Wednesday, March 11, 2026 Last Updated 22 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.19 PM

കനാല്‍ സിറ്റി പദ്ധതി: ഒന്നാംഘട്ട വികസന പ്രവൃത്തിക്ക്‌ 73.21 കോടി അനുവദിച്ചു

uploads/news/2026/02/825522/1.jpg

കോഴിക്കോട്‌: കോഴിക്കോട്‌ നഗരത്തിന്റെ മുഖഛായതന്നെ മാറ്റുന്ന കനാല്‍ സിറ്റി പദ്ധതിയുടെ ഭാഗമായി കനോലി കനാല്‍ ഒന്നാംഘട്ട വികസന പ്രവൃത്തിക്ക്‌ 73.21 കോടി രൂപ കിഫ്‌ബി അനുവദിച്ചു. കനാല്‍ സിറ്റി പദ്ധതിയുടെ ഭാഗമായി കനോലി കനാലിന്റെ അരയിടത്തുപാലം മുതല്‍ എരഞ്ഞിപ്പാലം വരെയുള്ള ഭാഗമാണ്‌ ഒന്നാംഘട്ടത്തില്‍ വികസിപ്പിക്കുന്നത്‌. നഗരത്തിന്റെ ദീര്‍ഘകാലമായുള്ള സ്വപ്‌നമാണ്‌ കനാല്‍ സിറ്റി. സംസ്‌ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണിത്‌.
കോഴിക്കോട്‌ നഗരത്തിലെ കനോലി കനാല്‍ കേന്ദ്രീകരിച്ച്‌ ടൂറിസം, ഗതാഗതം, വെള്ളപ്പൊക്ക ലഘൂകരണം എന്നിവ ലക്ഷ്യമിട്ട്‌ കിഫ്‌ബി സഹായത്തോടെ നടപ്പിലാക്കുന്ന 1,118 കോടി രൂപയുടെ വികസന പദ്ധതിയാണ്‌ കനാല്‍ സിറ്റി. മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ 14 മീറ്റര്‍ വീതിയില്‍ കനാല്‍ വികസിപ്പിക്കുകയും, ബേപ്പൂര്‍ തുറമുഖവുമായി ബന്ധിപ്പിച്ച്‌ ചരക്കുനീക്കം സാധ്യമാക്കുകയും ചെയ്ുയം. കനാല്‍ സിറ്റി പദ്ധതിയുടെ പ്രധാന പ്രത്യേകതകളിവയാണ്‌. കനോലി കനാലിന്റെ വീതിയും ആഴവും വര്‍ധിപ്പിച്ച്‌ ജലപാതാ നിലവാരത്തിലാക്കും. ടൂറിസം വിനോദം: കനാല്‍ തീരങ്ങള്‍ നവീകരിച്ച്‌, പൊതുജനങ്ങള്‍ക്ക്‌ നടപ്പാതകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഒരുക്കും. നഗരത്തിലെ ഓടകള്‍ കനാലുമായി ബന്ധിപ്പിച്ച്‌ വെള്ളപ്പൊക്ക ഭീഷണി കുറയ്‌ക്കും. ഗതാഗതം: കോഴിക്കോട്‌ നഗരത്തിലൂടെയുള്ള ചരക്കുനീക്കത്തിനും യാത്രാ ആവശ്യങ്ങള്‍ക്കും ജലഗതാഗതം ഉപയോഗപ്പെടുത്തും. 10 ഏക്കറോളം ഭൂമി ഏറ്റെടുത്ത്‌, പാരിസ്‌ഥിതിക സൗഹൃദപരമായ രീതിയിലാണ്‌ നിര്‍മ്മാണം വിഭാവനം ചെയ്‌തിരിക്കുന്നത്‌. കോഴിക്കോടിന്റെ നഗരവികസനത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണിത്‌.
ജില്ലയിലെ പ്രധാന റോഡായ പാവങ്ങാട്‌- ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വ (പി.യു.കെ.സി.) റോഡ്‌ വികസനത്തിനായി 166.55 കോടി രൂപയും അനുവദിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്‌ബി ബോര്‍ഡ്‌ യോഗത്തിലാണ്‌ ഇവയുള്‍പ്പെടെ സംസ്‌ഥാനത്ത്‌ ആകെ 689.45 കോടി രൂപയുടെ 14 പദ്ധതികള്‍ക്ക്‌കൂടി അനുമതിയായത്‌. പി.യു.കെ.സി റോഡിന്റെ പുതിയങ്ങാടി മുതല്‍ കുറ്റ്യാടി വരെയുള്ള ഭാഗമാണ്‌ കിഫ്‌ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നത്‌.
