Thursday, March 12, 2026 Last Updated 17 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 04.56 AM

പള്ളിപ്പാന ഏഴാം ദിവസത്തിലേക്ക്‌; അമ്പലപ്പുഴയിലേക്ക്‌ ഭക്‌തജനപ്രവാഹം

uploads/news/2026/02/825343/2.jpg

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന പള്ളിപ്പാന ദര്‍ശിക്കാന്‍ ഭക്‌തജനത്തിരക്കേറുന്നു. ആറാം ദിവസമായ ഇന്നലെ ഓത്ത്‌, മുറോത്ത്‌, പാനപിടുത്തം, പാനയടി ബ്രഹ്‌മന്‍ പുറപ്പാട്‌, നിണ ബലി എന്നീ ചടങ്ങുകള്‍ നടന്നു.
ക്ഷേത്രഭൂമിയിലെ ആഭിചാര ദോഷങ്ങള്‍ മാറാന്‍ ക്ഷേത്ര ഭൂമിയുടെ നാല്‌ ദിക്കുകളില്‍ നിന്നും മണ്ണ്‌ ശേഖരിച്ച്‌ യജ്‌ഞവേദിയില്‍ സ്‌ഥാപിച്ച ആറ്‌ തെങ്ങിന്‍ കുറ്റികളില്‍ വച്ച്‌ അതിന്റെ പുറത്ത്‌ നാളികേരം വച്ച്‌ പാനക്കുറ്റികൊണ്ട്‌ അടിച്ചുപൊട്ടിക്കുന്ന ചടങ്ങാണ്‌ പാന പിടുത്തം. പാന പിടുത്തത്തിനു ശേഷം പാനയടി നടന്നു. ക്ഷേത്രഭൂമിയിലെ മണ്ണിനു പകരം ഭക്‌തരുടെ ഭവനങ്ങളിലെ മണ്ണ്‌ കൊണ്ടുവന്ന്‌ ചടങ്ങ്‌ നിര്‍വഹിക്കു ന്നതാണ്‌ പാനയടി. വീടിന്റെ നാല്‌ ദിക്കുകളില്‍നിന്നും ശേഖരിച്ച മണ്ണും ഒരു നാളികേരവുമായി വന്ന്‌ ദേവസ്വത്തില്‍നിന്നും രസീത്‌ എടുത്താണ്‌ ഭക്‌തര്‍ ഈ ചടങ്ങില്‍ പങ്കെടുത്തത്‌.
ഇന്നും നാളെയും ഈ ചടങ്ങുകള്‍ തുടരും. കൂത്താടികളോ പുറനാടികളോ അല്ല ഈ ചടങ്ങ്‌ നടത്തുന്നത്‌. പ്രത്യേക വ്രതം എടുത്തെത്തിയ ഭക്‌തര്‍ തന്നെയാണ്‌ ചടങ്ങുകള്‍ നിര്‍വഹിക്കുന്നത്‌. പള്ളിപ്പാനയുമായി ബന്ധപ്പെട്ട്‌ പറകൊട്ടി ഓതുന്ന ചടങ്ങൊഴികെ പകല്‍സമയം നടക്കുന്ന ചടങ്ങുകള്‍ പാന പിടു ത്തവും പാനയടിയും മാത്രമാണ്‌.
അത്താഴ ശീവേലിക്കുശേഷം കോയ്‌മ വടിയില്‍ ദേവ ചൈതന്യം പള്ളിപ്പന്തലിലേക്ക്‌ എഴുന്നള്ളിച്ചു.
തുടര്‍ന്ന്‌ ബ്രഹ്‌മന്‍ പുറപ്പാട്‌ നടന്നു. ശ്രീപരമേശ്വരന്‍ മുഖ്യകര്‍മ്മിയായി നടത്തിയ ആദ്യ പള്ളിപ്പാന ചടങ്ങുകള്‍ ദര്‍ശിക്കുന്നതിനായി ബ്രഹ്‌മാവ്‌ യജ്‌ഞവേദിയില്‍ എത്തിയ മുഹൂര്‍ത്തത്തെ അനുസ്‌മരിച്ച്‌ നടക്കുന്ന ചടങ്ങാണിത്‌.
ഗണക സമുദായത്തില്‍പ്പെട്ട അവകാശി കിഴക്കേ നടയിലെ പള്ളിവേട്ട ആലിന്റെ സമീപത്തു നിന്നും പാളയില്‍ കോലമെഴുതി കെട്ടി തുള്ളി യജ്‌ഞവേദിയില്‍ എത്തിയതോടെ ചടങ്ങുകള്‍ സമാപിച്ചു. തുടര്‍ന്ന്‌ നിണബലി നടന്നു. ഭദ്രകാളീ പ്രീതിക്കായി നടത്തുന്ന ചടങ്ങാണ്‌ നിണബലി. യജ്‌ഞവേദിയില്‍ വാഴപ്പോളകൊണ്ട്‌ 64 കളങ്ങള്‍ ഉണ്ടാക്കി ഭദ്രകാളിയുടെ വിവിധ ദേവതാ ഭാവങ്ങളെ സങ്കല്‌പിച്ച്‌ ബലിയര്‍പ്പിച്ചു.

Ads by Google
Advertisement
Saturday 14 Feb 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW