-->
മുവാറ്റുപുഴ: വളര്‍ന്ന് വരുന്ന നഗരങ്ങള്‍ നേരിടുന്ന മുഖ്യ ഭീഷണികളില്‍ ഒന്നായ ശാസ്‌ത്രീയ മാലിന്യ സംസ്‌കരണത്തില്‍ പുതു തലമുറയെ കൂടി പ്രാപ്‌തമാക്കുന്നതിന് വിദ്യാര്‍ഥികള്‍ക്കായി ഇക്കോ സെന്‍സ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി മൂവാറ്റുപുഴ നഗരസഭ. മാലിന്യങ്ങള്‍ പൊതു നിരത്തിലേക്ക് വലിച്ചെറിയുന്ന സംസ്‌കാരത്തിന് അറുതി വരുത്തുന്നതിനും ഉറവിടത്തില്‍ തന്നെ ശാസ്‌ത്രീയമായി സംസ്‌കരിക്കുന്നതിനും താഴെ തട്ടില്‍ അവബോധം സൃഷ്‌ടിക്കുന്നതിനാണ് നൂതന പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് നഗരസഭ ചെയര്‍പഴ്‌സണ്‍ ജോയ്‌സ് മേരി ആന്റണി പറഞ്ഞു.
ഇതിന്റെ ഭാഗയായി നഗരാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 75 വിദ്യാര്‍ഥികള്‍ക് 1500 രൂപ വീതം ഇക്കോ സെന്‍സ് സ്‌കോളര്‍ഷിപ്പായി നല്‍കും. മാലിന്യ സംസ്‌കരണത്തിലുളള ഇവരുടെ വൈഭവം, ശാസ്‌ത്രീയ രീതികള്‍, അര്‍പ്പണ ബോധം, പാഴ് വസ്‌തുക്കളില്‍ നിന്ന് മൂല്യ വര്‍ധിത ഉത്‌പന്നങ്ങള്‍ നിര്‍മിക്കാനുളള കഴിവ്, മാലിന്യ നിക്ഷേപത്തിന് എതിരായ പ്രചാരണം, ശുചിത്വ ബോധവത്‌കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാകും അര്‍ഹരായവരെ കണ്ടെത്തുക.
ശുചിത്വ നഗരം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുന്നതിന് ഒപ്പം പുതു തലമുറയെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കുക എന്നതും പദ്ധതി ലക്ഷ്യം വക്കുന്നതായി ചെയര്‍പഴ്‌സണ്‍ പറഞ്ഞു.
പദ്ധതിയുടെ മുന്നോടിയായി നഗരസഭ ഇക്കോ സെന്‍സ് സ്‌കോളര്‍ഷിപ്പ് - ശുചിത്വ പഠനോത്സവം നടത്തി. നഗരസഭ അധ്യക്ഷ ജോയ്‌സ് മേരി ആന്റണി ഉദ്‌ഘാടനം ചെയ്‌തു. ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷ പി. രജിത അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷന്‍ പി.എം. അബ്‌ദുല്‍ സലാം സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ ഉപ സമിതി അധ്യക്ഷ ഷഹന മാഹിന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്‌തു.
എക്കോ സെന്‍സ് സ്‌കോളര്‍ഷിപ്പില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവച്ച തര്‍ബിയത്ത് ട്രസ്‌റ്റ് സ്‌കൂളിന് അവാര്‍ഡ് സമ്മാനിച്ചു. പഠനോത്സവത്തോട് അനുബന്ധിച്ച് മികച്ച മോഡലുകള്‍, വേസ്‌റ്റ് ടു ആര്‍ട്ട് എന്നിവ ഉള്‍പ്പെടുത്തി പ്രദര്‍ശനം സംഘടിപ്പിച്ചു.
പൊതുമരാമത്ത് സ്‌ഥിരം സമിതി അധ്യക്ഷന്‍ ജിനു മടേയ്‌ക്കല്‍, കൗണ്‍സിലര്‍മാരായ സജി ടി.എസ്., ഷബാന, രജനി സജീവ്, ഷേര്‍ലി പൗലോസ്, അമ്പിളി ബിജു, മനു പോള്‍, നഗരസഭ സൂപ്രണ്ട് ഷീല എസ്., ക്ലീന്‍ സിറ്റി മാനേജര്‍ നൗഷാദ് എ., ശുചിത്വ മിഷന്‍ പ്രതിനിധികള്‍, കെ.എസ്.ഡബ്ലി.യു.എം.പി. പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാലിന്യ പരിപാലനത്തില്‍ പുനരുപോയോഗം ശീലമാക്കുക എന്ന ലക്ഷ്യത്തിനായി ആര്‍.ആര്‍.ആര്‍. സെന്റര്‍ ഉദ്‌ഘാടനവും ശുചിത്വ പഠനോത്സവത്തിന്റെ ഭാഗമായി നടത്തി.