‌. സ്‌ഥിരമായി തൊഴിലാളികളെ ലഭിക്കാത്തത്‌ വിളവെടുപ്പിനെയും മറ്റ്‌ ജോലികളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്‌. വന്‍കിട തോട്ടങ്ങളില്‍ ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും തൊഴിലാളികളെ എത്തിച്ച്‌ ജോലികള്‍ നടത്തുമ്പോള്‍ മറ്റുള്ള കര്‍ഷകര്‍ തൊഴിലാളികളെ ലഭിക്കാതെ തേടി നടക്കുകയാണ്‌.
തൊഴിലാളികളെ ലഭിക്കുമ്പോഴേക്കും തോട്ടത്തിലെ ജോലികള്‍ നീണ്ടു പോകുന്നതും കര്‍ഷകര്‍ക്ക്‌ തിരിച്ചടിയാണ്‌. തമിഴ്‌നാട്ടില്‍ നിന്നും നിത്യേന ആയിരക്കണക്കിന്‌ തൊഴിലാളികളാണ്‌ ഹൈറേഞ്ച്‌ മേഖലയിലെ തോട്ടങ്ങളിലേക്ക്‌ ജോലിക്കെത്തുന്നത്‌.
എന്നാല്‍ ഇതുകൊണ്ടുപോലും തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ സാധിക്കാത്ത സ്‌ഥിതിയാണ്‌ ഇപ്പോള്‍ ഉള്ളത്‌. തൊഴിലാളികളെ ലഭിക്കാതെ വരുന്നതോടെ വിളവെടുപ്പ്‌ അടക്കം പ്രതിസന്ധിയിലാകുന്ന കാഴ്‌ച്ചയുമുണ്ട്‌.
ഇതിനിടെ വേനലിന്റെ കാഠിന്യം വര്‍ധിച്ചതോടെ ജലസ്രോതസുകളില്‍ നീരൊഴുക്ക്‌ കുറഞ്ഞു. ഇത്‌ ജലസേചനത്തെയും ബാധിച്ചു. പലസ്‌ഥലങ്ങളിലും ചെടികള്‍ കരിഞ്ഞുണങ്ങി നശിച്ചു. ജലത്തിന്റെ ലഭ്യതക്കുറവിനെ തുടര്‍ന്ന്‌ സ്‌പ്രിങ്‌ളര്‍ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നു. പോളപൊളിച്ചില്‍ പോലുള്ള രോഗബാധയാണ്‌ മറ്റൊരു വെല്ലുവിളി. ഇതു തടയാന്‍ ശാസ്‌ത്രീയ പ്രതിരോധമാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗബാധയേറ്റ ചെടികള്‍ നശിപ്പിക്കേണ്ടിവരുന്നതും പ്രതിസന്ധിയാണ്‌.

Ads by Google
Advertisement
Sunday 15 Feb 2026 12.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW