-->
മാവേലിക്കര : ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ കുംഭഭരണിയ്‌ക്ക് ഒരുക്കം തുടങ്ങി. കുത്തിയോട്ടങ്ങള്‍ക്കും കെട്ടുകാഴ്‌ച നിര്‍മാണത്തിനും ഇന്ന് തുടക്കമാകും. അറ്റകുറ്റപ്പണികളുടെ ഭാഗമായി ചില കരകളില്‍ കെട്ടുകാഴ്‌ച നിര്‍മാണം നേരത്തെ ആരംഭിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ കരനാഥന്‍മാര്‍ ക്ഷേത്രത്തിലെത്തി വഴിപാടുകള്‍ നടത്തിയ ശേഷം കരകളുടെ ആസ്‌ഥാനങ്ങളില്‍ തിരികെ എത്തിയ ശേഷമാണ് കെട്ടുകാഴ്‌ചകളുടെ നിര്‍മാണം ആരംഭിക്കുക. വഴിപാടുകാരുടെ ഗൃഹങ്ങളില്‍ കുത്തിയോട്ടങ്ങള്‍ക്കും ഇന്ന് തുടക്കമാകും.
ഇന്ന് രാവിലെ കുത്തിയോട്ടത്തിന് ചൂരല്‍ മുറിയുന്ന കുട്ടികളെ ക്ഷേത്രത്തിലെത്തിച്ച് ദര്‍ശനം നടത്തി വഴിപാടുകള്‍ നടത്തിയ ശേഷം കുത്തിയോട്ടം നടത്തുന്ന ഗൃഹനാഥന് കൈമാറും. വൈകിട്ട് വഴിപാട് ഗൃഹങ്ങളില്‍ സജ്‌ജമാക്കുന്ന പ്രത്യേക പന്തലില്‍ ദേവീസാന്നിധ്യമായി വാള്‍ പ്രതിഷ്‌ഠിക്കും. തുടര്‍ന്ന് ദീപാരാധനയ്‌ക്ക് ശേഷം കുത്തിയോട്ടച്ചടങ്ങുകള്‍ ആരംഭിക്കും. രേവതി നാള്‍ വരെ ഗൃഹങ്ങളില്‍ അനുഷ്‌ഠാനം തുടരും.
ക്ഷേത്രവുമായി ബന്ധപ്പെട്ട കരകളിലും പുറത്തുമായി 15 കുത്തിയോട്ടങ്ങളാണ് ഇത്തവണയുള്ളത്. കുംഭഭരണി നാള്‍ വരെ ഇനി പറയെടുപ്പ് ഉണ്ടാകില്ല. ഓണാട്ടുകരയുടെ ദേശീയോത്സവമായ കുംഭരണിയുടെ ഒരുക്കം തുടങ്ങിയതോടെ നാടൊന്നാകെ ഉത്സവാന്തരീക്ഷത്തിലാണ്.
ദേശത്തിന്റെ സായന്തനങ്ങള്‍ ഇനി കുത്തിയോട്ടപ്പാട്ടുകളുടെയും ചുവടുകളുടെയും ചടുലതാളങ്ങളാല്‍ മുഖരിതമാകും. കെട്ടുകാഴ്‌ചകള്‍ ഒരുക്കുന്ന ഇടങ്ങളില്‍ നാടിന്റെ സാന്നിധ്യവും സജീവമാകും.
ശിവരാത്രി നാളിലാണ് കുത്തിയോട്ടങ്ങള്‍ക്കും കെട്ടുകാഴ്‌ച നിര്‍മാണത്തിനും തുടക്കമാകുന്നത്. ഈ മാസം 23നാണ് ഭരണി മഹോത്സവം.