-->
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന പള്ളിപ്പാനയിലെ അതിസാഹസിക ചടങ്ങുകളില്‍ ഒന്നായ ആഴിബലി ഇന്ന്. അഗ്നിദേവനെ പ്രീതിപ്പെടുത്തുന്നതിനായുള്ള ചടങ്ങാണിത്. കൂത്താടികള്‍ യജ്‌ഞവേദിയില്‍ അഗ്നി കൂണ്ഡം തീര്‍ത്ത് തൂമ്പാച്ചട്ടം അതില്‍ നിക്ഷേപിച്ച് പൂജകള്‍ ചെയ്‌തശേഷം തൂമ്പാച്ചട്ടം പഴുത്തു ചുമക്കുന്ന അവസരത്തില്‍ ഉറഞ്ഞുതുള്ളി വെറും കൈകളാല്‍ എടുത്ത് പള്ളിപ്പന്തലിനു മുന്നില്‍ സമര്‍പ്പിക്കും.
ആഴി ബലിക്ക് മുന്‍പായി ശാസ്‌താം പുറപ്പാട് നടക്കും. തന്റെ പിതാവായ പരമശിവന്‍ ആദ്യമായി നടത്തിയ പള്ളിപ്പാനയില്‍ ശാസ്‌താവ് ദര്‍ശനം നടത്തിയ ഓര്‍മ്മകള്‍ പങ്കുവച്ച് തകഴി ശാസ്‌താവ് പള്ളിപ്പാന ദര്‍ശനത്തിനെത്തുന്നു എന്ന വിശ്വാസത്തിലാണ് ചടങ്ങ് നടക്കുന്നത്. പള്ളിപ്പാനയുടെ ഏഴാം ദിനമായ ഇന്നലെ നൂറും പാലും, ഓത്ത്, മുറോത്ത്, പാനപിടുത്തം, പാനയടി, കാലന്‍ പുറപ്പാട്, കാളി കൂടം തുള്ളല്‍ എന്നീ ചടങ്ങുകള്‍ നടന്നു.
രാവിലെ കോയ്‌മ വടിയില്‍ ദേവ ചൈതന്യം പള്ളിപ്പന്തലിലേക്ക് എഴുന്നള്ളിച്ച ശേഷം സര്‍പ്പ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി നൂറും പാലും നടന്നു. ഉച്ചയ്‌ക്കുശേഷം പാനപിടുത്തവും പാനയടിയും നടന്നു. രാത്രിയില്‍ കാലന്‍ പുറപ്പാട് നടന്നു. യമദേവന്‍ ആദ്യ പള്ളിപ്പാന ദര്‍ശിക്കാന്‍ എത്തിയ ഓര്‍മ്മ പുതുക്കുന്ന ചടങ്ങാണ് കാലന്‍ പുറപ്പാട്. അവകാശി ഗണകന്‍ പാളയില്‍ എഴുതിയ കോലം മുഖത്ത് വച്ച് കെട്ടി വാദ്യമേളങ്ങളുടെ അകമ്പടിയോടെ യജ്‌ഞവേദിയില്‍ എത്തി കുമ്പളങ്ങ മുറിച്ച് ബലിയര്‍പ്പിച്ചു.
പടയണി കലാകാരനും ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് സ്വദേശി ദിലീപ് ഗോപിനാഥാണ് കാലന്‍ കോലം എടുത്തത്. കാലന്‍ പുറപ്പാടിനു ശേഷം കാളി കൂടം തുള്ളല്‍ നടന്നു. ശത്രു സംഹാര കര്‍മ്മങ്ങളുടെ ഭാഗമായി ബാധകളെ ആവാഹിച്ചിരുത്തി ബലി പൂജകള്‍ ചെയ്യുന്നതാണ് ഈ ചടങ്ങ്.
ചടങ്ങിന്റെ ഭാഗമായി ആറുകുടിലുകള്‍ക്ക് മുമ്പിലും കുലവാഴകള്‍ നാട്ടി പാലക്കൊമ്പ്, ഇലഞ്ഞിത്തൂപ്പ്, കുരുത്തോല എന്നിവ കൊണ്ട് അലങ്കരിച്ച് കളിഞ്ഞട്ടു മാതൃകയില്‍ കാളികൂടങ്ങള്‍ നിര്‍മ്മിച്ച് കൂത്താടികള്‍ പൂജ ചെയ്‌ത് ബലി അര്‍പ്പിച്ചു. ആവേശം കയറിയ കൂത്താടികള്‍ കാളികൂടങ്ങള്‍ എടുത്ത് ഉറഞ്ഞുതുള്ളി. ചെറിയ കൂമ്പുബലിയാണ് ഒന്‍പതാം ദിനമായ നാളത്തെ പ്രധാന ചടങ്ങ്.
ആദ്യ പള്ളിപ്പാന നടത്തിയ ശിവ ഭഗവാനെ കൈലാസത്തില്‍ നിന്നും യജ്‌ഞവേദിയിലേക്ക് ക്ഷണിക്കുന്ന സങ്കല്‌പത്തിലാണ് ചെറിയ കൂമ്പുബലി നടക്കുന്നത്. ഓരോ കുടിലുകള്‍ക്ക് മുമ്പിലും ഏഴേകാല്‍ കോല്‍ ഉയരത്തില്‍ അടക്കാമരങ്ങള്‍ കുഴിച്ചിട്ട് അതില്‍ തട്ടുണ്ടാക്കി ഇല ഇട്ടിരുന്ന് കൈലാസക്കോല്‍ നിര്‍മ്മിച്ച് പൂജ ചെയ്യുന്നതാണ് ഈ ചടങ്ങ്.
പള്ളിപ്പാനയുടെ പതിനാലാം ദിവസം ശിവസാന്നിദ്ധ്യം അനുഭവവേദ്യമാക്കി ഒന്‍പതേകാല്‍ക്കോല്‍ ഉയരത്തില്‍ കൂമ്പുകള്‍ നിര്‍മ്മിച്ച് വലിയ കൂമ്പുബലിയും നടക്കും.