-->
അടിമാലി: ദേശീയപാത നിര്‍മാണ നിരോധനത്തില്‍ പരിഹാരമാകാത്തതിനെത്തുടര്‍ന്ന്, ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ സത്യഗ്രഹ സമരം അടിമാലിയില്‍ നടന്നു. രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെ ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹ സമരത്തില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം അലയടിച്ചു. പ്രശ്‌നത്തിന് ഉടന്‍ പരിഹാരമായില്ലെങ്കില്‍ സമരം വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.
അടിമാലി ടൗണില്‍ കൊച്ചി - ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ചു കൊണ്ടായിരുന്നു ഇന്നലെ സമരത്തിന് തുടക്കം. സമരം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്‌ഘാടനം ചെയ്‌തു. ജനപ്രതിനിധികള്‍ അടക്കം നിരവധി നേതാക്കളാണ് സമരത്തില്‍ അണിനിരന്നത്. പ്രഫ. എം.ജെ ജേക്കബ്, മുന്‍ എം.എല്‍.എ: എ.കെ മണി, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കെ.പി.സി.സി വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ്, ഫാം കണ്‍വീനര്‍ സിജുമോന്‍ ഫ്രാന്‍സിസ്, എം.എസ്.എം.ഇ സംസ്‌ഥാന കണ്‍വീനര്‍ സി.വി സജിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ മോഹനന്‍ നായര്‍, വിഫാം ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ, സേവ് വെസേ്‌റ്റണ്‍ ഹട്ട് പീപ്പിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജെയിംസ് വടക്കന്‍, കെ.പി.സി.സി സംസ്‌ഥാന സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍, ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് സിദ്ദിഖ്,
അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ്, വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയകുമാര്‍, മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു, പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ ഷിജു, പി.സി ജയന്‍, ഡി. കുമാര്‍, ഒ.ആര്‍ ശശി, ബേബി അഞ്ചേരി, ഷാജി തുണ്ടത്തില്‍, എ.പി ഉസ്‌മാന്‍, സി.എസ് നാസര്‍, എം.ബി സൈനുദ്ദീന്‍, ഷേര്‍ലി ജോസഫ്, കെ.എസ് സിയാദ് തുടങ്ങി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സാമുദായിക- സാംസ്‌കാരിക സംഘടനകള്‍, ട്രേഡ് യൂണിയനുകള്‍ എന്നിങ്ങനെ എല്ലാ വിഭാഗം നേതാക്കളും ബഹുജനങ്ങളും സമരത്തില്‍ അണിനിരന്നു.
ദേശീയപാത സംരക്ഷണ സമിതി ചെയര്‍മാന്‍ പി.എം ബേബി സമരത്തിന് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ റസാക്ക് ചൂരവേലി, ഭാരവാഹികളായ കെ.കെ. രാജന്‍, അഡ്വ. ആല്‍ബിന്‍ ജോയ് തുടങ്ങിയവ നേതൃത്വം വഹിച്ചു.
കഴിഞ്ഞ 11ന് മുഖ്യമന്ത്രിയെ കാണുമെന്ന സര്‍വകക്ഷി യോഗതീരുമാനവും നടപ്പായിരുന്നില്ല.
സത്യാഗ്രഹ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ അടിമാലിയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മുഖ്യമന്ത്രിയെ കണ്ടു പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് വാഗ്‌ദാനവും ഉണ്ടായി. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള എല്‍.ഡി.എഫ് തന്ത്രമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന്റെ സമയം ലഭിക്കാത്തതു മൂലമാണ് പോകാന്‍ കഴിയാത്തതെന്ന് രാജ എം.എല്‍.എ പറഞ്ഞു. 11ന് മുഖ്യമന്ത്രി സ്‌ഥലത്തില്ലാത്തതു കൊണ്ടാണ് പോകാന്‍ കഴിയാത്തതെന്നും അടുത്ത ദിവസം തന്നെ സമയം കണ്ടെത്തി മുഖ്യമന്ത്രി നേരില്‍ കണ്ട് പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയും നടക്കാതെ വന്നതോടെയാണ് മുന്‍പ് പ്രഖ്യാപിച്ച സമരം കൂടുതല്‍ ശക്‌തമാക്കാന്‍ ദേശീയപാത സംരക്ഷണ സമിതി തീരുമാനമെടുത്തത്.