-->
പത്തനംതിട്ട : കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങളില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്ക് പത്തനംതിട്ട ജില്ലയില്‍ ഏതാണ്ട് പൂര്‍ണമായിരുന്നു . കടകമ്പോളങ്ങളും വ്യാപാര സ്‌ഥാപനങ്ങളും അടഞ്ഞ് കിടന്നു. സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില കുറവാണ്. കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നതിനാല്‍ ശബരിമല തീര്‍ത്ഥാടകരെയും മാരാമണ്‍ കണ്‍വെന്‍ഷനെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. ആക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പത്തനംതിട്ട നഗരത്തില്‍ പണിമുടക്ക് അനുകൂലികള്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഇടത് തൊഴിലാളി സംഘടനകള്‍ പത്തനംതിട്ട ഗാന്ധി സ്‌ക്വയറിലും കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ പോസ്‌റ്റാഫീസ് പടിക്കലും പ്രതിഷേധ യോഗങ്ങള്‍ സംഘടിച്ചു.
രാജ്യത്തുടനീളം തൊഴിലാളികള്‍ നടത്തിയ പണിമുടക്കില്‍ സംസ്‌ഥാന ജീവനക്കാരും അധ്യാപകരും പങ്കെടുത്തതായി എന്‍.ജി.ഓ യൂണിയന്‍ . ജില്ലയില്‍ മിക്ക സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞു കിടന്നു. നാമമാത്രമായ ജീവനക്കാര്‍ മാത്രമാണ് ഹാജരായത്.ജില്ലാ ട്രഷറി, ജില്ലാ പഞ്ചായത്ത്, ജില്ലാ മെഡിക്കല്‍ ഓഫീസ്, തദ്ദേശസ്വയംഭരണ ജോയിന്‍റ് ഡയറക്‌റാഫീസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസ് തിരുവല്ല,ജില്ലാ പട്ടികജാതി വികസന ഓഫീസ്, ജില്ലാ രജിസ്‌ട്രാര്‍ ഓഫീസ്, സഹകരണ ജോ: രജിസ്‌ട്രാര്‍ ഓഫീസ്,ജില്ലാ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഓഫീസ്, ജില്ലാ പ്ലാനിങ്ങ് ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്. ജില്ലാ സര്‍വ്വേ ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, ജില്ലാ ഫോം സേ്‌റ്റാര്‍, തിരുവല്ല ആര്‍.ഡി.ഒ. ഓഫീസ്, തുടങ്ങിയവ പൂര്‍ണ്ണമായും അടഞ്ഞുകിടന്നു.
ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ സംയുക്‌ത സമരസമിതിയുമായി ചേര്‍ന്ന് പ്രകടനം നടത്തി. ട്രേഡ് യൂണിയന്‍ സംയുക്‌ത സമരസമിതി ആഹ്വാനം ചെയ്‌ത അഖിലേന്ത്യ പണിമുടക്കിന് ഐക്യദാര്‍ഢ്യം അറിയിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നേതൃത്വത്തില്‍ സമരവേദികളിലെത്തി. കെയുഡബ്ല്യുജെ സംസ്‌ഥാന സമിതിയംഗം ബോബി ഏബ്രഹാം സമരവേദികളില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്‍റ് ബിജു കുര്യന്‍, സെക്രട്ടറി ജി. വിശാഖന്‍, ട്രഷറാര്‍ എസ്. ഷാജഹാന്‍, ജില്ലാ എക്‌സിക്യൂട്ടീവംഗം സുമേഷ് കുമാര്‍, സി.ആര്‍. ദീപു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കര്‍ഷകരുടെയും തൊഴിലാളികളുടെയും ആനുകൂല്യങ്ങള്‍ നിഷേധിച്ചും, അവകാശങ്ങള്‍ കവര്‍ന്നും നടത്തുന്ന ഭരണമാണ് കേന്ദ്രത്തില്‍ നടക്കുന്നതെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴിലാളി,കര്‍ഷക, ജനദ്രോഹ നയങ്ങള്‍ ക്കെതിരെ ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച പൊതുപണിമുടക്കിന്റെ ഭാഗമായി പത്തനംതിട്ട ഹെഡ് പോസ്‌റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
പന്തളം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ജന ദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്‌ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി പന്തളത്ത് പ്രകടനവും പൊതുസമ്മേളനവും നടത്തി. പ്രകടനത്തിന് സമാപനം കുറിച്ചുള്ള പൊതുസമ്മേളനം എസ്. അജയകുമാറിന്റെ അധ്യക്ഷതയില്‍ സി. പി എം. ഏരിയാ സെക്രട്ടറി ആര്‍. ജ്യോതികുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. വി. പി രാജേശ്വരന്‍ നായര്‍ ,എം ബി പ്രഭാവതി, എസ്, കൃഷ്‌ണകുമാര്‍ , ലസിത നായര്‍, എം. ആര്‍ കൃഷ്‌ണകുമാരി , പ്രമോദ് കണ്ണങ്കര , വി സതീഷ് കുമാര്‍ , എം. രാജന്‍, എസ് അരുണ്‍ , സാബിറ എന്നിവര്‍ പ്രസംഗിച്ചു.