ഇതിന്റെ ഒന്നാംഘട്ടം പാവങ്ങാട്‌ മുതല്‍ ഉള്ള്യേരി വരെ 17.2 കിലോമീറ്റര്‍ ആണ്‌. ഈ പ്രവൃത്തിയ്‌ക്കു വേണ്ടി കിഫ്‌ബിയില്‍നിന്ന 82.36 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചിട്ടുണ്ട്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ റോഡ്‌ വീതി കൂട്ടി പുനരുദ്ധരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്‌. 14 മീറ്റര്‍ ആയാണ്‌ റോഡ്‌ വീതി കൂട്ടുന്നത്‌. ഇതില്‍ ഒന്‍പത്‌ മീറ്റര്‍ കാര്യേജ്‌ വേ, ഇരുവശത്തും ഡ്രൈനേജ്‌, , നടപ്പാത, യൂട്ടീലിറ്റി കോറിഡോര്‍ എന്നിവ ഉള്‍പെടുന്നു.
രണ്ടാം ഘട്ടമായി ഉള്ള്യേരി മുതല്‍ കുറ്റ്യാടിവരെയുള്ള ഭാഗമാണ്‌ നവീകരിക്കുക. ഇതിനായി 168 കോടി രൂപം കിഫ്‌ബിയില്‍നിന്നും സാമ്പത്തിക അനുമതി ലഭ്യമായിട്ടുണ്ട്‌. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കും. പുറക്കാട്ടിരി പാലം മുതല്‍ ഉള്ള്യേരി വരെയുള്ള ഭാഗം 10 കോടി രൂപ ചെലവില്‍ ഇതിനകം ബി.എം. ആന്‍ഡ്‌ ബിസി നിലവാരത്തില്‍ ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്‌. കേരള റോഡ്‌ ഫണ്ട്‌ ബോഡിനും (കെ.ആര്‍.എഫ്‌.ബി) പൊതുമരാമത്ത്‌ നിരത്ത്‌ വിഭാഗത്തിനും ആണ്‌ നിര്‍മാണ ചുമതല. എം.സി. റോഡ്‌ വികസനം ഉള്‍പ്പെടെ പൊതുമരാമത്ത്‌ വകുപ്പില്‍ 282.98 കോടി രൂപയുടെ പദ്ധതികള്‍ക്ക്‌ കിഫ്‌ബി ബോര്‍ഡ്‌ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്‌. കോഴിക്കോട്ടുകാരുടെ സ്വപ്‌നപദ്ധതിക്കാണ്‌ കിഫ്‌ബി ആദ്യ ഫണ്ട്‌ അനുവദിക്കുന്നതിലൂടെ ചിറക്‌ മുളയ്‌ക്കുന്നതെന്നു പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.
യൂറോപ്യന്‍ മാതൃകയില്‍ ജല ഗതാഗതവും ചരക്കുനീക്കവും വിനോദസഞ്ചാരവും ഒരുപോലെ സാധ്യമാകുന്ന പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ കോഴിക്കോട്‌ നഗരം ലോക ഭൂപടത്തില്‍ ഇടംപിടിക്കും. അതേപോലെ ജനങ്ങളുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ്‌ പാവങ്ങാട്‌-ഉള്ള്യേരി-കുറ്റ്യാടി റോഡ്‌ വികസനം. 166.55 കോടി രൂപയാണ്‌ ഈ റോഡിനായി ഇപ്പോള്‍ കിഫ്‌ബി അനുവദിച്ചിരിക്കുന്നത്‌. സ്‌ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ നടപടികള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്‌.
റോഡ്‌ വികസനം യാഥാര്‍ഥ്യമാവുന്നതോടെ ഈ റൂട്ടില്‍ ഏറെക്കാലയുള്ള യാത്രാ ക്‌ളേശത്തിനു ശാശ്വത പരിഹാരമാവുമെന്നും മന്ത്രി മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.

Ads by Google
Advertisement
Sunday 15 Feb 2026 12.19 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW