-->
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ചു ജനങ്ങളെ ബോധവത്‌കരിക്കുന്നതിനായി വോട്ട് വണ്ടി എന്ന പേരില്‍ പ്രചാരണ വാഹനങ്ങള്‍ ജില്ലയില്‍ പര്യടനം ആരംഭിച്ചു.
കളക്‌ടറേറ്റ് അങ്കണത്തില്‍ കലക്‌ടര്‍ ചേതന്‍ കുമാര്‍ മീണ ഫ്‌ളാഗ് ഓഫ് ചെയ്‌തു. ജില്ലാ ഭരണകൂടത്തിന്റെയും വോട്ടര്‍ ബോധവത്‌കരണ പരിപാടിയായ സ്വീപ്പിന്റെയും നേതൃത്വത്തിലാണ് പര്യടനം. എല്ലാ വോട്ടര്‍മാരെയും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാക്കുകയാണ് ലക്ഷ്യമെന്നു കലക്‌ടര്‍ പറഞ്ഞു.
വോട്ടു ചെയ്യുന്ന വിധം പരിചയപ്പെടുത്തുന്നതിനായി പ്രചാരണ വാഹനത്തിനുള്ളില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റ് യന്ത്രവും സജ്‌ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കു നേരിട്ട് വോട്ടു ചെയ്‌തു പരിശീലിക്കാം.
ജില്ലയിലെ ഒന്‍പതു നിയമസഭാ മണ്ഡലങ്ങളിലും വോട്ടുവണ്ടി പര്യടനം നടത്തും.
ചടങ്ങില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്‌ടര്‍ ഷീബ മാത്യു, സ്വീപ്പ് ജില്ലാ നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത്, കോട്ടയം തഹസില്‍ദാര്‍ ടി.എസ്. സനില്‍ കുമാര്‍, ജൂണിയര്‍ സൂപ്രണ്ട് ഇ.സി. ഗിരീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.